Published: November 12, 2025 03:36 PM IST
1 minute Read
ന്യൂഡൽഹി ∙ ‘ഞങ്ങൾക്ക് ഫുട്ബോൾ കളിക്കണം’– ഐഎസ്‌എൽ ഫുട്ബോളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യമുയർത്തി സംയുക്ത പ്രസ്താവനയുമായി ഫുട്ബോൾ താരങ്ങൾ. മുൻനിര താരങ്ങളായ സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, രാഹുൽ ഭീകെ, ലാലിയൻസുവാല ഛാങ്തെ, സന്ദേശ് ജിങ്കാൻ, സഹൽ അബ്ദുൽ സമദ്, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം അഡ്രിയൻ ലൂണ തുടങ്ങിയവരാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യമുന്നയിച്ചത്.
‘ഇത്രയും കാലത്തെ ഞങ്ങളുടെ പ്രയത്നവും സമർപ്പണവുമെല്ലാം അപ്രത്യക്ഷമാകാൻ പോവുകയാണ്. ഇന്ത്യയിലെ ഫുട്ബോൾ ഭരണകർത്താക്കൾ ഉണരണം. എത്രയും വേഗം ഫുട്ബോൾ സീസൺ ആരംഭിക്കണം. കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, മറ്റു ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നു തുടങ്ങി എല്ലാവരും ബുദ്ധിമുട്ടിലാണ് ’’– ഇന്ത്യൻ ഫുട്ബോളർ സന്ദേശ് ജിങ്കാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
മറ്റു താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തുറന്ന കത്തിലും ഇതേ അഭ്യർഥനയാണുള്ളത്. ‘‘ഇന്ത്യയിലെ ഫുട്ബോൾ രംഗം നിയന്ത്രിക്കുന്ന എല്ലാവരോടുമുള്ള അപേക്ഷയാണിത്, എങ്ങനെയെങ്കിലും ഫുട്ബോൾ ആരംഭിക്കു. രാജ്യത്തിനിപ്പോൾ മുൻപത്തെക്കാളുപരി മത്സര ഫുട്ബോൾ ആവശ്യമുള്ള സമയമാണ്. ഞങ്ങളെ ഇഷ്ടപ്പെടുന്ന കുടുംബത്തിനും ആരാധകർക്കും വേണ്ടി ഫുട്ബോൾ തുടർന്നും കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എന്നാൽ അതിനു സാധിക്കാത്തതിന്റെ ദേഷ്യവും നിരാശയും ഇപ്പോൾ ആശങ്കയായി മാറിയിരിക്കുകയാണ്. ഞങ്ങളുടെ ഈ ആവേശവും സത്യസന്ധതയും ഫുട്ബോൾ നിയന്ത്രിക്കുന്നവരിൽ നിന്നുമുണ്ടാകണമെന്ന് അഭ്യർഥിക്കുകയാണ്. കുറേനാളുകളായി ഇരുട്ടിലകപ്പെട്ട ഞങ്ങൾക്ക് അൽപം വെളിച്ചം പകരണം.’ താരങ്ങൾ സംയുക്ത പ്രസ്താവനയിൽ കുറിച്ചു.
എന്നാൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കുറിപ്പിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഐഎസ്എലിനു സ്പോൺസറെ കണ്ടെത്താനുള്ള ടെൻഡർ വീണ്ടും വിളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചെങ്കിലും ഇന്നലെയും നടപടിയുണ്ടായില്ല.
English Summary:








English (US) ·