11 July 2025, 07:57 PM IST

Photo: x.com/IndSuperLeague
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.
റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തിപ്പുകാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണത്തെ സീസണ്‍ മാറ്റിവെയ്ക്കാനുള്ള തീരുമാനം. കരാര്‍ പുതുക്കാതെ ഐഎസ്എല്‍ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. എന്നാല്‍, എഫ്എസ്ഡിഎല്‍ ഇതുസംബന്ധിച്ച് ഫെഡറേഷനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
ഫെഡറേഷനും എഫ്എസ്ഡിഎലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും നടന്നിരുന്നില്ല. കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്എസ്ഡിഎലിന് ലഭിക്കും.
ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി. ഇതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 സീസണിനായുള്ള വാര്‍ഷിക കലണ്ടറില്‍ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാര്‍ക്കുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്എല്ലിനെ മത്സര കലണ്ടറില്‍ ഉള്‍പ്പെടുത്താതിരുന്നത്.
കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവല്‍കരിച്ച് ഐഎസ്എല്‍ നടത്താനാണ് എഫ്എസ്ഡിഎലിന് താല്‍പര്യമെന്നും സൂചനയുണ്ടായിരുന്നു. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബ്ബുകള്‍ക്കാവും. എഫ്എസ്ഡിഎലിന് 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം. ക്ലബ്ബുകള്‍ക്കും എഫ്എസ്ഡിഎലിനും എഐഎഫ്എഫിനും ഉടമസ്ഥാവകാശമുള്ള വിധത്തില്‍ ഐഎസ്എലിന്റെ ഓഹരികള്‍ വീതിക്കാന്‍ ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ലബ്ബുകള്‍ക്ക് കൂടുതല്‍ സംപ്രേഷണ വരുമാനം ലഭിക്കുന്ന തരത്തിലാകും ഇത്. ഇക്കാര്യത്തില്‍ ധാരണയായതിനു ശേഷം മതി പുതിയ സീസണ്‍ എന്നാണ് സംഘാടകരുടെ നിലപാട്.
Content Highlights: The Indian Super League (ISL) play has been indefinitely postponed








English (US) ·