ഐപിഎല്‍ കരിയറിന് വിരാമമിട്ട് ആർ. അശ്വിന്‍; പടിയിറങ്ങുന്നത് അഞ്ച് ടീമുകളിൽ പന്തെറിഞ്ഞ പ്രതിഭ

4 months ago 5

27 August 2025, 11:30 AM IST

r ashwin

ആർ. അശ്വിൻ | ഫോട്ടോ - പിടിഐ

ചെന്നൈ: വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കരിയറിനും വിരാമമിട്ടു. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് തീരുമാനം അറിയിച്ചത്. ഐപിഎലില്‍ 221 മത്സരങ്ങള്‍ കളിക്കുകയും 187 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് എന്നീ അഞ്ച് ടീമുകളില്‍ കളിച്ച അശ്വിന്‍, പഞ്ചാബിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

'ഇതൊരു പ്രത്യേക ദിവസമാണ്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക തുടക്കവും. ഓരോ അവസാനത്തിനും ഒരു തുടക്കമുണ്ടാകും. ഒരു ഐപിഎല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ സമയം ഇന്ന് അവസാനിക്കുന്നു. എങ്കിലും വിവിധ ലീഗുകളില്‍ ഈ കളിയെ അടുത്തറിയാനായുള്ള സമയം ഇന്ന് ആരംഭിക്കുകയാണ്. വര്‍ഷങ്ങളായി നല്‍കിയ മികച്ച ഓര്‍മകള്‍ക്കും ബന്ധങ്ങള്‍ക്കും എല്ലാ ഫ്രാഞ്ചൈസികളോടും നന്ദി പറയാനാഗ്രഹിക്കുന്നു. അതിലുപരി, ഇന്നുവരെ എനിക്ക് നല്‍കിയ എല്ലാത്തിനും ഐപിഎലിനും ബിസിസിഐക്കും നന്ദി. മുന്നിലുള്ളതിനെ ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു', വിരമിക്കല്‍ അറിയിച്ചുകൊണ്ട് അശ്വിന്‍ കുറിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കഴിഞ്ഞ സീസണിലാണ് അവസാനമായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്ന് ഏഴ് വിക്കറ്റുകളും 33 റണ്‍സും നേടി. കഴിഞ്ഞ സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് സിഎസ്‌കെ അശ്വിനെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അശ്വിനായില്ല.

Content Highlights: Ravichandran Ashwin Announces Retirement from IPL

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article