Published: August 11, 2025 09:36 PM IST Updated: August 12, 2025 09:13 AM IST
1 minute Read
ചെന്നൈ∙ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി സമർപ്പിച്ച മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 10 വർഷം പഴക്കമുള്ള കേസിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഐപിഎൽ വാതുവയ്പ് വിവാദത്തിലേക്ക് അനാവശ്യമായി പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് 2014ലാണ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സീ മിഡിയോ കോർപറേഷൻ, ന്യൂസ് നേഷൻ നെറ്റ്‌വർക് എന്നിവർക്കൊപ്പം മാധ്യപ്രവർത്തകനായ സുധീർ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ജി.സമ്പത്ത് കുമാർ എന്നിവര്‍ക്കെതിരെയാണ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് സി.വി. കാർത്തികേയകൻ, തെളിവുകൾ ശേഖരിക്കുന്നതിനായി ഒരു അഡ്വക്കേറ്റ് കമ്മിഷണറെ പ്രത്യേകം നിയോഗിച്ചു. ക്രിക്കറ്റ് സൂപ്പർതാരം എന്ന നിലയിൽ ധോണി കോടതിയിൽ ഹാജരാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് മുൻകൂട്ടി കണ്ടാണ് നടപടി. ധോണിക്കും എതിർകക്ഷികൾക്കും ഉൾപ്പെടെ ഉചിതമായ സ്ഥലത്തും സമയത്തുമായിക്കും തെളിവു ശേഖരണം.
2014 മുതൽ കോടതിയിലുള്ള പ്രസ്തുത ഹർജിയുമായി മുന്നോട്ടുപോകുന്നുവെന്ന് വ്യക്തമാക്കി ധോണി സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബോർ 20 മുതൽ ഡിസംബർ 10 വരെ ഏതു സമയത്തും ഹാജരാകാൻ സന്നദ്ധനാണെന്നും ധോണി കോടതിയെ അറിയിച്ചിരുന്നു.
2013ലെ ഐപിഎൽ പരമ്പരയിൽ വാതുവയ്പ് നടന്ന സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സമ്പത്ത്. വാതുവയ്പിൽ ധോണിക്കും പങ്കുണ്ടെന്ന തരത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് ധോണി 100 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു. കേസ് പരിഗണിച്ച കോടതി, ധോണിക്കെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
എന്നാൽ, കേസിൽ സമ്പത്ത് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വിമർശിച്ചെന്നും വാതുവയ്പിൽ ധോണിക്കും പങ്കുണ്ടെന്ന തരത്തിൽ ചാനൽ ചർച്ചയിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപണം ഉയർന്നു. സത്യവാങ്മൂലത്തിലെ ചില പരാമർശങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരെയുള്ളതാണെന്നും ഇവ സാധാരണക്കാരനു നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും ചൂണ്ടിക്കാട്ടി ധോണി തന്നെയാണു വീണ്ടും ഹർജി നൽകിയത്.
അതിനിടെ, ഐപിഎൽ ഒത്തുകളി വിവാദത്തിൽ എം.എസ്. ധോണി നൽകിയ മാനനഷ്ടക്കേസിലെ വിധിക്കെതിരെ ഹിന്ദി വാർത്താ ചാനലായ ന്യൂസ് നേഷൻ നൽകിയ പുനഃപരിശോധനാ ഹർജി മദ്രാസ് ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. ധോണിയുടെ ചോദ്യങ്ങൾക്കു വാർത്താ ചാനൽ മറുപടി നൽകണമെന്ന 2022ലെ ഉത്തരവാണു പുനഃപരിശോധിക്കാൻ വിസമ്മതിച്ചത്.
English Summary:








English (US) ·