Authored by: നിഷാദ് അമീന്‍|Samayam Malayalam•6 Jan 2026, 12:02 p.m. IST
IPL 2026: ഐപിഎല്‍ ലോഗോ മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്റഫെ മുര്‍ത്തസയുടെ ഷോട്ടിന്റെ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണോ? 'മിസ്റ്റര്‍ 360' എന്നറിയപ്പെടുന്ന എബി ഡിവില്ലിയേഴ്സിന്റെ ഷോട്ടാണ് എന്നും വാദങ്ങള്‍ ശക്തം.
ഹൈലൈറ്റ്:
- ഐപിഎല്‍ 'ലോഗോ മാന്‍' ചര്‍ച്ചാവിഷയം
- രണ്ട് താരങ്ങളെ ചുറ്റിപ്പറ്റി സമൂഹമാധ്യമ ചര്‍ച്ച
- മുര്‍ത്തസയും എബിഡിയും കേന്ദ്ര ബിന്ദു
ഐപിഎല്‍ 'ലോഗോ മാന്‍' വീണ്ടും ചര്‍ച്ചാവിഷയം(ഫോട്ടോസ്- Agencies)ഗില്ലിന് കയ്യടിക്കാം; ടെസ്റ്റ് ക്രിക്കറ്റില്‍ മികവിലെത്താന്‍ ബിസിസിഐക്ക് മുന്നില്‍ പുതിയ ആവശ്യം
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ലോഗോ വലിയ മാറ്റമില്ലാതെ ഉപയോഗിച്ചുവരുന്നു. ഡിസൈനിന്റെ ഉത്ഭവവും ബ്രാന്‍ഡിന് പിന്നിലെ വ്യക്തിയെക്കുറിച്ചുള്ള വസ്തുത പരിശോധിക്കാം. 2008 ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോഴുള്ള ലോഗോ ആണ് ഇപ്പോഴുമുള്ളത്. ഉജ്വലമായ സ്വാഷ്ബക്ക്‌ലിങ് ഷോട്ട് കളിക്കുന്ന ബാറ്റ്സ്മാന്റെ ചിത്രത്തില്‍ നിന്നാണ് ലോഗോ രൂപപ്പെട്ടത്. വ്യക്തിയെ കേന്ദ്രീകരിക്കാതെ ഷോട്ടിന് പ്രാധാന്യം നല്‍കുന്ന ലോഗോ ബ്രാന്‍ഡ് ഐഡന്റിറ്റിയായി മാറി.
ഡിവില്ലിയേഴ്സിനെ ചിത്രീകരിക്കുന്നു എന്ന വാദത്തിനാണ് ആരാധകര്‍ക്കിടയില്‍ ഏറ്റവും പ്രചാരം. ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും പന്ത് അടിക്കാനുള്ള അസാധാരണമായ കഴിവ് കൊണ്ട് 'മിസ്റ്റര്‍ 360' എന്നറിയപ്പെടുന്ന ഡിവില്ലിയേഴ്സിന്റെ ഷോട്ട് പോസിനോട് ലോഗോയ്ക്ക് സാമ്യതകളുണ്ട്. ഉയര്‍ന്ന ബാക്ക്ലിഫ്റ്റ് ഷോട്ടുകളും കിടയറ്റ സ്‌ട്രോക്കുകളും കൊണ്ട് ആര്‍സിബിയിലും അന്താരാഷ്ട്ര ടി20യിലും ശ്രദ്ധേയമായ കരിയര്‍ എബിഡിക്ക് ഉണ്ട്.
2007 അവസാനത്തിലാണ് ഐപിഎല്‍ ലോഗോ അനാച്ഛാദനം ചെയ്തത്. അന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ തുടങ്ങിയിട്ടില്ല. ആ സമയത്ത് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണെങ്കിലും ശ്രദ്ധേയമായ '360-ഡിഗ്രി' ടി20 ശൈലി അദ്ദേഹം അതുവരെ വികസിപ്പിച്ചിരുന്നില്ല.
മഷ്റഫെ മുര്‍ത്തസയുടെ ഫോട്ടോയില്‍ നിന്നാണ് ലോഗോ തയ്യാറാക്കിയതെന്ന വാദത്തിനും തെളിവില്ല. 2000 കളുടെ തുടക്കത്തില്‍ ഒരു മത്സരത്തിനിടെ മുര്‍ത്തസ ശക്തമായ ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നത് ചിത്രം ഈ വാദത്തെ പിന്തുണയ്ക്കുന്നവര്‍ എടുത്തുകാണിക്കുന്നു. കാലുകളുടെയും ബാറ്റിന്റെ കോണിന്റെയും ഒരേ വിന്യാസവും ചൂണ്ടിക്കാട്ടുന്നു. ദൃശ്യ സാമ്യം ശ്രദ്ധേയമാണെങ്കിലും മുര്‍ത്തസയുടെ ചിത്രം ബിസിസിഐയോ ഡിസൈന്‍ ഏജന്‍സിയോ ഉറവിടമാക്കിയതായി ഔദ്യോഗിക രേഖയില്ല.
ലോഗോ ഒരു പ്രത്യേക വ്യക്തിയെയും പ്രതിനിധീകരിക്കുന്നില്ലെന്ന് ബിസിസിഐയും ഐപിഎല്ലിന്റെ ഡിസൈന്‍ ടീമും വ്യക്തമാക്കുന്നു. ആധുനിക ടി20 ബാറ്റ്സ്മാന്റെ പൊതുവായ പ്രാതിനിധ്യമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തത്. യുകെ ആസ്ഥാനമായുള്ള ഡിസൈന്‍ ഏജന്‍സിയായ വെഞ്ച്വര്‍ത്രീ ആണ് ലോഗോ തയ്യാറാക്കിയത്.
ലീഗിന്റെ ഐഡന്റിറ്റിയെ ഏതെങ്കിലും കളിക്കാരനുമായി ബന്ധിപ്പിക്കാതെ കാലാതീതമായി നിലനില്‍ക്കുന്ന ലോഗോ ഡിസൈനര്‍മാര്‍ രൂപപ്പെടുത്തുകയായിരുന്നു. കായികരംഗത്തെ ഏറ്റവും സമ്പന്നമായ ലീഗുകളില്‍ ഒന്നായി ഐപിഎല്‍ മുന്നേറുമ്പോള്‍ 'ലോഗോ മാന്‍' ആര് എന്ന നിഗൂഢത ഇനിയും തുടരുമെന്ന് കരുതാം.








English (US) ·