Published: April 09 , 2025 02:29 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് കാണുന്നതായി ആളുകൾ ഇന്ത്യൻ പ്രീമിയർ ലീഗ് ഒഴിവാക്കുമെന്ന് പാക്ക് ക്രിക്കറ്റ് താരം ഹസൻ അലി. ഐപിഎലും പാക്കിസ്ഥാൻ ലീഗും ഒരേ സമയത്തു നടത്താൻ തീരുമാനിച്ചതോടെയാണു പാക്ക് പേസറുടെ പ്രസ്താവന. സാധാരണയായി ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കാറ്. ഈ വർഷം പാക്കിസ്ഥാന് രാജ്യാന്തര മത്സരങ്ങൾ ഏറെയുള്ളതിനാൽ, ട്വന്റി20 ലീഗ് ഏപ്രിൽ– മെയ് മാസത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഐപിഎൽ മത്സരങ്ങളുള്ളതിനാൽ പ്രധാനപ്പെട്ട വിദേശ താരങ്ങളൊന്നും പാക്കിസ്ഥാനിൽ കളിക്കുന്നില്ല. ഐപിഎൽ ലേലത്തിൽ ആരും വാങ്ങാത്ത വിദേശ താരങ്ങളെയാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിപ്പിക്കുന്നത്. ‘‘മികച്ച ക്രിക്കറ്റും വിനോദവും ഉള്ള മത്സരങ്ങളാണ് ആളുകൾ കാണാൻ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിലേത് തകർപ്പന്‍ മത്സരങ്ങള്‍ ആണെങ്കിൽ ആളുകൾ ഐപിഎൽ ഉപേക്ഷിച്ച് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് കാണാൻ വരും.’’– ഹസൻ പാക്കിസ്ഥാൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
പാക്ക് സൂപ്പർ ലീഗിന്റെ പത്താം എഡിഷനിൽ കറാച്ചി കിങ്സ് ടീമിന്റെ താരമാണ് ഹസൻ അലി. ഏപ്രിൽ 11നാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഇസ്‍ലാമബാദ് യുണൈറ്റഡും ലഹോർ ക്വാലാൻഡേഴ്സും തമ്മിലാണ് പിഎസ്എലിലെ ഉദ്ഘാടന മത്സരം. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അതിനു പിന്നാലെ ന്യൂസീലൻഡിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളും കൈവിട്ടിരുന്നു.
English Summary:








English (US) ·