Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 20 Mar 2025, 9:47 pm
IPL 2025: മെഗാ ലീഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് ബിസിസിഐയും ഐപിഎല്‍ അധികൃതരും ഐപിഎല്‍ നിയമ പുസ്തകത്തില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നു. ഉമിനീര്‍ പുരട്ടല്‍ നിരോധനം പിന്‍വലിച്ചതിന് പുറമേ ബൗളര്‍മാര്‍ക്ക് അനുകൂലമായ മറ്റൊരു നിയമവും അവതരിപ്പിച്ചു.
ഹൈലൈറ്റ്:
- ഉമിനീര്‍ പുരട്ടല്‍ തടഞ്ഞത് കൊവിഡ് മൂലം
- രണ്ടാം ഇന്നിങ്‌സില്‍ പുതിയ പന്ത്
- തീരുമാനം ഐപിഎല്‍ ടീമുകളുടെ യോഗത്തില്‍
ഐപിഎല്‍ 2025ല്‍ രണ്ട് പുതിയ നിയമങ്ങള്‍ഐപിഎല്‍ 2025ന് മുമ്പായി വിലക്ക് നീക്കി; പന്തില്‍ ഉമിനീര്‍ പുരട്ടാം, കളിയെ മാറ്റിമറിക്കുന്ന മറ്റൊരു നിയമവും പാസാക്കി
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടാം പന്ത് ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമവും അവതരിപ്പിച്ചു. ഐപിഎല്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിന്റെ 11-ാം ഓവറിന് ശേഷം മാത്രമേ രണ്ടാമത്തെ പുതിയ പന്ത് എടുക്കാന്‍ കഴിയൂ. ബിസിസിഐയും ഐപിഎല്‍ അധികൃതരും ചേര്‍ന്ന് ഐപിഎല്‍ നിയമ പുസ്തകത്തില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരികയായിരുന്നു.
രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഗ്രൗണ്ടില്‍ മഞ്ഞ് ഉണ്ടാവാമെന്നതിനാല്‍ പന്തില്‍ ഈര്‍പ്പം കൂടുതലായി ഉണ്ടാവും. ഇത് കണക്കിലെടുത്താണ് രണ്ടാം ഇന്നിങ്സിന്റെ 11-ാം ഓവറിന് ശേഷം പുതിയ പന്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. രണ്ട് ഇന്നിങ്സുകളിലും ബാറ്റും ബോളും തമ്മില്‍ തുല്യമായ മത്സരം സാധ്യമാക്കുകയാണ് ലക്ഷ്യം. ടോസ് നേടുന്ന ക്യാപ്റ്റന് പിച്ചിലെ മഞ്ഞ് മുന്‍കൂട്ടി കണ്ട് തീരുമാനമെടുക്കാന്‍ കഴിയുന്നതിലൂടെ ഉണ്ടാവുന്ന മേല്‍ക്കൈയും പുതിയ പന്ത് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാവും.
പന്തിന്റെ മിനുസം നഷ്ടപ്പെടുമ്പോഴാണ് കളിക്കാര്‍ ഉമിമീര്‍ ഉപയോഗിച്ച് തുടച്ച് വിരല് കൊണ്ടും വസ്ത്രത്തില്‍ ഉരസിയും മിനുക്കുന്നത്. പന്ത് പഴകുമ്പോള്‍ സ്വിങും റിവേഴ്സ് സ്വിങും ലഭിക്കുക പ്രയാസമാണ്. കൊവിഡ്-19 പകര്‍ച്ചവ്യാധി അവസാനിച്ചതോടെയാണ് ഇതിന് വീണ്ടും അനുവാദം നല്‍കുന്നത്.
ഫലത്തില്‍ ബൗളര്‍മാര്‍ക്ക് സഹായകമായ രണ്ട് നിയമങ്ങളാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉമിനീര്‍ നിരോധനം പിന്‍വലിക്കണമെന്ന് സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 22 ശനിയാഴ്ച മുതലാണ് മെഗാ ലീഗിന്റെ 18-ാം പതിപ്പ് ആരംഭിക്കുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടനം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ മത്സരത്തോടെ ഐപിഎല്‍ 2025 ആരംഭിക്കും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·