ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച മുതല്‍; ചാഹലിന്റെ വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവ്

10 months ago 6

ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

19 March 2025, 04:10 PM IST

yuzvendra chahal dhanashree verma

യുസ് വേന്ദ്ര ചാഹൽ, ധനശ്രീ വർമ | File Photo: AFP

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും പ്രശസ്ത കൊറിയോഗ്രാഫറായ ഭാര്യ ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹ മോചന കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ മോചന കേസ് നാളെ പരിഗണിക്കാന്‍ ബാന്ദ്രയിലെ കോടതിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയാല്‍ ആറ് മാസത്തിന് ശേഷമേ അതിലെ നടപടികള്‍ ആരംഭിക്കാവൂ എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് ബോംബെ ഹൈക്കോടതി ഉത്തരവ്.

2020 ഡിസംബറിലാണ് യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും തമ്മിലുള്ള വിവാഹ നടന്നത്. 2022 ജൂണ്‍ മുതല്‍ ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2025 ഫെബ്രുവരി അഞ്ചിന് ഇരുവരും വിവാഹമോചനത്തിനായി ബാന്ദ്ര കോടതിയില്‍ അപേക്ഷ നല്‍കി. ഹിന്ദു വിവാഹ നിയമത്തിലെ 13(ബി) വകുപ്പ് പ്രകാരം ആയിരുന്നു അപേക്ഷ. ഈ വകുപ്പനുസരിച്ച്, ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു ജീവിക്കുന്ന ദമ്പതികള്‍ക്കു വിവാഹ മോചനത്തിനായി കോടതിയില്‍ അപേക്ഷ നല്‍കാം. എന്നാല്‍ അപേക്ഷ നല്‍കി ആറു മാസത്തിനുശേഷമാണു കോടതി നടപടികളിലേക്കു കടക്കുക.

ഈ ആറ് മാസത്തെ കാലാവധി ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുസ്വേന്ദ്ര ചാഹല്‍ ബാന്ദ്ര കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹ മോചന ഉടമ്പടിയിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ ബാന്ദ്ര കോടതി തള്ളി. ഇതിനെതിരെ യുസ്വേന്ദ്ര ചാഹല്‍ നല്‍കിയ ഹര്‍ജിയിലാണ് വിവാഹ മോചന നടപടികള്‍ വേഗത്തിലാക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്. യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മ്മയും വിവാഹമോചനത്തിനായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം ജീവനാംശമായി ചാഹല്‍ നല്‍കേണ്ടത് നാല് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയാണ്. ഇതില്‍ രണ്ട് കോടി മുപ്പത്തി ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രമാണ് ഇത് വരെ നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ആറ് മാസത്തെ കൂളിംഗ് ഓഫ് പീരിഡില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയത്.

Content Highlights: yuzvendra chahal dhanasree verma divorcement case

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article