Published: June 14 , 2025 07:58 AM IST
1 minute Read
ഇന്ത്യൻ ക്രിക്കറ്റിലെ മനോഹര നിമിഷങ്ങൾക്കെല്ലാം മിഴിവേകാൻ ഒരു മലയാളിയുടെ സാന്നിധ്യം നിർബന്ധമാണ്. 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോൾ സുനിൽ വത്സന്റെ രൂപത്തിൽ, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്ത്, 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യമായി ചാംപ്യന്മാരായപ്പോൾ അവിടെയും ഒരു മലയാളി ഉണ്ടായിരുന്നു, എറണാകുളം കോലഞ്ചേരി സ്വദേശി ഗബ്രിയേൽ ബെൻ കുര്യന്റെ രൂപത്തിൽ.
വിരാട് കോലിക്കൊപ്പം ഐപിഎൽ ട്രോഫിയുമായി ഫോട്ടോയെടുത്ത, ക്രിസ് ഗെയ്‌ലിനൊപ്പം ഗ്രൗണ്ടിൽ വിജയനൃത്തം ചവിട്ടിയ, എബി ഡിവില്ലിയേഴ്സ് കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ട ഒരേയൊരു മലയാളി! ബെംഗളൂരു ടീമിലെ ഇടംകൈ ത്രോ ഡൗൺ സ്പെഷലിസ്റ്റാണ് (ഫ്ലിക്കർ) ഈ ഇരുപത്തിയെട്ടുകാരൻ. 2020 മുതൽ ബെംഗളൂരു ടീമിനൊപ്പമുള്ള ബെൻ, കേരള ക്രിക്കറ്റ് ടീമിന്റെയും കെപിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും തമിഴ്നാട് പ്രിമിയർ ലീഗിൽ മധുരൈ പാന്തേഴ്സ് ടീമിന്റെയും ഭാഗമാണ്.
കുൽദീപ് യാദവിനെപ്പോലെ ചൈനാമാൻ (ഇടംകൈ ലെഗ് സ്പിന്നർ) ബോളറായി കരിയർ തുടങ്ങിയ ബെൻ, എറണാകുളം അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു. ഒരു ദിവസം പരിശീലനത്തിനിടെ നെറ്റിയിൽ പന്തുകൊണ്ടു പരുക്കേറ്റു. 2 വർഷം ക്രിക്കറ്റിൽ നിന്നു വിട്ടുനിന്നതോടെ കളിക്കാരനായി തിരിച്ചുവരവ് പ്രയാസമായി. അതോടെ ത്രോ ഡൗണിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടംകൈ ഫ്ലിക്കർമാർ വിരളമായതിനാൽ പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു. 5 വർഷം കേരള രഞ്ജി ടീമിനൊപ്പമുണ്ടായിരുന്ന ബെൻ പിന്നാലെ, മധുരൈ പാന്തേഴ്സിൽ എത്തി. അവിടെ വച്ചാണ് ബെംഗളൂരു ടീമിലേക്കുള്ള ക്ഷണം കിട്ടിയത്.
∙ ആരാണ് ഫ്ലിക്കർ?
റോബോ ആം എന്ന സ്റ്റിക് ഉപയോഗിച്ച് നെറ്റ്സിൽ ബാറ്റർമാർക്ക് പന്തെറിയുന്നതാണ് ഫ്ലിക്കറുടെ ജോലി. എതിർ ടീമിലെ ബോളർമാരെ അനുകരിക്കുകയാണ് (ക്ലോൺ) ഒരു പരിധിവരെ ഫ്ലിക്കർ ചെയ്യുന്നത്. ഒരു സാധാരണ പേസ് ബോളറെപ്പോലെ ഇൻ സ്വിങ്, ഔട്ട് സ്വിങ്, സ്ലോവർ, കട്ടർ, ബാക്ക് ഓഫ് ദ് ഹാൻഡ് തുടങ്ങി എല്ലാത്തരം പന്തുകളും എറിയും. കളിയുടെ ഫോർമാറ്റിനും ബാറ്റർമാരുടെ ആവശ്യങ്ങൾക്കും അനുസരിച്ച് എല്ലാ വിധ പന്തുകളും എറിയേണ്ടി വരും.
English Summary:









English (US) ·