Authored by: നിഷാദ് അമീന്‍|Samayam Malayalam•2 Jun 2025, 10:03 pm
IPL 2025 Final RCB vs PBKS: ടി20 ക്രിക്കറ്റ് എപ്പോഴും പ്രവചനാതീതമാണെങ്കിലും നാളെ (ജൂണ്‍ 3 ചൊവ്വ) നടക്കുന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരെ (Punjab Kings) കണക്കുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (Royal Challengers Bengaluru) വ്യക്തമായ മേല്‍ക്കൈ. ലീഗ് ഘട്ടത്തില്‍ പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഇരു ടീമുകളും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിക്കായിരുന്നു ജയം.
ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി (ഫോട്ടോസ്- Samayam Malayalam) ആര്‍സിബിയും പിബികെഎസും ഇതുവരെ ഐപിഎല്‍ നേടിയിട്ടില്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ഫൈനല്‍ നവാഗത ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടം കൂടിയാണ്. കന്നി കിരീടം തേടിയുള്ള ഫൈനലില്‍ ആവേശകരമായ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎല്‍ 2025 ഫൈനല്‍: കിരീട സാധ്യത ആര്‍സിബിക്ക് തന്നെ; പഞ്ചാബിന് മുന്‍തൂക്കം നഷ്ടപ്പെടാന്‍ നിരവധി കാരണങ്ങള്‍
ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ പഞ്ചാബ് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ആര്‍സിബി രണ്ടാം സ്ഥാനത്തും. ക്വാളിഫയര്‍, എലിമിനേറ്റര്‍ മല്‍സരങ്ങള്‍ക്ക് ശേഷം മികച്ച ഈ രണ്ട് ടീമുകള്‍ തന്നെ ഫൈനലില്‍ എത്തുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ടീം ഇതുവരെ എട്ട് തവണ ജേതാക്കളായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ വിജയിച്ചതും രണ്ടാം സ്ഥാനക്കാര്‍ തന്നെ. ഈ ചരിത്രം ആര്‍സിബിക്ക് മുന്‍തൂക്കം നല്‍കുന്നു.
ഇതിനേക്കാള്‍ പ്രധാനം ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴുള്ള ഫലങ്ങളാണ്. മെയ് 29 ന് മുള്ളന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ ഒന്നാം ക്വാളിഫയര്‍ മല്‍സരത്തില്‍ പഞ്ചാബിനെതിരെ ആര്‍സിബി ഗംഭീര വിജയം നേടിയിരുന്നു. ക്വാളിഫയര്‍-1 ജയിച്ച ടീമുകള്‍ 14 ഐപിഎല്‍ ഫൈനലുകളില്‍ 11 എണ്ണത്തിലും വിജയിച്ചിട്ടുണ്ട്.
2018 മുതല്‍ 2024 വരെയുള്ള കഴിഞ്ഞ ഏഴ് ഐപിഎല്‍ വിജയികളും ക്വാളിഫയര്‍- 1 വിജയികളായിരുന്നു. ഐപിഎല്‍ 2025 ക്വാളിഫയര്‍- 1 ല്‍ ആര്‍സിബി ആറ് വിക്കറ്റിനാണ് പഞ്ചാബിനെ തകര്‍ത്തത്. ആര്‍സിബി അവരുടെ ആദ്യ ഐപിഎല്‍ ട്രോഫിയിലേക്ക് നീങ്ങുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്നതാണ് ടി20 ക്രിക്കറ്റ്. മല്‍സരദിനത്തിലെ പ്രകടനങ്ങള്‍ തന്നെയാണ് വിജയം നിശ്ചയിക്കുന്നത്. ഓരോ പന്തിലും ജയസാധ്യതകള്‍ മാറിമറിയാം.
ഐപിഎല്‍ 2025 ല്‍ ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ ആര്‍സിബി വിജയിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയും പിബികെഎസും 36 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 18 മത്സരങ്ങള്‍ വീതം വിജയിച്ച് ഇരു ടീമുകളും തുല്യ നിലയിലാണ്.
ഇത്തവണ എല്ലാ എവേ മാച്ചുകളിലും വിജയിച്ച് റെക്കോഡിട്ട ടീമാണ് ആര്‍സിബി. ഫൈനല്‍ മല്‍സരം ആര്‍സിബിക്കും പഞ്ചാബിനും എവേ മല്‍സരമാണ്. സമീപകാല പ്രകടനങ്ങളും ചരിത്രവും ട്രോഫി ഉയര്‍ത്താന്‍ ഏറ്റവും സാധ്യതയുള്ള ടീമായി ആര്‍സിബിയെ മാറ്റുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·