Published: November 16, 2025 08:52 PM IST
1 minute Read
രാജ്കോട്ട്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ ടീം തോറ്റെങ്കിലും അനൗദ്യോഗിക ഏകദിന പരമ്പരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ എ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഒൻപതു വിക്കറ്റ് വിജയമാണ് ഇന്ത്യൻ യുവതാരങ്ങൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 30.3 ഓവറിൽ 132 റൺസെടുത്തു പുറത്തായി. മറുപടിയിൽ 27.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 133 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ വിജയം. ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വിജയം നേടിയ ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2–0ന് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് അർധ സെഞ്ചറി നേടി. 83 പന്തുകൾ നേരിട്ട ഋതുരാജ് ഒൻപതു ഫോറുകൾ ഉൾപ്പടെ 68 റൺസടിച്ചു പുറത്താകാതെനിന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം വീണ്ടും ലഭിച്ചതിനു പിന്നാലെയാണ് ഋതുരാജിന്റെ ബാറ്റിങ് ഷോ രാജ്കോട്ടിൽ അരങ്ങേറിയത്. 22 പന്തിൽ 32 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 29 റണ്‍സടിച്ച ക്യാപ്റ്റൻ തിലക് വർമയും പുറത്താകാതെനിന്നു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അതു മുതലെടുക്കാൻ ദക്ഷിണാഫ്രിക്ക എ ടീമിനു സാധിച്ചില്ല. ഓപ്പണർമാരായ ലുവാൻ ഡെ പ്രിട്ടോറിയസും റിവാള്‍ഡോ മൂൻസാമിയും ചേർന്ന് 39 റൺസ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇരുവരുടേയും പുറത്താകലിനു ശേഷം തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അഞ്ചിന് 73 റൺസെന്ന നിലയിലായി ദക്ഷിണാഫ്രിക്ക. 34 പന്തിൽ 33 റൺസടിച്ച റിവാൾഡോ മൂൻസാമിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഡെലാനോ പോട്ഗെറ്റർ (43 പന്തിൽ 23), ഡിയൻ ഫോറസ്റ്റർ (30 പന്തിൽ 22), ലുഹാൻ ഡെ പ്രെട്ടോറിയസ് (26 പന്തിൽ 21) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റുപ്രധാന സ്കോറർമാർ.
ഏഴോവറുകൾ പന്തെറിഞ്ഞ് 14 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ നിഷാന്ത് സിന്ധുവാണ് കളിയിലെ താരം. ഹർഷിത് റാണ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും ക്യാപ്റ്റൻ തിലക് വർമ ഒരു വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച രാജ്കോട്ടിൽ നടക്കും.
English Summary:








English (US) ·