ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഇന്ന് ‘കപ്പില്ലാ ടീമു’കളുടെ പോരാട്ടം; ആദ്യ ചാൻസിൽ ഫൈനൽ ഉറപ്പിക്കാൻ ആർസിബി, പഞ്ചാബ്

7 months ago 10

മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഐപിഎലിൽ ‘കപ്പില്ലാ ടീം’ എന്ന കളിയാക്കൽ ആവോളം കേട്ടവരാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും. 18–ാം സീസണിന്റെ ഒന്നാം ക്വാളിഫയറിൽ മത്സരിക്കാനായി ഇന്ന് മുല്ലൻപുർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിക്കണമെന്ന വാശി ഇരു ടീമുകൾക്കുമുണ്ട്. ഒന്നാം ക്വാളിഫയർ ജയിക്കുന്ന ടീം നേരിട്ടു ഫൈനലിന് യോഗ്യത നേടുമെന്നതിനാൽ മോഹ ഫൈനൽ തന്നെയാകും ഇരു ടീമുകളെയും ലക്ഷ്യം.

ഇന്ന് തോൽവി വഴങ്ങുന്ന ടീമിന് ജൂൺ 1ന് നടക്കുന്ന രണ്ടാം ക്വാളിഫയർ ജയിച്ചാ‍ൽ ഫൈനലിൽ കടക്കാൻ വീണ്ടും അവസരമുണ്ട്. ലീഗ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ ഇരുടീമും ഓരോ മത്സരം വീതം ജയിച്ചു. മുല്ലൻപുരിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

∙ സധൈര്യം ബെംഗളൂരു

കഴിഞ്ഞ 5 സീസണുകളിൽ 4 തവണയും പ്ലേഓഫ് കളിച്ച ഏക ടീമാണ് തങ്ങളെന്ന് ആവേശത്തോടെ പറയുമ്പോഴും ഇതിൽ ഒരു തവണ പോലും ഫൈനലിൽ കടക്കാൻ സാധിക്കാതിരുന്നതിന്റെ നിരാശ ബെംഗളൂരു ടീമിനുണ്ട്. സീസണിൽ ക്യാപ്റ്റൻസി അരങ്ങേറ്റം കുറിച്ച രജത് പാട്ടിദാറിന്റെ കീഴിൽ ടീം തുടരുന്ന വിജയക്കുതിപ്പ് പ്ലേഓഫിലും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബലം: ഓപ്പണിങ്ങിൽ വിരാട് കോലി മുതൽ ഫിനിഷിങ്ങിൽ റൊമാരിയോ ഷെപ്പേഡ് വരെ നീളുന്ന ബാറ്റിങ് നിരയാണ് ബെംഗളൂരുവിന്റെ കരുത്ത്. മധ്യനിരയിൽ രജത് പാട്ടിദാർ, ജിതേഷ് ശർമ, മയാങ്ക് അഗർവാൾ തുടങ്ങിയവർ ബാറ്റിങ്ങിന്റെ ബലം കൂട്ടുന്നു. പേസർ ജോഷ് ഹെയ്സൽവുഡിന്റെ മിന്നും ഫോം ബോളിങ്ങിലും ബെംഗളൂരുവിനെ ശക്തരാക്കുന്നു.

ദൗർബല്യം: ഹെയ്സൽവുഡും ഭുവനേശ്വർ കുമാറും യഷ് ദയാലും അടങ്ങിയ പേസ് നിര മികച്ചതാണെങ്കിലും മധ്യ ഓവറുകളിൽ മത്സരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്പിന്നർ ബെംഗളൂരുവിനില്ല. സുയാഷ് ശർമ, ക്രുനാൽ പാണ്ഡ്യ എന്നിവർ നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റ് ഇതുവരെ പ്രതീക്ഷയ്ക്കൊത്തുയർന്നിട്ടില്ല.

