Authored by: നിഷാദ് അമീന്‍|Samayam Malayalam•3 Jun 2025, 10:28 pm
IPL 2025 Final RCB vs PBKS: ശ്രേയസ് അയ്യരുടെ (Shreyas Iyer) മികച്ച നേതൃത്വത്തിലൂടെ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഞ്ചാബ് കിങ്‌സ് (Punjab Kings) ഫൈനലിലെത്തി. കന്നി ഐപിഎല്‍ കിരീടത്തിന് തൊട്ട് അരികിലാണവര്‍. മൂന്ന് ടീമുകളെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനാണ്. ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും തിരികൊളുത്തി.
ഐപിഎല്‍ 2025 ഫൈനലിന് മുമ്പ് ടീം ക്യാപ്റ്റന്‍മാര്‍ (ഫോട്ടോസ്- Samayam Malayalam) ഫൈനലില്‍ വിജയിക്കാന്‍ പഞ്ചാബിന് 20 ഓവറില്‍ 191 റണ്‍സാണ് വേണ്ടത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങും പഞ്ചാബിനായി ചേസിങിന് തുടക്കമിട്ടു കഴിഞ്ഞു. രണ്ടാം ക്വാളിഫയറില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ശ്രേയസിന്റെ കിടിലന്‍ ബാറ്റിങ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം കെകെആറിനെ കിരീടം ചൂടിച്ച ശേഷമാണ് അദ്ദേഹം പഞ്ചാബ് കിങ്‌സിലെത്തിയത്.
11 വര്‍ഷത്തിനിടെ ആദ്യമായി പഞ്ചാബിനെ ഫൈനലിലേക്ക് നയിച്ച് ശ്രേയസ് തിളങ്ങി നില്‍ക്കുകയാണ്. ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവിന്റെ തെളിവാണിത്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളമൊഴിയുന്നതോടെ ടീം ഇന്ത്യയുടെ നേതൃനിരയിലേക്ക് ശ്രേയസിനെ പ്രതീക്ഷിക്കുന്നവരുണ്ട്. വിജയകരമായ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.ഐപിഎല്‍ 2025-ല്‍ ശ്രേയസിന്റെ വ്യക്തിഗത പ്രകടനവും അവിസ്മരണീയമായിരുന്നു. ഈ സീസണില്‍ പഞ്ചാബ് കിങ്സിന്റെ നായകനായി ചുമതലയേറ്റ 29 കാരന്‍ ശാന്തമായ പെരുമാറ്റം കൊണ്ടും തന്ത്രപരമായ സമീപനങ്ങള്‍ കൊണ്ടും സഹതാരങ്ങളുടെ കഴിവുകള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയും വ്യാപകമായ പ്രശംസ നേടി.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെങ്കിലും ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികവ് ഇന്ത്യക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുക്കുകയുണ്ടായി.
ശ്രേയസ് ക്യാപ്റ്റനായി ഉയരുമെന്ന ഊഹാപോഹങ്ങളെ അഭിസംബോധന ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ തന്റെ അഭിപ്രായം പങ്കുവച്ചു. അത്തരം ചര്‍ച്ചകള്‍ ശുഭ്മാന്‍ ഗില്ലില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ശ്രേയസ് ക്യാപ്റ്റനാകാന്‍ യോഗ്യനാണോ അല്ലയോ എന്ന കാര്യം പരിഗണിക്കുന്നതിന് മുമ്പ് ശുഭ്മാന്‍ ഗില്ലിന് ആവശ്യമായ സമയവും അവസരവും നല്‍കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, ശുഭ്മാന്‍ ഗില്ലില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കും- ഗവാസ്‌കര്‍ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ പോലുമില്ലെന്ന് നിങ്ങള്‍ ആദ്യം മനസ്സിലാക്കണം. അദ്ദേഹത്തെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാക്കുമെന്ന് ഒരു സംസാരവും ഉണ്ടാകരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനാണ്. അദ്ദേഹത്തില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മനസ്സില്‍ സംശയങ്ങള്‍ സൃഷ്ടിക്കരുത്. അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ശ്രേയസ് ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍, അദ്ദേഹത്തെ ക്യാപ്റ്റനാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം- ഗവാസ്‌കര്‍ പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·