ഐപിഎൽ രണ്ടാം ക്വാളിഫയർ ഇന്ന്; ഫൈനലിൽ എതിരാളികളായി ആരു വരും, പഞ്ചാബോ മുംബൈയോ? നെഞ്ചിടിപ്പോടെ ബെംഗളൂരുവും!

7 months ago 8

അഹമ്മദാബാദ്∙ ഒരു വശത്ത് ഐപിഎലിലെ കന്നിക്കിരീടം മോഹിച്ചെത്തിയ പഞ്ചാബ് കിങ്സ്, മറുവശത്ത് തങ്ങളുടെ ട്രോഫി കാബിനിൽ ആറാം കിരീടത്തിനുള്ള സ്ഥലമൊരുക്കി കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ്; 18–ാം സീസണിലെ ‘സെമിഫൈനൽ’ പോരാട്ടമായ രണ്ടാം ക്വാളിഫയറിനായി ഇന്ന് മുംബൈ– പഞ്ചാബ് ടീമുകൾ നേർക്കുനേർ വരുമ്പോൾ ഒരു സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കുറഞ്ഞതൊന്നും ഇരു ടീമിന്റെയും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നെങ്കിലും ഒന്നാം ക്വാളിഫയറിൽ ബെംഗളൂരുവിനോട് ദയനീയ തോൽവി വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം പഞ്ചാബിനുണ്ട്. മറുവശത്ത് നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്ന മുംബൈ, കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്.

മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. ഇന്നത്തെ വിജയികൾ 3ന് നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

∙ പഞ്ചാബിന്റെ സ്വപ്നം

ഞങ്ങൾ ഒരു പോരാട്ടം തോറ്റു എന്നത് ശരിയാണ്. പക്ഷേ, യുദ്ധം ഇപ്പോഴും ബാക്കിയാണ്’ എന്നായിരുന്നു ഒന്നാം ക്വാളിഫയറിലെ തോൽവിക്കു ശേഷം പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത്. ഈ പോരാട്ടവീര്യം തന്നെയാണ് 18–ാം സീസണിൽ ടീമിന്റെ കൈമുതൽ. ശ്രേയസിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര തന്നെയാണ് ടൂർണമെന്റിൽ ഉടനീളം പഞ്ചാബ് കുതിപ്പിനു ചുക്കാൻ പിടിച്ചത്.

ഓപ്പണിങ്ങിൽ പ്രഭ്സിമ്രൻ സിങ്– പ്രിയാംശ് ആര്യ കൂട്ടുകെട്ടു നൽകുന്ന തുടക്കം ശ്രേയസ് അയ്യരും ജോഷ് ഇൻഗ്ലിസും ഏറ്റുപിടിച്ചാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാകും. എന്നാൽ മധ്യനിരയിൽ മത്സരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ബാറ്ററുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്.

ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയ്നിസ്, നേഹൽ വധേര എന്നിവരിൽ ഒരാൾ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ബെംഗളൂരുവിനെതിരായ മത്സരത്തിലെ കൂട്ടത്തകർച്ച ആവർത്തിക്കാൻ ഇടയുണ്ട്. ബോളിങ്ങിൽ അർഷ്ദീപ് സിങ്ങിനെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ടൂർണമെന്റിൽ പലകുറി പഞ്ചാബിന് ബോധ്യപ്പെട്ടതാണ്.

‌ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസൻ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി നാട്ടിലേക്കു മടങ്ങിയതോടെ പഞ്ചാബിന്റെ പേസ് അറ്റാക്ക് കൂടുതൽ ദുർബലമായി. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിന്റെ പരുക്കും ടീമിന് തലവേദനയാണ്.

∙ ക്യാപ്റ്റൻ കൂൾ

ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും കൂൾ ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ശ്രേയസ് അയ്യരിൽ തന്നെയാണ് രണ്ടാം ക്വാളിഫയറിൽ ടീമിന്റെ പ്രതീക്ഷ. 15 മത്സരങ്ങളിൽ നിന്ന് 46.91 ശരാശരിയിൽ 516 റൺസുമായി ടീമിന്റെ ബാറ്റിങ് നിരയെ താങ്ങിനിർത്തിയത് ശ്രേയസാണ്. ഇന്ന് രണ്ടാം ക്വാളിഫയറിന് ഇറങ്ങുമ്പോൾ ശ്രേയസിന്റെ ഫോമിൽ തന്നെയാണ് പഞ്ചാബ് ആരാധകരുടെ മുഴുവൻ പ്രതീക്ഷയും.

