Published: January 07, 2026 12:49 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കു പ്രണയദിന സമ്മാനം, മുടങ്ങിക്കിടന്ന ഐഎസ്എൽ ഫുട്ബോളിന് ഫെബ്രുവരി 14ന് കിക്കോഫ്. രണ്ടു വേദികൾ മാത്രം ഉൾപ്പെടുന്ന ലീഗിൽ 14 ക്ലബ്ബുകളും പങ്കെടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഫെഡറേഷൻ പ്രതിനിധികൾ, ക്ലബ്ബ് ഉടമകൾ എന്നിവരുമായി ഇന്നലെ കായിക മന്ത്രാലയം നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഐഎസ്എൽ പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഐഎസ്എൽ നടക്കുന്ന അതേകാലയളവിൽ തന്നെ ഐ ലീഗ് മത്സരങ്ങളും നടത്തും. 11 ക്ലബ്ബുകളാണ് ഐ ലീഗിൽ പങ്കെടുക്കുക.
മത്സരങ്ങൾ ഇങ്ങനെപുതിയ ഫോർമാറ്റ് പ്രകാരം ഐഎസ്എലിൽ 91 കളികളും ഐ ലീഗിൽ 55 മത്സരങ്ങളുമാണ് ഉണ്ടാകുക. എല്ലാ ടീമുകൾക്കും പരസ്പരം ഓരോ മത്സരം വീതം കളിക്കും. 14 ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടുമ്പോൾ 91 മത്സരങ്ങളാകും. എന്നാൽ ഇതിനുശേഷം ഏറ്റവുമധികം പോയിന്റ് ലഭിക്കുന്ന ടീം ലീഗ് ജേതാക്കളാവുമോ എന്നു വ്യക്തമല്ല. ഐഎസ്എലിന്റെ ഇതുവരെയുള്ള മാതൃകയിൽ പിന്നീട് നോക്കൗട്ട് മത്സരവും ഫൈനലും നടക്കുമോ എന്നതു മത്സരക്രമം വരുന്നതോടെ വ്യക്തമാകും.
ഗോവ, കൊൽക്കത്ത എന്നിവയാണു മത്സരവേദികൾ. പരമാവധി 90 ദിവസത്തിനുള്ളിൽ ലീഗ് അവസാനിക്കും വിധമാണ് മത്സരക്രമം തയാറാക്കുന്നത്. ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ മത്സരമുണ്ടാകില്ലെന്നും ഉറപ്പായി. കൂടാതെ രണ്ടു ലീഗുകളിലും തരംതാഴ്ത്തലും സ്ഥാനക്കയറ്റവും ഉണ്ടാകുമെന്നും എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു.
English Summary:








English (US) ·