Published: August 09, 2025 09:21 AM IST
1 minute Read
ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളുടെ അഭിമാനവും ആവേശവുമായിരുന്ന ഐഎസ്എൽ ഫുട്ബോളിന് എന്താണു സംഭവിക്കുന്നത്? ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്)തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) പുതുക്കത്തതാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണമെങ്കിലും അവിടെ തീരുന്നില്ല കാര്യങ്ങൾ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസും ലീഗിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക ഐഎസ്എൽ ക്ലബ്ബുകളും നഷ്ടത്തിലാണ്.
വിദേശ കളിക്കാർ ക്ലബ്ബുകൾ വിട്ടുതുടങ്ങി. ടീമുകൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. സ്പോൺസർമാർ പിൻവാങ്ങിയതോടെ ടീമുകളെല്ലാം ഞെരുക്കത്തിലാണ്. ഈ സീസണിൽ ചെലവു കുറയ്ക്കാൻ വേദികളുടെ എണ്ണവും ലീഗിന്റെ ദൈർഘ്യവും കുറയ്ക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു.
∙ ക്ലബ്ബുകളുടെ പോക്കറ്റ് കാലി!
ഐഎസ്എൽ ക്ലബ്ബുകൾ ഓരോ വർഷവും അടയ്ക്കേണ്ട വാർഷിക ഫീസ് കോടികളാണ്. ഇതു താങ്ങാൻ എല്ലാ ടീമുകൾക്കും കഴിയില്ല.. ലീഗിന്റെ ജനപ്രീതി കൂടിയിട്ടുണ്ടെങ്കിലും മിക്ക ക്ലബ്ബുകളും നഷ്ടത്തിലാണ്. ബെംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി തുടങ്ങിയ ചുരുക്കം ടീമുകൾ മാത്രമാണ് ലാഭത്തിൽ. വരവിനെക്കാൾ കൂടുതലാണ് ചെലവ് എന്നു ക്ലബ്ലുകൾ ആരോപിക്കുന്നു. എല്ലാ ക്ലബ്ബുകൾക്കും സ്വന്തമായി ഗ്രൗണ്ടില്ല.
മൈതാനങ്ങൾ വാടകയ്ക്കു കൊടുത്ത് കാശുണ്ടാക്കുന്ന രീതി പലയിടത്തുമുണ്ടെങ്കിലും ഇവിടെ അതും സാധ്യമല്ല. ഐപിഎലിന്റെ പരസ്യ വരുമാനം താരതമ്യം ചെയ്താൽ ഐഎസ്എലിന്റെ ദാരിദ്ര്യം കൂടുതൽ വ്യക്തമാകും. ഐപിഎൽ പരസ്യത്തിലൂടെ 10,000 കോടിയോളം എല്ലാ വർഷവും നേടുമ്പോൾ ഐഎസ്എലിനു കിട്ടുന്നതാവട്ടെ 270 കോടി രൂപയും.
∙ തരം താഴ്ത്തലില്ല
ലോകത്തു മറ്റെല്ലായിടത്തുമുള്ള രീതിയിൽ അല്ല ഇന്ത്യയിലെ ലീഗ് ഘടന. ഇന്ത്യയിൽ മുകളിലത്തെ തട്ടിൽ ഐഎസ്എലും അതിനു താഴെ ഐ ലീഗും തുടർന്നു മറ്റു ഡിവിഷൻ ലീഗുകളുകളും എന്നതാണ് ഘടന. ഐ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യമെത്തുന്ന ടീമിന് അടുത്ത സീസണിൽ ഐഎസ്എൽ കളിക്കാം.
എന്നാൽ, ഐഎസ്എലിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാകുന്ന ടീം മറ്റു ലീഗുകളിലേതു പോലെ ഐ ലീഗിലേക്കു തരം താഴ്ത്തപ്പെടുന്നില്ല. ഇതൊരു പ്രതിസന്ധിയാണ്. താഴെത്തട്ടിൽ ഫുട്ബോൾ വികസനത്തിനായി ക്ലബ്ബുകൾ ഒന്നും ചെയ്യുന്നില്ല. അതിനാൽ ഇന്ത്യയിലെ ഫുട്ബോളിന് ഗ്രാസ്റൂട്ട് തലത്തിൽ വളർച്ചയില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
English Summary:








English (US) ·