ഐപിഎൽ ലോഗോ ബംഗ്ലദേശ് ബാറ്ററുടേത്! മുസ്തഫിസുറിനെ പുറത്താക്കിയതിനാൽ അതും മാറ്റണം; പ്രതിഷേധവുമായി ആരാധകർ

2 weeks ago 2

ഓൺലൈൻ ഡെസ്ക്

Published: January 06, 2026 09:32 AM IST

1 minute Read

ബംഗ്ലദേശ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രം.
ബംഗ്ലദേശ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രം.

ധാക്ക∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലോഗോ മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലദേശ് ക്രിക്കറ്റ് ആരാധകർ രംഗത്ത്. ബംഗ്ലദേശിന്റെ മുൻ താരമായ മഷ്റഫെ മൊർത്താസയുടെ ഫോട്ടോയിൽനിന്നാണ് ഐപിഎലിന്റെ ലോഗോ ഉണ്ടാക്കിയതെന്നാണ് ഒരു വിഭാഗം ആരാധകരുടെ അവകാശവാദം. ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍നിന്നു പുറത്താക്കിയ സാഹചര്യത്തിൽ, ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ കൂടിയായ മൊർത്താസയുടെ ബാറ്റിങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ ലോഗോ ഇനി ഇന്ത്യ ഉപയോഗിക്കരുതെന്ന് ബംഗ്ലദേശ് ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സംഭവത്തിൽ ബിസിസിഐയോ, ഐപിഎൽ‌ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഷ്റഫെ മൊർത്താസ 2007ലെ ലോകകപ്പിൽ കളിച്ച ഒരു ഷോട്ടിൽനിന്നാണ് ഐപിഎൽ സംഘാടകർ പ്രശസ്തമായ ലോഗോ കണ്ടെത്തിയതെന്നാണ് ബംഗ്ലദേശ് ആരാധകരുടെ നിലപാട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎലിന്റെ ലോഗോ ഡിസൈൻ ചെയ്തത്.

മഷ്റഫെ മൊർത്താസയുടെ ഷോട്ടിൽനിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഗോ ഡിസൈൻ ചെയ്തതെന്ന് വർഷങ്ങളായി ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഐപിഎലിൽനിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയിരുന്നു. 2026 ഐപിഎലിനു വേണ്ടി മിനിലേലത്തിൽ 9.20 കോടി രൂപ നൽകി മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയിരുന്നു.

ബംഗ്ലദേശിൽ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ശക്തമായതോടെ ബംഗ്ലദേശ് താരത്തെ മാറ്റിനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇന്ത്യയിൽ പ്രതിഷേധം കനത്തതോടെയാണ് ബിസിസിഐ ഇടപെട്ട് മുസ്തഫിസുറിനെ പുറത്താക്കിയത്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാനെത്തില്ലെന്നും, ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ബംഗ്ലദേശിൽ ഐപിഎൽ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്നും പ്രാദേശിക ചാനലുകളോട് ബംഗ്ലദേശ് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

English Summary:

IPL Logo Controversy: Bangladeshi cricket fans request the IPL logo change, claiming it's based connected Mashrafe Mortaza's photo. The request arose aft Mustafizur Rahman was dropped from the IPL amidst protests against Hindu assemblage unit successful Bangladesh.

Read Entire Article