'ഐപിഎല്ലിനിടെ ഫ്ളഡ്ലൈറ്റുകൾ അണച്ചത് പാക് സൈബർ പോരാളികൾ'; വിചിത്രവാദവുമായി പാക് മന്ത്രി, ട്രോൾ

7 months ago 6

16 June 2025, 08:27 PM IST

khwaja asif

ഖ്വാജാ ആസിഫ് | Photo: AFP

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ അണച്ചത് പാകിസ്താന്റെ സൈബര്‍ പോരാളികളാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. മെയ് എട്ടിന് നടന്ന പഞ്ചാബ്-ഡല്‍ഹി ഐപിഎല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രിയുടെ വിചിത്രവാദം. ഇന്ത്യ പാകിസ്താനെതിരേ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതിന് പിന്നാലെയാണ് ഐപിഎല്‍ മത്സരം നിര്‍ത്തിയത്. പാക് മന്ത്രിയുടെ പരാമര്‍ശം വന്‍ തോതില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

'ഇതെല്ലാം പൂർണ്ണമായും പാകിസ്താന്റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്ന് ഇന്ത്യക്ക് മനസ്സിലാകുന്നില്ല. ഞങ്ങളുടെ സൈബർ പോരാളികൾ ഇന്ത്യയിൽ ആക്രമണം നടത്തി. ഇന്ത്യയിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫാക്കി, ലൈറ്റുകൾ അണയുകയും ഐപിഎൽ മത്സരം നിർത്തിവെക്കുകയും ചെയ്തു. ഇന്ത്യൻ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടു. അവരുടെ വൈദ്യുതി ഗ്രിഡ് നിർത്തലാക്കി. എല്ലാ ആക്രമണങ്ങളും ‍ഞങ്ങളുടെ സൈബർ പോരാളികളാണ് നടത്തിയത്.' - ഖ്വാജാ അസിഫ് അവകാശപ്പെട്ടു.

പാക് മന്ത്രിയുടെ വിചിത്രവാദത്തെ പരിഹസിച്ച് നിരവധിപേര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. പാകിസ്താനില്‍ ഇത്തരം ആശയങ്ങളും സിലബസും ഉള്ളത് അറിയില്ലായിരുന്നുവെന്ന് ഒരാള്‍ പരിഹസിച്ചു. ഐപിഎല്‍ ഫ്ളഡ്‌ലൈറ്റുകള്‍ വൈഫൈയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. ഇതിന് മുമ്പും വിചിത്രമായ വാദങ്ങളുയര്‍ത്തി ട്രോളുകള്‍ ഏറ്റുവാങ്ങിയ ആളാണ് ഖ്വാജാ ആസിഫ്. മുമ്പ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് അവകാശവാദത്തിന് തെളിവു ചോദിച്ചപ്പോള്‍ അതെല്ലാം ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നായിരുന്നു ആസിഫ് നല്‍കിയ മറുപടി.

അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക് വാദം. എന്നാല്‍, അതിനു തെളിവൊന്നുമില്ലെന്ന് ഇന്ത്യ പറയുന്നു. താങ്കള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനാകുമോ, എന്താണ് അതിനുള്ള തെളിവ് എന്നായിരുന്നു അവതാരക ബെക്കി ആന്‍ഡേഴ്‌സന്റെ ചോദ്യം. അതെല്ലാം സാമൂഹികമാധ്യമങ്ങളിലുണ്ട് എന്നായിരുന്നു ആസിഫ് മറുപടി നല്‍കിയത്. ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലാണ് ഉള്ളത്. ഞങ്ങളുടേതില്‍ അല്ല. വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതൊക്കെ... അതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളിലുണ്ടെന്നും പാക് മന്ത്രി പറഞ്ഞു. ഇതിന്, പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ സാമൂഹികമാധ്യമങ്ങളിലുള്ളതിനെ കുറിച്ചല്ല പറയേണ്ടതെന്നും അവതാരക മറുപടിയും നല്‍കി.

Content Highlights: Hacked IPL Floodlights Pak Defence Ministers Bizarre Claim Goes Viral

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article