ഐപിഎലിനു ശേഷം വിശ്രമം വേണ്ട, ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് കൂടുതൽ പരിശീലനം; ഇന്ത്യൻ താരം നേരത്തേ ഇംഗ്ലണ്ടിലേക്കു പോകും

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 31 , 2025 05:22 PM IST

1 minute Read

 AFP
കെ.എൽ. രാഹുൽ ഐപിഎൽ മത്സരത്തിനിടെ. Photo: AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ടിലേക്കു പറക്കാനൊരുങ്ങി കെ.എൽ. രാഹുൽ. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രാഹുൽ ഉണ്ടെങ്കിലും നേരത്തേ തന്നെ ഇംഗ്ലണ്ടിലേക്കു പോകാനാണു രാഹുലിന്റെ തീരുമാനം. ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എയുടെ രണ്ടാം മത്സരത്തിൽ കളിപ്പിക്കണമെന്ന് രാഹുൽ ബിസിസിഐയോട് ആവശ്യപ്പെട്ടു. ഐപിഎലിനു ശേഷം വിശ്രമം വേണ്ടെന്നാണു താരത്തിന്റെ തീരുമാനം. പരമ്പരയിലെ ആദ്യ മത്സരത്തിന് വെള്ളിയാഴ്ച കാന്റർ‌ബറിയിൽ തുടക്കമായിരുന്നു.

തിങ്കളാഴ്ച ഇംഗ്ലണ്ടിലേക്കു പറക്കുന്ന രാഹുൽ, രണ്ടാം ടെസ്റ്റിൽ ഇന്ത്യ എ ടീമിനു വേണ്ടി ഇറങ്ങാൻ താൽപര്യമുണ്ടെന്ന് ബിസിസിഐയെയും ചീഫ് സിലക്ടർ അജിത് അഗാർക്കറെയും അറിയിച്ചിട്ടുണ്ട്.‘‘രാഹുലിന് സീനിയർ ടീമിൽ അഞ്ച് ടെസ്റ്റുകൾ കളിക്കാനുള്ളതാണ്. അൺ ഒഫിഷ്യൽ മത്സരങ്ങളിലൂടെ അദ്ദേഹത്തിനു കൂടുതൽ ഗെയിം ടൈമും പരിശീലനവും ലഭിക്കും.’’– ബിസിസിഐ ഉന്നതൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ജൂൺ ആറിനാണ് ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള രണ്ടാം മത്സരം. അതിനു ശേഷം ഇന്ത്യൻ സീനിയർ ടീമുമായും ഇന്ത്യ എയ്ക്ക് സൗഹൃദ മത്സരമുണ്ട്. ജൂൺ 20ന് ലീഡ്സിലാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം. ഐപിഎലിൽ രാഹുൽ കളിച്ച ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതായാണ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച ഡൽഹി ആറു കളികൾ തോറ്റു.

English Summary:

KL Rahul Sends Sudden England Tour Message To BCCI After IPL Heartbreak

Read Entire Article