ഐപിഎലിലെ കോടികൾ, സൂപ്പർ താരങ്ങൾക്കൊപ്പം മത്സരങ്ങൾ: യുവതാരങ്ങൾ ഭ്രമിച്ചുപോകുന്നെന്ന് ഗാവസ്കർ

8 months ago 6

ഓൺലൈൻ ഡെസ്ക്

Published: May 06 , 2025 05:58 PM IST

1 minute Read

Gavaskar PTI
സുനിൽ ഗാവസ്കർ

മുംബൈ∙ ഇന്ത്യൻ യുവതാരങ്ങളിൽ പലരും ഐപിഎലിലൂടെ ലഭിക്കുന്ന കോടികളിൽ ഭ്രമിച്ച് കരിയർ നശിപ്പിക്കുകയാണെന്നു മുൻ‌ ഇന്ത്യൻ താരം സുനില്‍ ഗാവസ്കർ. ‘‘പെട്ടെന്നു കോടിപതികളാകുന്ന താരങ്ങൾ അധികവും അതിൽ തന്നെ ഭ്രമിച്ചുപോകുകയാണ്. പെട്ടെന്നുണ്ടാകുന്ന ഭാഗ്യവും, ജീവിതത്തിൽ കാണാൻ സാധിക്കുമെന്നു പോലും പ്രതീക്ഷിക്കാത്ത താരങ്ങളുമായി കളിക്കാൻ അവസരം ലഭിക്കുന്നതുമൊക്കെ താരങ്ങളെ ബാധിച്ചേക്കാം. ഇതിൽ പല താരങ്ങളും അവരുടെ സംസ്ഥാനത്തെ മികച്ച 30 കളിക്കാരുടെ പട്ടികയിൽ പോലും ഉണ്ടാകണമെന്നില്ല.’’- ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘അൺകാപ്ഡ്’ നിയമത്തിനെതിരെയും ഗാവസ്കർ തുറന്നടിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ അവസാന മത്സരം കളിച്ച് നാലു വർഷത്തിലേറെയായ താരങ്ങളെ ‘അൺകാപ്ഡ‍്’ ആയി പരിഗണിക്കുന്ന രീതി ഐപിഎല്‍ മെഗാതാരലേലത്തിനു മുൻപാണു കൊണ്ടുവന്നത്. ഇത്തരം താരങ്ങളെ നാലു കോടി രൂപയ്ക്ക് ഫ്രാഞ്ചൈസികൾക്കു നിലനിർത്താം. ചെന്നൈ സൂപ്പര്‍ കിങ്സിന് എം.എസ്. ധോണിയെ നിലനിർത്തുന്നതിനു വേണ്ടിയാണ് ഇത്തരം നയംമാറ്റം സംഘാടകർ കൊണ്ടുവന്നതെന്ന് ആരോപണമുയർന്നിരുന്നു.

ഈ നിയമം ഇന്ത്യൻ ക്രിക്കറ്റിനെ മോശം രീതിയിൽ ബാധിക്കുമെന്ന് ഗാവസ്കർ പ്രതികരിച്ചു. അണ്‍കാപ്ഡ് താരങ്ങളെ നാലു കോടി രൂപ വരെ നൽകി നിലനിർത്തുന്ന രീതി താരങ്ങളുടെ പോരാട്ട വീര്യം കുറയ്ക്കുമെന്നാണ് ഗാവസ്കറുടെ നിലപാട്. ‘‘വലിയ തുകയ്ക്ക് വാങ്ങിയ പല കളിക്കാരുടെയും പോരാട്ട വീര്യം കുറയുകയാണ്. ഇത്രയും വലിയ തുക നൽകി താരങ്ങളെ നിലനിർത്തുന്നത് ഫ്രാഞ്ചൈസികൾക്കു പ്രശ്നമല്ല. പക്ഷേ ഒരു താരത്തെ നഷ്ടമാകുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനെയാണു ബാധിക്കുന്നത്. ലേലത്തിനു മുൻപ് അൺകാപ്‍ഡ് താരമായ ധോണിയെ ഉൾക്കൊള്ളുന്നതിനു വേണ്ടിയാണ് തുക നാലു കോടിയാക്കിയത്.’’- ഗാവസ്കർ വ്യക്തമാക്കി.

English Summary:

Sunil Gavaskar Slams IPL Rule 'To Accomodate MS Dhoni' As Threat To Indian Cricket's Future

Read Entire Article