Published: April 02 , 2025 06:29 PM IST
1 minute Read
മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടി കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ. അണ്ടർ 19 കരിയർ മുതൽ യശസ്വി മുംബൈ ടീമിന്റെ ഭാഗമായിരുന്നു. അടുത്ത സീസൺ മുതൽ ജയസ്വാൾ ഗോവയുടെ ക്യാപ്റ്റനായി കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ടീം മാറുന്നതിനു മുൻപ് ‘എൻഒസി’ അനുവദിക്കണമെന്ന് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അഭ്യർഥിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുന്‍ തെന്‍ഡുൽക്കർ നേരത്തേ മുംബൈ വിട്ട് ഗോവയിലേക്കു പോയിരുന്നു. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയായിരുന്നു അർജുന്റെ ടീം മാറ്റം. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ ജയ്സ്വാൾ, മുംബൈയ്ക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണു ജയ്സ്വാൾ ടീം വിടാൻ തീരുമാനമെടുത്തതെന്നാണു വിവരം.
ജയ്സ്വാൾ അടുത്ത സീസൺ മുതൽ ഗോവയ്ക്കു വേണ്ടി കളിക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ഷംബ ദേശായി സ്ഥിരീകരിച്ചു. ‘‘ജയ്സ്വാൾ ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗോവയിൽ അദ്ദേഹത്തിനു ക്യാപ്റ്റനായി കളിക്കാൻ സാധിക്കും. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം ഇറങ്ങുന്ന കാര്യം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.’’– ദേശായി വാർത്താ ഏജന്‍സിയായ പിടിഐയോടു പ്രതികരിച്ചു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്സ്വാളിന് ആദ്യ മൂന്നു മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താനായില്ല. മൂന്നു കളികളിൽനിന്ന് ആകെ 34 റൺസ് മാത്രമാണു താരം സ്വന്തമാക്കിയത്. പവർപ്ലേ ഓവറുകളിൽ തകർത്തടിക്കുന്ന രീതി തുടരാൻ സാധിക്കാത്തതു കഴിഞ്ഞ സീസണിലും താരത്തെ സമ്മർദത്തിലാക്കി. താരം 18 പ്രാവശ്യം കഴിഞ്ഞ സീസണിൽ ഔട്ടായപ്പോൾ അതിൽ എട്ടും ഇന്നിങ്സിലെ ആദ്യ മൂന്നോവറുകളിലായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമടക്കം 435 റൺസ് മാത്രമാണു ജയ്സ്വാൾ നേടിയത്.
English Summary:








English (US) ·