Published: August 27, 2025 10:48 AM IST
1 minute Read
ന്യൂഡൽഹി ∙ ഒന്നരമാസത്തെ ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഒക്ടോബർ 24ന് ഐഎസ്എൽ ഫുട്ബോൾ പന്ത്രണ്ടാം സീസണ് തുടക്കമാകുമെന്ന് സൂചന. ഒക്ടോബർ അവസാനത്തോടെ മത്സരങ്ങൾ തുടങ്ങാൻ കഴിയും വിധം വേദികളുടെ ലഭ്യത പരിശോധിക്കാൻ ക്ലബ്ബുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്നലെ നിർദേശം നൽകി.
ലീഗിന്റെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ (എംആർഎ) കാര്യത്തിൽ ഈ സീസൺ അവസാനം വരെ തൽസ്ഥിതി തുടരാൻ എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) ധാരണയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ക്ലബ്ബുകൾക്കുള്ള നിർദേശവുമെത്തിയത്.
തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിൽ ധാരണയായ തീരുമാനങ്ങളും ഈ സീസണിലെ ലീഗ് നടത്തിപ്പിനായുള്ള നിർദേശങ്ങളും ഫെഡറേഷൻ നാളെ സുപ്രീംകോടതിയെ അറിയിക്കും. ഇതിനു മുൻപ് എഫ്ഡിഎസ്എലുമായുള്ള അവസാന യോഗം ഇന്നു നടക്കും. ഐഎസ്എൽ എന്നു തുടങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനം യോഗത്തിനു ശേഷമുണ്ടാകും.
ഐഎസ്എൽ കരാർ സംബന്ധിച്ച് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കകം പരിഹാരം കാണണമെന്ന സുപ്രീംകോടതി നിർദേശമാണ് നിർണായകമായത്. കരാർ കാലാവധി ദീർഘ കാലത്തേക്ക് ആക്കണമെന്നും എഐഎഫ്എഫുമായി പ്രോഫിറ്റ് ഷെയറിങ് രീതി വേണമെന്നുമായിരുന്നു എഫ്എസ്ഡിഎലിന്റെ ആവശ്യം. എന്നാൽ ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള കേസിൽ വിധി വരുന്നതുവരെ നിലവിലുള്ള അതേ വ്യവസ്ഥകൾ തുടരാനായിരുന്നു എഐഎഫ്എഫിനു താൽപര്യം.
മത്സരഘടന മാറും
പുതിയ സീസൺ ഐഎസ്എലിനു വേദികൾ കുറവായിരിക്കും. ഒക്ടോബർ അവസാനം മത്സരങ്ങൾ ആരംഭിച്ച് മാർച്ച്–ഏപ്രിൽ മാസങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനാണ് നിലവിലെ ധാരണ. ചെലവ് കുറയ്ക്കാനാണ് ഈ ക്രമീകരണം. കൊച്ചി ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിൽ നടക്കേണ്ട ഹോം മത്സരങ്ങളുടെ കാര്യം എന്താകുമെന്ന് ആശങ്കയുണ്ട്. കൂടാതെ, ഐഎസ്എൽ സംപ്രേഷണാവകാശം ജിയോ ഹോട്സ്റ്റാറിനു പകരം മറ്റൊരു പ്ലാറ്റ്ഫോമിന് നൽകുമെന്നും സൂചനയുണ്ട്.
ഐഎസ്എലിനു മുൻപ് സൂപ്പർ കപ്പ് നടത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും ക്ലബ്ബുകളുടെ എതിർപ്പിനെത്തുടർന്ന് ഇത് ഉപേക്ഷിച്ചു. കഴിഞ്ഞ സീസണിലെ ഐ ലീഗ് കിരീടജേതാക്കളായ ഇന്റർ കാശി സ്ഥാനക്കയറ്റം ലഭിച്ച് പുതിയ ഐഎസ്എൽ സീസണിൽ മത്സരിക്കും.
English Summary:









English (US) ·