Published: May 14 , 2025 08:10 AM IST
1 minute Read
ന്യൂഡൽഹി∙ അതിർത്തിയിലും നിയന്ത്രണരേഖയിലും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ, ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. 17നു ബെംഗളൂരുവിൽ നടക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെ പുനരാരംഭിക്കുന്ന ഐപിഎൽ 18–ാം സീസണിൽ, 6 വേദികൾ മാത്രമേ ഉണ്ടാകൂ. ബെംഗളൂരുവിനു പുറമേ, അഹമ്മദാബാദ്, ജയ്പുർ, ലക്നൗ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് വേദികളുടെ എണ്ണം കുറച്ചത്. ജൂൺ 3നാണ് ഫൈനൽ. 17 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മേയ് 9നാണ് ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചത്. മത്സരങ്ങൾ പുനരാരംഭിക്കുമ്പോഴും നാട്ടിലേക്കു മടങ്ങിയ വിദേശതാരങ്ങളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തിൽ ടീമുകൾക്കു വ്യക്തതയില്ല. സുരക്ഷാ പ്രശ്നം മുൻനിർത്തിയാണ് വിദേശതാരങ്ങളെ നാട്ടിലേക്കു മടങ്ങാൻ ബിസിസിഐ അനുവദിച്ചത്. ഇവരെ തിരിച്ചെത്തിക്കാൻ ടീമുകൾക്കു മേൽ ബിസിസിഐ സമ്മർദം ചെലുത്തുന്നുണ്ട്. പുതുക്കിയ മത്സരക്രമം പ്രഖ്യാപിച്ചതിനു പിന്നാലെ ടീമുകൾ പരിശീലനം ആരംഭിച്ചു.
∙ സമ്മർദവുമായി ബിസിസിഐ
ഐപിഎൽ നിർത്തിവച്ചതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ വിദേശതാരങ്ങളെ തിരികെയെത്തിക്കാൻ ക്രിക്കറ്റ് ബോർഡുകൾക്കു മേൽ സമ്മർദം ചെലുത്തി ബിസിസിഐ. ഓരോ ക്രിക്കറ്റ് ബോർഡുകളെയും പ്രത്യേകം ബന്ധപ്പെട്ട് കളിക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കാൻ ഐപിഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹേമങ് അമിനെ ബിസിസിഐ ചുമതലപ്പെടുത്തി.
പുതുക്കിയ മത്സരക്രമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ടീമുകൾ തങ്ങളുടെ വിദേശതാരങ്ങളെ ബന്ധപ്പെട്ടു തുടങ്ങി. എല്ലാ വിദേശതാരങ്ങളെയും തിരികെയെത്തിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി പല വിദേശതാരങ്ങളും തിരികെവരാൻ താൽപര്യപ്പെടുന്നില്ലെന്നാണ് വിവരം.
English Summary:








English (US) ·