ഐപിഎലിൽ ‘ഇഴഞ്ഞ’ പഞ്ചാബ് താരങ്ങൾ യുഎസിൽ എന്തൊരടി; 49 പന്തിൽ 106 റൺസുമായി മാക്സ്‌വെൽ, 25 പന്തിൽ 59 റൺസുമായി ബാർട്‌ലെറ്റ്!

7 months ago 7

ഓക്‌ലൻഡ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇത്തവണ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സ് നിരയിലുണ്ടായിട്ടും തിളങ്ങാനാകാതെ പോയ രണ്ട് ഓസീസ് താരങ്ങൾ യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടുന്നു. പഞ്ചാബ് കിങ്സ് ഏറെ പ്രതീക്ഷയോടെ താരലേലത്തിൽ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷയ‌്ക്കൊത്ത് ഉയരാനാകാതെ പോയ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ, പേസ് ബോളർ സേവ്യർ ബാർട്‌ലെറ്റ് എന്നിവരാണ് യുഎസിലെത്തിയപ്പോൾ തകർപ്പൻ പ്രകടനവുമായി കരുത്തുകാട്ടുന്നത്.

ലീഗിൽ എംഐ ന്യൂയോർക്കിന്റെ താരമായ ബാർട്‌ലെറ്റ് ട്വന്റി20 കരിയറിലെ തന്നെ തന്റെ ആദ്യ അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായപ്പോൾ, ഇടവേളയ്ക്കു ശേഷം വാഷിങ്ടൻ ഫ്രീഡത്തിന്റെ നായകൻ കൂടിയായ മാക്സ്‌വെൽ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ചു.

സാൻ ഫ്രാൻസിസ്കോ യുണികോൺസിനെതിരായ മത്സരത്തിലാണ് ബാർട്‌ലെറ്റ് ടീമിന്റെ വിജയശിൽപിയായത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സാൻ ഫ്രാൻസിസ്കോ നിശ്ചിത 20 ഓവറിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ്. നാല് ഓവറിൽ 32 റൺസ് വഴങ്ങി ഭേദപ്പെട്ട ബോളിങ് പ്രകടനം പുറത്തെടുത്ത ബാർട്‌ലെറ്റ്, പിന്നീട് 25 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലുമെത്തിച്ചു. നാലു ഫോറും അഞ്ച് സിക്സുകളും ഉൾപ്പെടുന്നതാണ് താരത്തിന്റെ കന്നി ട്വന്റി20 അർധസെഞ്ചറി.

ട്രെന്റ് ബോൾട്ടും നവീൻ ഉൾ ഹഖും പൊള്ളാർഡും മൈക്കൽ ബ്രേസ്‌വെലും ഉൾപ്പെടുന്ന ബോളിങ് നിരയ്‌ക്കെതിരെയായിരുന്നു ബാർട്‌ലെറ്റിന്റെ അർധസെ‍ഞ്ചറി പ്രകടനം. കളിയിലെ കേമനായതും ബാർ‌‌‌ട്‌ലെറ്റഅ തന്നെ. ഐപിഎലിൽ ഇത്തവണ പഞ്ചാബ് നിരയിൽ നാലു മത്സരങ്ങളിൽ അവസരം ലഭിച്ച താരമാണ് ബാർട്‌ലെറ്റ്. ഇത്രയും മത്സരങ്ങളിൽനിന്ന് നേടാനായത് രണ്ടു വിക്കറ്റ് മാത്രം. ഇതോടെയാണ് താരത്തെ പ്ലേയിങ് ഇലവനിൽനിന്ന് തഴഞ്ഞത്.

അതേസമയം, ലീഗിൽ വാഷിങ്ടൻ ഫ്രീഡത്തിന്റെ നായകനായ മാക്സ്‌വെൽ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമാണ് വിശ്വരൂപം പുറത്തെടുത്തത്. സാൻ ഫ്രാൻസിസ്കോയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ നാലു പന്തിൽ അഞ്ച് റൺസുമായി പുറത്തായ താരം, സീറ്റിൽ ഓർകാസിനെതിരെ 20 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 38 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ലൊസാഞ്ചലസ് നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ചത്. മത്സരത്തിൽ സുനിൽ നരെയ്നും ആന്ദ്രെ റസ്സലും ജെയ‌്സൻ ഹോൾഡറും ഉൾപ്പെടുന്ന ബോളിങ് നിരയ്‌ക്കെതിരെ 49 പന്തിൽ 106 റൺസാണ് മാക്സ്‌വെൽ അടിച്ചുകൂട്ടിയത്. രണ്ടു ഫോറും 13 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന ഇന്നിങ്സ്. ഇതോടെ വാഷിങ്ടൻ ടീം അടിച്ചുകൂട്ടിയത് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ്. 

ഐപിഎലിൽ ഇത്തവണ ഏഴു മത്സരങ്ങളിൽ പഞ്ചാബിനായി കളത്തിലിറങ്ങിയ മാക്സ്‌വെൽ, ആകെ നേടിയത് 48 റൺസാണ്. ഉയർന്ന സ്കോർ 30. നേടിയത് ഒരേയൊരു സിക്സ്. ബോളിങ്ങിൽ ആകെ നേടിയത് നാലു വിക്കറ്റ്. അഞ്ച് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തത് മികച്ച പ്രകടനം.

English Summary:

From IPL Flops to MLC Stars: Maxwell and Bartlett's American Dream

Read Entire Article