Published: March 29 , 2025 08:11 AM IST
1 minute Read
ബെംഗളൂരു ∙ രണ്ടാംപാദവും എവേ ഗോളുമൊന്നും ഇല്ല; ജയിക്കുന്ന ടീം നേരേ സെമിയിൽ. ഐഎസ്എൽ ഫുട്ബോൾ പ്ലേഓഫിൽ ഇന്ന് മത്സരിക്കുമ്പോൾ ബെംഗളൂരു എഫ്സിക്കും മുംബൈ സിറ്റി എഫ്സിക്കും മുന്നിലുള്ള സമവാക്യം ലളിതമാണ്. ഒപ്പം കടുപ്പവും– തിരിച്ചുവരാൻ മറ്റൊരു അവസരമില്ലല്ലോ! ബെംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരത്തിനു കിക്കോഫ്. സ്റ്റാർ സ്പോർട്സ് 3യിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
നാളെ ഷില്ലോങ്ങിൽ നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. പ്രാഥമിക ഘട്ടത്തിൽ 3 മുതൽ 6 വരെ സ്ഥാനങ്ങളിലെത്തിയവർ തമ്മിലാണ് സെമിഫൈനൽ ബെർത്തിനായുള്ള പ്ലേഓഫ് മത്സരങ്ങൾ. ആദ്യ 2 സ്ഥാനക്കാരായ മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ട് സെമിയിലെത്തിയിരുന്നു.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായതു കൊണ്ടാണ് ബെംഗളൂരുവിന് ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം കിട്ടിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ബെംഗളൂരുവിനെ തന്നെ തോൽപിച്ച് 6–ാം സ്ഥാനക്കാരായാണ് മുംബൈ പ്ലേഓഫിലെത്തിയത്.
∙ കണക്കിലെ കളി
സ്പെയിൻകാരൻ ജെറാർദ് സരഗോസ പരിശീലിപ്പിക്കുന്ന ബെംഗളൂരുവിന്റെ മുന്നേറ്റനിരയും ചെക്ക് റിപ്പബ്ലിക്കുകാരൻ പീറ്റർ ക്രാറ്റ്കി പരിശീലകനായ മുംബൈയുടെ പ്രതിരോധവും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. ഓരോ 36 പാസുകൾക്കുള്ളിലും ഒരു ഷോട്ട് എന്നതാണ് ഈ സീസണിൽ ബെംഗളൂരുവിന്റെ ആക്രമണക്കണക്ക്. എല്ലാ ടീമുകളെയും പരിഗണിച്ചാലും ഏറ്റവും മികച്ച പ്രകടനമാണിത്.
40–ാം വയസ്സിലും ഗോളടി മറക്കാത്ത സുനിൽ ഛേത്രി തന്നെയാണ് ബെംഗളൂരുവിന്റെ വലിയ പ്രതീക്ഷ. 12 ഗോളുകളുമായി ഈ സീസണിലെ ഇന്ത്യൻ ടോപ് സ്കോറർമാരിൽ ഒന്നാമനാണ് ഛേത്രി. ഐഎസ്എലിൽ പ്ലേഓഫ് മത്സരങ്ങളിൽ മാത്രം 8 ഗോളുകൾ നേടിയതിന്റെ റെക്കോർഡും ഛേത്രിയുടെ പേരിലുണ്ട്.
മറുവശത്ത് സീസണിൽ ഗോൾ വഴങ്ങാതെ 10 മത്സരങ്ങളാണ് മുംബൈ അതിജീവിച്ചത്. ക്ലീൻഷീറ്റ് കണക്കിൽ രണ്ടാമത്. പ്രതിരോധത്തിനൊപ്പം മുന്നേറ്റങ്ങൾക്കു തുടക്കമിടുന്നതിലും മികവു കാണിക്കുന്ന മെഹ്താബ് സിങ്ങാണ് അവരുടെ പ്രധാന താരങ്ങളിലൊരാൾ. ഓരോ മത്സരത്തിലും ശരാശരി 26 ഫോർവേഡ് പാസുകൾ എന്നതാണ് മെഹ്താബിന്റെ പേരിലുള്ള കളിക്കണക്ക്.
പന്തുകൾ അടിച്ചകറ്റുന്നതിലും (97 ക്ലിയറൻസുകൾ) പാസുകൾ പിടിച്ചെടുക്കുന്നതിലും (18 ഇന്റർസെപ്ഷനുകൾ) മെഹ്താബ് മികവു കാട്ടുന്നു.18ഐഎസ്എൽ ചരിത്രത്തിൽ ബെംഗളൂരുവും മുംബൈയും 18 തവണ ഏറ്റുമുട്ടിയപ്പോൾ 10 തവണയും വിജയം മുംബൈയ്ക്കായിരുന്നു. ബെംഗളൂരു 6 കളികൾ ജയിച്ചു. രണ്ടെണ്ണം സമനിലയായി.
English Summary:








English (US) ·