ഐപിഎലിൽ 604 റൺസ്, ചാംപ്യൻസ് ട്രോഫിയിൽ ടോപ് സ്കോറർ; ഇന്ത്യൻ ടീമിലെത്താൻ ഇനിയുമെന്തു ‌നേടണം, ശ്രേയസ്!

5 months ago 6

മനോരമ ലേഖകൻ

Published: August 20, 2025 09:22 AM IST

1 minute Read

ശ്രേയസ് അയ്യർ (ഫയൽ ചിത്രം).
ശ്രേയസ് അയ്യർ (ഫയൽ ചിത്രം).

മുംബൈ ∙ കഴിഞ്ഞ 2 ഐപിഎൽ സീസണുകളിലും ഫൈനൽ കളിച്ച ക്യാപ്റ്റൻ, കഴിഞ്ഞ ഐപിഎലിൽ 17 മത്സരങ്ങളിൽ 604 റൺസ്. അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെയിൽ 8 മത്സരങ്ങളിൽ 345 റൺസ്.... ട്വന്റി20 ക്രിക്കറ്റിലെ ഉജ്വല ഫോമിന്റെ ബാറ്റുയർത്തിക്കാട്ടി ഇന്ത്യൻ താരം ശ്രേയസ് അയ്യർ സിലക്ടർമാരോട് ചോദിക്കുന്നു; ഇനിയെന്തു നേടണം ഞാൻ?

കഴിഞ്ഞ ഐപിഎലിൽ ബാറ്റിങ് ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും ശുഭ്മൻ ഗില്ലിനെക്കാൾ മുന്നിലായിരുന്നു ശ്രേയസിന്റെ സ്ഥാനമെങ്കിലും ഏഷ്യാ കപ്പ് ടീമിലെ സ്റ്റാൻഡ് ബൈ ലിസ്റ്റിൽപോലും ശ്രേയസിന്റെ പേരില്ല.

2023ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ജഴ്സിയിൽ അവസാന ട്വന്റി20 മത്സരം കളിച്ചത്. ആ മത്സരത്തിൽ 37 പന്തിൽ 53 റൺസ് നേടി കരുത്തുകാട്ടിയ താരത്തെ പിന്നിടൊരിക്കലും ഇന്ത്യ ട്വന്റി20യ്ക്കു വിളിച്ചില്ല. വിജയ് ഹസാരെ ടൂർണമെന്റിൽ 2024ൽ ജേതാക്കളായ മുംബൈ ടീമിൽ അംഗമായിരുന്ന ശ്രേയസ് ഐപിഎലിൽ 50.3 ശരാശരിയി‍ൽ 175 സ്ട്രൈക്ക് റേറ്റിലാണ് 604 റൺസ് നേടിയയത്. 6 അർധ സെഞ്ചറികളും ഇതിലുണ്ട്.

ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിലെ ടോപ് സ്കോറർ (243 റൺസ്) എന്ന അയ്യരുടെ നേട്ടവും ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിൽ സിലക്ടർമാർ പരിഗണിച്ചില്ല. സ്പിൻ ബോളർമാരെ അനായാസം നേരിടുന്ന ശ്രേയസ് അയ്യർക്കു ദുബായിലെ പിച്ചിൽ മികച്ച ബാറ്റിങ് റെക്കോർഡാണുള്ളത്.

‘ശ്രേയസ് അയ്യരെ ടീമിലേക്കു പരിഗണിക്കാത്തത് മികവില്ലായ്മ കൊണ്ടല്ല. തഴഞ്ഞത് ഞങ്ങളുടെയും കുറ്റമല്ല. 15 അംഗ ടീമിൽ ശ്രേയസിനെ എവിടെ കളിപ്പിക്കുമെന്ന് പറയൂ– ശ്രേയസിനെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളിൽ ചീഫ് സിലക്ടർ അജിത് അഗാർക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

എന്നാൽ, സ്റ്റാൻഡ് ബൈ താരങ്ങളുടെ ലിസ്റ്റിൽ പോലും ശ്രേയസിനെ ഉൾപ്പെടുത്താത്തതിൽ മറുപടിയുണ്ടായില്ല. 15 അംഗ ടീമിൽ 2 വിക്കറ്റ് കീപ്പർമാരുണ്ടായിരിക്കെ മൂന്നാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേൽ സ്റ്റാൻഡ് ബൈ ടീമി‍ൽ ഇടംനേടുകയും ചെയ്തു.

English Summary:

Beyond Numbers: Decoding Shreyas Iyer's Asia Cup Selection Dilemma

Read Entire Article