ഐപിഎൽ ലേലത്തിൽ പങ്കെടുക്കണം; ആഷസ് ടെസ്റ്റിനിടെ അവധിയെടുത്ത് ഓസ്ട്രേലിയൻ പരിശീലകൻ

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 11, 2025 12:41 PM IST

1 minute Read

 DAVID GRAY / AFP
ആഷസ് മത്സരത്തിനു ശേഷം ഹസ്തദാനം ചെയ്യുന്ന ഇംഗ്ലണ്ട്– ഓസ്ട്രേലിയ താരങ്ങൾ. Photo: DAVID GRAY / AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനു വേണ്ടി ആഷസ് ടെസ്റ്റിനിടെ അവധിയെടുക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് പരിശീലകൻ ഡാനിയൽ വെറ്റോറി. ലേലത്തിൽ പങ്കെടുക്കുന്നതിനായി അബുദബിയിലേക്കു പോകാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഹെഡ് കോച്ചായ വെറ്റോറി ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അപേക്ഷ നൽകി. ഡിസംബർ 16നാണ് ഐപിഎൽ മിനി ലേലം നടക്കുന്നത്.

ഡിസംബർ 17 മുതലാണ് ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരം നടക്കേണ്ടത്. ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഓസീസ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2–0ന് മുന്നിലാണ്. അതേസമയം ആഷസ് കമന്ററി പാനലിലുള്ള പഞ്ചാബ് കിങ്സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് ലേലത്തിൽ പങ്കെടുക്കില്ല. എന്നാൽ പഞ്ചാബ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ അബുദബിയിലെത്തും.

കാമറൂണ്‍ ഗ്രീൻ, ജോഷ് ഇംഗ്ലിഷ്, മാത്യു ഷോർട്ട്, കൂപർ കോണോലി, ബ്യൂ വെബ്സ്റ്റർ തുടങ്ങി 19 ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎൽ ലേലത്തിന്റെ ഭാഗമാകും. രണ്ടു കോടി അടിസ്ഥാന വിലയുള്ള കാമറൂൺ ഗ്രീനിനു വേണ്ടി ലേലത്തിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ലേലത്തിനായി റജിസ്റ്റർ ചെയ്ത 1,390 താരങ്ങളിൽ 1,005 പേരെ ഒഴിവാക്കിയശേഷമാണ് സംഘാടകർ 350 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഇവരിൽ 240 പേർ ഇന്ത്യക്കാരാണ്. 16ന് അബുദാബിയിൽ നടക്കുന്ന താരലേലത്തിൽ പരമാവധി 77 കളിക്കാരെയാണ് 10 ഫ്രാഞ്ചൈസികൾ ചേർന്ന് സ്വന്തമാക്കുക. ഇതിൽ 31 സ്ലോട്ടുകൾ വിദേശ താരങ്ങളുടേതാണ്. 10 രാജ്യങ്ങളിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ലേലത്തിൽ പങ്കെടുക്കും.

2021ൽ അവസാന ഐപിഎൽ കളിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കും ലേലപ്പട്ടികയിലുണ്ട്. ലേലത്തിലെ ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപ ക്ലബ്ബിൽ ആകെ 40 താരങ്ങൾ ഇടംപിടിച്ചപ്പോൾ ഇന്ത്യക്കാരായി വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും മാത്രമാണുള്ളത്. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, ന്യൂസീലൻഡിന്റെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയവർക്കും 2 കോടിയാണ് അടിസ്ഥാന വില.

English Summary:

Australia Coach To Leave Ashes For IPL Auction

Read Entire Article