മുംബൈ∙ കുപ്രസിദ്ധമായ ഐപിഎൽ വാതുവയ്പ് കേസിൽ മലയാളി താരം എസ്.ശ്രീശാന്തിനൊപ്പം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അങ്കിത് ചവാൻ ഇനി മുംബൈ ടീമിന്റെ പരിശീലകൻ. വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ചുമത്തിയിരുന്ന വിലക്കിന്റെ കാലാവധി പൂർത്തിയായതിനു പിന്നാലെയാണ്, മുംബൈയുടെ അണ്ടർ 14 ടീമിന്റെ പരിശീലകനായി അങ്കിത് ചവാനെ നിയോഗിച്ചത്. 2013ലെ ഐപിഎൽ വാതുവയ്പു കേസിൽ അങ്കിത് ചവാനെതിരെയും ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ 2021ൽ ബിസിസിഐ ഇത് ഏഴു വർഷമായി വെട്ടിക്കുറച്ചതോടെയാണ് താരത്തിന് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങിയത്.
ക്രിക്കറ്റ് കരിയറിൽ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 20 ലിസ്റ്റ് എ മത്സരങ്ങളും 13 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ചവാൻ. ബിസിസിഐ വിലക്കുള്ള സമയത്തും ക്ലബ് ക്രിക്കറ്റിൽ അങ്കിത് ചവാൻ സജീവമായിരുന്നു. മുംബൈയിലെ കർണാടക സ്പോർട്സ് ക്ലബ്ബിനായാണ് ചവാൻ കളിച്ചിരുന്നത്. തുടർന്ന് പരിശീലക ജോലിയിൽ ശ്രദ്ധയൂന്നിയ ചവാൻ ലെവൽ–1 പരീക്ഷ പാസായി.
ആഭ്യന്തര ക്രിക്കറ്റിലെ ശക്‌തിദുർഗമായ മുംബൈയുടെ വിശ്വസ്‌ത സ്‌പിന്നറായി പേരെടുത്തു വരുമ്പോഴാണ് അങ്കിത് ചവാൻ ഐപിഎൽ വാതുവയ്പ് കേസിൽ കുടുങ്ങിയത്. 2013 ജനുവരിയിൽ മുംബൈയ്ക്ക് 40–ാം രഞ്ജി ട്രോഫി കിരീടം സമ്മാനിച്ചത് ചവാന്റെ കൂടി മികവായിരുന്നു. മധ്യനിരയിൽ ബാറ്റ് കൊണ്ടും ആശ്രയിക്കാവുന്ന ഇടംകൈയൻ സ്‌പിന്നറായ ചവാനായിരുന്നു ആ സീസണിൽ മുംബൈയ്‌ക്കുവേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ നേടിയത്. കരുത്തരായ പഞ്ചാബിനെതിരെ വാങ്കഡെയിൽ 23 റൺസ് വഴങ്ങി ഒൻപതു വിക്കറ്റുകൾ പിഴുതെടുത്തതോടെ ടീമിന്റെ തുരുപ്പുചീട്ടായി മാറി.
തുടർന്ന് മുംബൈ ഇന്ത്യൻസിലൂടെ ആദ്യ ഐപിഎൽ കരാർ സ്വന്തമാക്കിയ അങ്കീത് രണ്ടു വർഷത്തിനു ശേഷം രാജസ്‌ഥാൻ റോയൽസിലെത്തി. 2013 സീസണിൽ മൂന്നു മൽസരങ്ങളിൽ കളത്തിലിറങ്ങി. ഒരു വിക്കറ്റായിരുന്നു സമ്പാദ്യം. അങ്കീതിന്റെ പേരിൽ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 18 മൽസരങ്ങളിൽ നിന്നായി 53 വിക്കറ്റുകളും 36 റൺസ് ശരാശരിയിൽ 571 റൺസുമുണ്ട്.
വാതുവയ്‌പു കേസിൽ അറസ്‌റ്റിലായ ചവാൻ, ജയിലിലായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് നേഹ സംബാരിയെ വിവാഹം കഴിച്ചത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്. അങ്കിത് ഐപിഎൽ താരമായതു മുതൽ ഒപ്പമുണ്ടായിരുന്ന ക്രിക്കറ്റ്, സിനിമാ താരത്തിളക്കമൊന്നുമില്ലാതെയായിരുന്നു ചടങ്ങ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഏതാനും അയൽക്കാരും മാത്രമാണു പങ്കെടുത്തത്. ചടങ്ങിന് എത്തുന്നവരെ നിരീക്ഷിക്കാൻ പൊലീസ് മഫ്‌തിയിലെത്തിയിരുന്നു.
∙ അങ്കിതിനെതിരായ ഒത്തുകളി ആരോപണം ഇങ്ങനെ
മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മൽസരത്തിൽ അങ്കിത് ചവാൻ ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. ഈ മൽസരത്തിൽ പുറത്തിരുന്ന സഹതാരം അജീത് ചാന്ദിലയായിരുന്നു വാതുവയ്‌പു സംഘത്തിനും അങ്കിത്തിനും ഇടയിലെ മധ്യസ്‌ഥൻ. രണ്ടാം ഓവറിൽ പതിമൂന്നോ അതിലധികമോ റൺസ് വിട്ടുകൊടുക്കാമെന്ന ധാരണ അങ്കിത് പാലിച്ചു. കയ്യിലെ ബാൻഡ് നീക്കുകയെന്ന അടയാളത്തിനു ശേഷമുള്ള ഓവറായിരിക്കും ഒത്തുകളിക്കുക എന്നതായിരുന്നു ധാരണ.
ആദ്യ ഓവറിൽ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത താരം രണ്ടാം ഓവറിൽ മോശം പന്തുകളെറിഞ്ഞു. ആദ്യ പന്തിൽ സിക്‌സർ, രണ്ടാം പന്തിൽ രണ്ടു റൺസ്, മൂന്നാം പന്തിൽ വീണ്ടും സിക്‌സർ. ധാരണപ്രകാരമുള്ള റൺസ് വഴങ്ങിയ അങ്കിത് അടുത്ത മൂന്നു പന്തുകൾ മികച്ച രീതിയിലെറിഞ്ഞ് ഒരു റൺ മാത്രമാണു വിട്ടുകൊടുത്തത്. 60 ലക്ഷം രൂപയായിരുന്നു അങ്കിത്തിനു വാഗ്‌ദാനം ചെയ്‌തിരുന്നത്. ‘സന്തോഷമായില്ലേ’എന്നു വാതുവയ്‌പു സംഘത്തോട് മൽസരശേഷം ചാന്ദില ഫോണിൽ ചോദിച്ചതായും ആരോപണമുണ്ടായിരുന്നു.
English Summary:








English (US) ·