Published: January 01, 2026 09:22 AM IST Updated: January 01, 2026 12:22 PM IST
1 minute Read
ന്യൂഡൽഹി ∙ ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോളിൽ ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യപ്പെട്ട് സംഘാടകരായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കത്തയച്ചു. ഐഎസ്എലിന്റെ ആസൂത്രകരായിരുന്ന, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് കരാർ പുതുക്കാൻ തയാറാകാത്തതിനാൽ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ ഫെഡറേഷൻ നേരിട്ടാണ് ലീഗ് സംഘടിപ്പിക്കുന്നത്.
2 വേദികളിൽ മാത്രമായി ചുരുക്കി സംഘടിപ്പിക്കുന്ന ഐഎസ്എൽ ടൂർണമെന്റിനുള്ള പങ്കാളിത്തം ക്ലബ്ബുകൾ ഇന്നു ഫെഡറേഷനെ അറിയിക്കാനാണ് നിർദേശം. ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പാക്കിയ ശേഷം മത്സരക്രമം തീരുമാനിക്കും. 14 ഐഎസ്എൽ ക്ലബ്ബുകളെ 2 ഗ്രൂപ്പുകളാക്കി തിരിച്ച് ഗോവയിലും കൊൽക്കത്തയിലുമായി ആദ്യ റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലും ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കും.
ഓരോ ഗ്രൂപ്പിലെയും മികച്ച 4 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക്. ഫൈനൽ റൗണ്ടിലെ മത്സരങ്ങളിൽനിന്ന് ഐഎസ്എൽ ജേതാക്കളെ കണ്ടെത്തുന്ന രീതിയിലാണ് ഈ വർഷത്തെ ലീഗിന്റെ ഘടന പ്ലാൻ ചെയ്യുന്നത്.
ഫെബ്രുവരിയിൽ മത്സരങ്ങൾ തുടങ്ങും. അടുത്ത സീസൺ മുതൽ പതിവു ലീഗ് ഘടനയിലാവും ഐഎസ്എൽ നടത്തുക. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തെത്തുന്ന ടീം ഐ ലീഗിലേക്കു തരംതാഴ്ത്തപ്പെടുകയും ഐ ലീഗ് ചാംപ്യന്മാർക്ക് ഐഎസ്എലിലേക്കു പ്രമോഷൻ നൽകുകയും ചെയ്യുന്നതാണ് അടുത്ത സീസൺ മുതലുള്ള മത്സരഘടന.
English Summary:








English (US) ·