∙ മുംബൈയുടെ ധൈര്യം

പ്ലേഓഫ് മത്സരങ്ങൾ ജയിക്കാനും ഫൈനലിൽ കപ്പുയർത്താനും മുംബൈയോളം മിടുക്കുള്ള ടീം ഐപിഎലിൽ ഇല്ലെന്നു തന്നെ പറയാം. പതിവു തെറ്റിക്കാതെ, സീസണിന്റെ തുടക്കത്തിൽ നിറംമങ്ങിയ മുംബൈ അവസാന ലാപ്പിൽ ആവേശക്കുതിപ്പു നടത്തിയാണ് പ്ലേഓഫിന് യോഗ്യത നേടിയത്. താരസമ്പന്നമായ ടീമിന്റെ ഒത്തിണക്കമില്ലായ്മയാണ് തുടക്കത്തിൽ മുംബൈ നേരിട്ട പ്രശ്നമെങ്കിൽ പ്ലേഓഫിനു മുൻപ് അതെല്ലാം പരിഹരിക്കുന്നതി‍ൽ ഹാർദിക് പാണ്ഡ്യയും സംഘവും വിജയിച്ചു.

രോഹിത് ശർമ– ജോണി ബെയർസ്റ്റോ ഓപ്പണിങ് ജോടി എലിമിനേറ്ററിൽ ഫോം കണ്ടെത്തിയത് ടീമിന് ആത്മവിശ്വാസം നൽകുന്നു. സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധിർ എന്നിവരടങ്ങിയ മധ്യനിര സുശക്തം. ഒരു ഫിനിഷറുടെ അഭാവം ടീമിനെ അലട്ടുന്നുണ്ടെങ്കിലും ക്യാപ്റ്റൻ ഹാർദിക്കിലൂടെ അതു മറികടക്കാൻ സാധിക്കുമെന്നാണ് മുംബൈയുടെ പ്രതീക്ഷ.

ജസ്പ്രീത് ബുമ്ര– ട്രെന്റ് ബോൾട്ട് പേസ് ജോടിയാണ് മുംബൈയുടെ വജ്രായുധം. പവർപ്ലേയിൽ ബോൾട്ടും ഡെത്ത് ഓവറുകളിൽ ബുമ്രയും മത്സരത്തിന്റെ ഗതി തിരിക്കാൻ കഴിവുള്ളവരാണ്. മധ്യനിരയിൽ മിച്ചൽ സാന്റ്നറുടെ സ്പിന്നും ടീമിന്റെ ബലം വർധിപ്പിക്കുന്നു. എലിമിനേറ്ററിൽ മികവുകാട്ടിയ ഇംഗ്ലിഷ് പേസർ റിച്ചാർഡ് ഗ്ലീസൻ കൂടി ചേരുന്നതോടെ മുംബൈ ബോളിങ് നിര ഡബിൾ സ്ട്രോങ്.

∙ ബുമ്ര ദ് ബോസ്

എതിർ ടീം ഏതായാലും ബാറ്റർ ആരായാലും പന്തെറിയുന്നത് ജസ്പ്രീത് ബുമ്രയാണെങ്കിൽ മുംബൈ ആരാധകർക്ക് പിന്നെ പേടിക്കാനില്ല. ലീഗ് ഘട്ടത്തിലെ ഏറക്കുറെ എല്ലാ മത്സരങ്ങളിലും മുംബൈയുടെ വിജയക്കുതിപ്പിന് ആധാരമായത് ബുമ്രയുടെ 4 ഓവറുകളായിരുന്നു.

എലിമിനേറ്ററിൽ ഇരു ടീമിലെ ബോളർമാരും ചേർന്ന് 40 ഓവറിൽ 436 റൺസ് വഴങ്ങിയപ്പോൾ ബുമ്രയുടെ 4 ഓവറിൽ പിറന്നത് 27 റൺസ് മാത്രം. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് ബാറ്റർമാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ 4 ഓവറുകളായിരിക്കും.

English Summary:

Punjab Kings vs Mumbai Indians, Qualifier 2, IPL 2025 Match - Preview

Read Entire Article