ഐപിഎല്‍ ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം; മത്സരങ്ങൾ ഉടൻ പുനരാരംഭിക്കും

8 months ago 8

11 May 2025, 02:06 PM IST

ipl

പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

മുംബൈ: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാംരഭിക്കാനുള്ള നീക്കങ്ങളുമായി ബിസിസിഐ. പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ഐപിഎല്‍ ടീമുകളോടും ചൊവ്വാഴ്ചയ്ക്കകം അതത് വേദികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഷെഡ്യൂള്‍ തയ്യാറാക്കി ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ ബോര്‍ഡ് ഫ്രാഞ്ചൈസികളെ വാക്കാല്‍ അറിയിച്ചതായാണ് വിവരം. വിദേശ കളിക്കാരുടെ യാത്രാ പദ്ധതികളെക്കുറിച്ച് അറിയിക്കാനും ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കായി നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്ന് മിക്ക വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. മെയ് 25 എന്ന നിശ്ചിത തീയതിയില്‍ തന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നതിനാലാണ് ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

'എല്ലാ ഫ്രാഞ്ചൈസികളോടും അവരുടെ ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം അതത് ഹോംഗ്രൗണ്ടുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബിന് ഒരു നിഷ്പക്ഷ വേദിയായിരിക്കും, അതിനാല്‍ അവരുടെ പുതിയ ഹോംഗ്രൗണ്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിശ്ചയിച്ച ദിവസം തന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ ബോര്‍ഡ് പദ്ധതിയിടുന്നുണ്ട് ' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കാനുള്ള സാധ്യകള്‍ തേടുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ നേരത്തെ അറിയിച്ചിരുന്നു. പ്ലേ ഓഫ് അടക്കം 16 മത്സരങ്ങളാണ് 2025 സീസണില്‍ ഇനി നടക്കേണ്ടത്.

Content Highlights: BCCI Plans IPL Resumption-Teams Ordered to Report by Tuesday

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article