Published: October 17, 2025 10:47 AM IST
1 minute Read
ന്യൂഡൽഹി ∙ നിയമതടസ്സവും സ്പോൺസർഷിപ് തർക്കങ്ങളുമൊഴിഞ്ഞിട്ടും അനിശ്ചിതത്വം അവസാനിക്കാതെ ഐഎസ്എൽ ഫുട്ബോൾ. പുതിയ സംഘാടകരെ കണ്ടെത്താനുള്ള ടെൻഡർ സമയപരിധി ഒക്ടോബർ 15ന് അവസാനിച്ചിട്ടും നടപടികളുണ്ടാകാത്തതിൽ പ്രതിഷേധിച്ച് 10 ഐഎസ്എൽ ക്ലബ്ബുകൾ സംയുക്തമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനു കത്തയച്ചു. കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എന്നിവ ഒഴികെയുള്ള ക്ലബ്ബുകളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഒക്ടോബർ 15നു മുൻപ് ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നാണ് ഫെഡറേഷൻ അറിയിച്ചിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ടെൻഡറിനെക്കുറിച്ച് ഒരു പ്രതികരണവും ഫെഡറേഷനോ ലേലം നടത്താൻ നിയോഗിക്കപ്പെട്ട ഏജൻസിയായ കെപിഎംജിയോ നടത്തിയിട്ടില്ല. എഎഫ്സി ഏഷ്യൻ കപ്പിനു യോഗ്യത നേടാനാവാതെ ഇന്ത്യൻ ടീം പുറത്തായതിനു പിന്നാലെ ഫെഡറേഷൻ ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവവും.
ഡിസംബറിൽ ഐഎസ്എൽ ആരംഭിക്കുമെന്നു ഫെഡറേഷന്റെ ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് പരിശീലനം തുടങ്ങിയത്. 25ന് ഗോവയിൽ തുടങ്ങുന്ന സൂപ്പർ കപ്പിൽ പങ്കെടുക്കുന്നതും തുടർന്നുവരുന്ന ഐഎസ്എൽ സീസൺ മുന്നിൽ കണ്ടായിരുന്നു. എന്നാൽ, ലേല നടപടികൾ എന്നു തുടങ്ങുമെന്നോ അടുത്തപടി എന്താണെന്നോ വ്യക്തത വരുത്താൻ ഫെഡറേഷൻ തയാറാകാത്തത് വിശ്വാസ വഞ്ചനയാണ്. ലീഗ് ക്രമീകരണത്തിലെ സുതാര്യതയില്ലായ്മ ഫെഡറേഷനിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ക്ലബ്ബുകൾ കത്തിൽ പറയുന്നു.
ഐഎസ്എൽ സംഘാടകരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) പിന്മാറുകയും പുതിയ സ്പോൺസറെ കണ്ടെത്താൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തതോടെയാണ് പുതിയ ലേലത്തിനു ടെൻഡർ വിളിച്ചത്.
സൂപ്പർ കപ്പ്: റിയൽ കശ്മീരിനു പകരം ഡെംപോ ഗോവന്യൂഡൽഹി ∙ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽനിന്ന് ഐ ലീഗ് ടീമായ റിയൽ കശ്മീർ എഫ്സി പിന്മാറി. വിദേശ കളിക്കാർക്കു സമയത്തു വീസ ലഭിക്കാത്തതിനാലാണ് പിന്മാറ്റമെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. പകരം ഡെംപോ എഫ്സി സൂപ്പർ കപ്പിൽ കളിക്കും.
English Summary:









English (US) ·