സ്റ്റാർ ടു വാച്ച്: പവർപ്ലേയിൽ ബെംഗളൂരുവിന് മിന്നും തുടക്കം സമ്മാനിക്കുന്ന ഫിൽ സോൾട്ടിന്റെ പ്രകടനം പ്ലേഓഫിലും നിർണായകമാകും. പതിയെ തുടങ്ങുന്ന വിരാട് കോലിക്ക് പലപ്പോഴും സമ്മർദമില്ലാതെ കളിക്കാൻ സാധിക്കുന്നത് സോൾട്ടിന്റെ വെടിക്കെട്ട് ഇന്നിങ്സുകളുടെ ബലത്തിലാണ്. സോൾട്ട് തുടങ്ങിവച്ചാൽ ഏറ്റുപിടിക്കാൻ മധ്യനിര എപ്പോഴും സുസജ്ജം.

∙ പവറോടെ പഞ്ചാബ്

2014നു ശേഷം ആദ്യമായാണ് പ്ലേഓഫിൽ കടക്കുന്നതെങ്കിലും അതിന്റെ ആശങ്കയോ പരിഭ്രമമോ ശ്രേയസ് അയ്യർക്കും ടീമിനുമില്ല. ലീഗ് ഘട്ടത്തിലെ മികവ് പ്ലേഓഫിലും തുടർന്നാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. സ്വന്തം തട്ടകമായ മുല്ലൻപുർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്നതും പഞ്ചാബിന്റെ സാധ്യത വർധിപ്പിക്കുന്നു.

ബലം: പ്രഭ്സിമ്രൻ സിങ്– പ്രിയാംശ് ആര്യ ഓപ്പണിങ് ജോടി നൽകുന്ന തുടക്കമാണ് പഞ്ചാബിന്റെ വിജയക്കുതിപ്പിനുള്ള ഇന്ധനം. പവർപ്ലേയിൽ ഇവർ നൽകുന്ന തുടക്കം മധ്യനിരയിൽ ഏറ്റുപിടിക്കാൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ജോഷ് ഇൻഗ്ലിസും തയാർ. ഫിനിഷിങ്ങിൽ ശശാങ്ക് സിങ്ങിന്റെ സാന്നിധ്യം ടീമിന് കരുത്തുപകരുന്നു.

ദൗർബല്യം: അർഷ്ദീപ് സിങ്ങിനെ മാറ്റിനിർത്തിയാൽ പഞ്ചാബിന്റെ പേസ് നിരയ്ക്ക് കാര്യമായ മൂർച്ച പോര. ഡെത്ത് ഓവറുകളിൽ അർഷ്ദീപിനെ മാത്രം ആശ്രയിച്ചു ടീമിന് മുന്നോട്ടുപോകാൻ സാധിക്കില്ല. സ്പിൻ നിരയിൽ യുസ്‌വേന്ദ്ര ചെഹലിന്റെ പരുക്ക് ടീമിന് വെല്ലുവിളിയാണ്.

സ്റ്റാർ ടു വാച്ച്: നേതൃപാടവവും ബാറ്റിങ് മികവുമായി, 11 വർഷത്തെ ഇടവേളയ്ക്കു ശേഷം പഞ്ചാബിനെ പ്ലേഓഫിൽ എത്തിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയാണ് ടീമിന്റെ നട്ടെല്ല്. 14 മത്സരങ്ങളിൽ നിന്ന് 51.40 ശരാശരിയിൽ 514 റൺസുമായി ടീമിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന ശ്രേയസ്, പ്ലേഓഫിലും ഫോം തുടർന്നാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും.

∙ എലിമിനേറ്ററിൽ ഗുജറാത്ത്– മുംബൈ

നാളെ നടക്കുന്ന എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ലീഗ് ഘട്ടത്തിൽ 9 ജയമടക്കം 18 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേഓഫിൽ കടന്നത്. 8 ജയമടക്കം 16 പോയിന്റോടെ നാലാം സ്ഥാനത്തായിരുന്നു മുംബൈ. എലിമിനേറ്റർ ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ മത്സരിക്കാൻ യോഗ്യത നേടും. മുല്ലൻപുർ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30 മുതലാണ് മത്സരം.

English Summary:

Punjab Kings vs Royal Challengers Bengaluru, IPL 2025 Match, Qualifier 1 - Preview

Read Entire Article