Published: April 07, 2026 10:16 AM IST
1 minute Read
മുംബൈ ∙ ഐപിഎൽ 19–ാം സീസൺ പുരോഗമിക്കുന്നതിനിടെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഐപിഎലിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് അധികൃതരുമായുണ്ടായ തർക്കം കാരണമാണ് തന്റെ രാജ്യാന്തര കരിയർ അകാലത്തിൽ അവസാനിച്ചതെന്ന് പീറ്റേഴ്സൻ പറഞ്ഞു. യൂട്യൂബർ രൺവീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
ഐപിഎലിന്റെ ആദ്യ വർഷങ്ങളിൽ തന്നെ വേട്ടയാടാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) മാധ്യമങ്ങളെ ഉപയോഗിച്ചതായി പീറ്റേഴ്സൻ ആരോപിച്ചു. 2008ൽ ഐപിഎലിന്റെ ഉദ്ഘാടന പതിപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് ഇംഗ്ലണ്ട് താരങ്ങളെ ഇസിബി വിലക്കിയിരുന്നു; ആ വർഷം കളിച്ച ഏക ഇംഗ്ലിഷ് താരം ദിമിത്രി മസ്കരേനസ് ആയിരുന്നു. 2009ൽ, മൂന്നാഴ്ചത്തെ പരിമിത സമയത്തേക്ക് ഐപിഎലിൽ പങ്കെടുക്കാൻ ഇംഗ്ലണ്ട് അനുവദിച്ചു. പീറ്റേഴ്സൻ 2009ൽ ആർസിബിയുടെ ഭാഗമായി. എന്നാൽ ഐപിഎലിനു മുൻഗണന നൽകാനുള്ള തീരുമാനം ഇസിബിയുമായുള്ള കടുത്ത ഭിന്നതയ്ക്കു കാരണമായതായി താരം പറയുന്നു.
‘‘ഞാൻ വലിയ ത്യാഗങ്ങൾ ചെയ്തു. എനിക്ക് എന്റെ കരിയർ നഷ്ടപ്പെട്ടു. ഇസിബിയിലെ എല്ലാവരും എനിക്കെതിരെ തിരിയാൻ കാരണവും അതാണ്. എന്റെ ഇംഗ്ലണ്ട് കരിയർ അവസാനിക്കുമ്പോൾ എനിക്ക് 33 വയസ്സായിരുന്നു, 104 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം. ഞാൻ 150-160 ടെസ്റ്റുകൾ കളിക്കുകയും 12,000-13,000 റൺസ് നേടുകയും ചെയ്യേണ്ടതായിരുന്നു. അതായിരുന്നു എനിക്കു വേണ്ടിയിരുന്നത്. എന്നെ വേട്ടയാടാൻ ഇസിബി ‘ദ് ടെലിഗ്രാഫ്’ പത്രത്തെ ഉപയോഗിച്ചു. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാൻ താൽപര്യമില്ല. അത് വലിയ തോതിൽ വാർത്തയായതാണ്, ഇപ്പോൾ ഞാൻ സമാധാനപരവും സന്തോഷകരവുമായ ജീവിതമാണ് നയിക്കുന്നത്.’’– പീറ്റേഴ്സൻ പറഞ്ഞു
തന്റെ നിലപാട് കരിയറിനെ ബാധിച്ചെങ്കിലും ഭാവി തലമുറയിലെ ഇംഗ്ലണ്ട് കളിക്കാർക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ഇത് സഹായിച്ചതായി പീറ്റേഴ്സൻ പറഞ്ഞു. ‘‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോസ് ബട്ട്ലറെ അഭിമുഖം ചെയ്തിരുന്നു, അവനും എന്നോട് ‘നന്ദി’ പറഞ്ഞു. ഞാൻ ചെയ്ത ത്യാഗങ്ങൾ കാരണം, ഈ കളിക്കാർക്ക് ഇപ്പോൾ അതിന്റെ ഗുണഫലങ്ങൾ ആസ്വദിക്കാൻ കഴിയുന്നു.’’– പീറ്റേഴ്സൻ കൂട്ടിച്ചേർത്തു.
23 സെഞ്ചറികളും 35 അർധസെഞ്ചറികളും ഉൾപ്പെടെ 8,181 റൺസോടെയാണ് പീറ്റേഴ്സൻ തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ആർസിബിക്കു പിനനാലെ ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടിയും പീറ്റേഴ്സൻ കളിച്ചു. 2025ൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായും താരം നിയമിതനായി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Facebook/kevinpietersenൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·