Published: April 04 , 2025 07:36 AM IST Updated: April 04, 2025 07:43 AM IST
1 minute Read
മുംബൈ∙ 10 ഓവറിൽ 112 റൺസ്, ഒരു വിക്കറ്റ്! ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ സീസണിലെ ഇതുവരെയുള്ള ബോളിങ് പ്രകടനമാണിത്. കറങ്ങിത്തിരിയുന്ന പന്തുകൾക്കൊണ്ട് എതിർ ടീമിന്റെ റണ്ണൊഴുക്ക് പിടിച്ചുനിർത്തിയിരുന്ന അഫ്ഗാൻ ലെഗ് സ്പിന്നർ, ഇത്തവണ പ്രതിഭയുടെ നിഴൽ മാത്രമാണ്. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധ നേടിയ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതാണ് ഇത്തവണ റാഷിദ് ഖാന്റെ ഏറ്റവും മികച്ച പ്രകടനം.
ഈ മത്സരത്തിൽ പഞ്ചാബ് ഓപ്പണർ പ്രിയാൻഷ് ആര്യയെയാണ് റാഷിദ് ഖാൻ പുറത്താക്കിയത്. 23 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 47 റൺസെടുത്ത താരത്തിന്റെ വിക്കറ്റാണ്, സീസണിൽ റാഷിദ് ഖാന്റെ ഇതുവരെയുള്ള ഏക വിക്കറ്റ്! മിക്ക ബോളർമാരും കൂട്ടത്തോടെ ‘അടി വാങ്ങിയ’ ഈ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത് എന്നു പറയാം.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം മത്സരത്തിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രണ്ട് ഓവർ മാത്രമാണ് റാഷിദ് ഖാന് ബോൾ ചെയ്യാൻ ലഭിച്ചത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത റാഷിദിന്റെ സഹതാരം പ്രസിദ്ധ് കൃഷ്ണയായിരുന്നു ഈ കളിയിൽ മാൻ ഓഫ് ദ് മാച്ചായത്.
ബുധനാഴ്ച ഗുജറാത്ത് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിനെതിരെ 8 വിക്കറ്റ് വിജയം നേടിയെങ്കിലും റാഷിദ് ഖാൻ നിരാശപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 4 വിക്കറ്റ് നഷ്ടത്തിൽ 80ൽ നിൽക്കെയാണ് 12–ാം ഓവറിൽ റാഷിദ് ഖാൻ പന്തെറിയാനെത്തുന്നത്. കഴിഞ്ഞ 2 ഐപിഎൽ സീസണുകളിലായി ലെഗ് സ്പിന്നർമാർക്കെതിരെ 9.6 മാത്രം ശരാശരിയുള്ള ഇംഗ്ലിഷ് ബാറ്റർ ലിയാം ലിവിങ്സ്റ്റനെ റാഷിദ് വീഴ്ത്തുമെന്നായിരുന്നു ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കണക്കുകൂട്ടൽ. എന്നാൽ, ലിവിങ്സ്റ്റൻ 17 പന്തിൽ 5 സിക്സടക്കം റാഷിദിനെതിരെ നേടിയത് 39 റൺസ്. ജിതേഷ് ശർമയും ടിം ഡേവിഡുമെല്ലാം ആക്രമിച്ചപ്പോൾ റാഷിദ് 4 ഓവറിൽ ആകെ വഴങ്ങിയത് 54 റൺസ്.
English Summary:








English (US) ·