Published: May 29 , 2025 11:59 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി മൂന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് അവസാന ലീഗ് മത്സരത്തിനു പിന്നാലെ ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽനിന്ന് മടങ്ങുന്നത്. പ്ലേഓഫിലെ നിർണായക മത്സരങ്ങളിൽ ടീമിന് കനത്ത തിരിച്ചടിയാണെങ്കിലും, മുംബൈ ഇന്ത്യൻസ് മൂവർക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഐപിഎൽ എലിമിനേറ്ററിൽ നാളെ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് മൂന്ന് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നവരാണ് വിൽ ജാക്സും റയാൻ റിക്കിൾട്ടനും. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് ഐപിഎലിലേക്ക് എത്തിയ കോർബിൻ ബോഷും ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ കളിച്ച താരമാണ്.
വെസ്റ്റിൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടംപിടിച്ച സാഹചര്യത്തിലാണ് വിൽ ജാക്സിന്റെ മടക്കം. പരമ്പരയിലെ ആദ്യ മത്സരം ഇന്നാണ് നടക്കുക. ദക്ഷിണാഫ്രിക്കൻ താരങ്ങളായ റിക്കിൾട്ടനും ബോഷും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗങ്ങളാണ്. നിർണായ മത്സരത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഇരുവരും ഐപിഎൽ വിട്ടത്. ജൂൺ 11 മുതൽ 15 വരെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ.
ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി 13 മത്സരങ്ങളിൽ കളിച്ച വിൽ ജാക്സ് ആകെ 233 റൺസും ആറു വിക്കറ്റുകളും നേടി. കഴിഞ്ഞ സീസണിൽ ആർസിബിക്കായി കളിച്ചിരുന്ന വിൽ ജാക്സിനെ, ഇത്തവണ താരലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറായിരുന്ന റയാൻ റിക്കിൾട്ടൻ, മൂന്ന് അർധസെഞ്ചറികൾ ഉൾപ്പെടെ ആകെ നേടിയത് 388 റൺസാണ്. മുംബൈ താരങ്ങളിൽ റൺവേട്ടക്കാരിൽ രണ്ടാമും റിക്കിൾട്ടൻ തന്നെ. മൂന്നു മത്സരങ്ങൾ കളിച്ച ബോഷിന് 47 റൺസും ഒരു വിക്കറ്റുമാണ് സമ്പാദ്യം.
ടീം വിടുന്ന താരങ്ങൾക്കു പകരമായി ഇംഗ്ലിഷ് താരങ്ങളായ ജോണി ബെയർസ്റ്റോ, റിച്ചാർഡ് ഗ്ലീസൻ, ശ്രീലങ്കയുടെ ചരിത് അസാലങ്ക എന്നിവരെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിട്ടുണ്ട്. എലിമിനേറ്ററിൽ രോഹിത് ശർമയ്‌ക്കൊപ്പം ജോണി ബെയർസ്റ്റോ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് സൂചന.
English Summary:








English (US) ·