Published: June 17 , 2025 04:51 PM IST
1 minute Read
സിഡ്നി∙ ഐപിഎലിൽ ഒരുകാലത്ത് തകർപ്പൻ ബോളിങ് പ്രകടനവുമായി പ്രകമ്പനം സൃഷ്ടിച്ച ഇന്ത്യൻ താരം ഇത്തവണ ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. ഇന്ത്യൻ ജഴ്സിയിൽ ഏകദിന, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരൻ സിദ്ധാർഥ് കൗളാണ്, അടുത്ത സീസണിനു മുന്നോടിയായി ബിഗ്ബാഷ് ലീഗ് ഡ്രാഫ്റ്റിന് പേര് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലാണ് സിദ്ധാർഥ് കൗൾ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഇന്ത്യയ്ക്കായി മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ബിഗ്ബാഷ് ലീഗ് ഡ്രാഫ്റ്റിന് പേര് റജിസ്റ്റർ ചെയ്ത ഏക പുരുഷ താരമാണ് സിദ്ധാർഥ് കൗൾ. ഐപിഎലിൽ 55 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 58 വിക്കറ്റുകളും വീഴ്ത്തി. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2018 ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിൽ 21 വിക്കറ്റുമായി സൺറൈസേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനം പങ്കിട്ടു.
അതേസമയം, വനിതാ ലീഗിലേക്കുള്ള ഡ്രാഫ്റ്റിനായി 15 ഇന്ത്യൻ താരങ്ങൾ പേര് റജിസ്റ്റർ ചെയ്തതായി ക്രിക്കറ്റ് ഓസ്ട്രേലിയ വെളിപ്പെടുത്തി. പേസ് ബോളിങ് ഇതിഹാസം ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനും ഇത്തവണ ഡ്രാഫ്റ്റിന് പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ബിഗ്ബാഷ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി 43കാരനായ ആൻഡേഴ്സൻ മാറും.
വനിതാ വിഭാഗത്തിൽ ജമീമ റോഡ്രിഗസും ശിഖ പാണ്ഡെയും ഉൾപ്പെടെയുള്ളവർ വ്യാഴാഴ്ച നടക്കുന്ന ഡ്രാഫ്റ്റിന് പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വനിതാ പ്രിമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു കളിക്കുന്ന കനിക അഹൂജയാണ് റജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു താരം. ഇന്ത്യൻ ജഴ്സിയിൽ കനിക ട്വന്റി20 അരങ്ങേറ്റം കുറിച്ചതും ഈ വർഷമാണ്. ഇവർക്കു പുറമേ മുൻപ് ബിഗ്ബാഷ് ലീഗിൽ കളിച്ചു പരിചയമുള്ള രാധാ യാദവ്, യാസ്തിക ഭാട്യ എന്നിവരും എസ്.മേഘ്ന, അരുദ്ധതി റെഡ്ഡി, പ്രതിക റാവൽ, നികി പ്രസാദ്, ഉമ ഛേത്രി, കേശവി ഗൗതം, പ്രിയ മിശ്ര തുടങ്ങിയവരും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
English Summary:








English (US) ·