ഐപിഎൽ സീസണിനു പിന്നാലെ റിയാൻ പരാഗിന് പുതിയ നിയോഗം; നമീബിയൻ പര്യടനത്തിലും ക്യാപ്റ്റൻ, ആദ്യ മത്സരം ജൂൺ 21ന് വിൻഹോക്കിൽ

7 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: June 13 , 2025 09:01 PM IST

1 minute Read

 Rajasthan Royals’ skipper  Riyan Parag during a signifier    league   earlier  an Indian Premier League (IPL) 2025 T20 cricket lucifer  betwixt  Rajasthan Royals and Kolkata Knight Riders, astatine  the Barsapara Cricket Stadium, successful  Guwahati, Assam, Wednesday, March 26, 2025. (PTI Photo) (PTI03_26_2025_000299A)
റിയാൻ പരാഗ് (ഫയൽ ചിത്രം)

വിൻ ഹോക്∙ ഐപിഎൽ 18–ാം സീസണിൽ മലയാളി താരം സഞ്ജു സാംസണിന്റെ അഭാവത്തിൽ വിവിധ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച യുവതാരം റിയാൻ പരാഗിന്, നായകനെന്ന നിലയിൽ പുതിയ ഉത്തരവാദിത്തം. ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായി അസം ക്രിക്കറ്റ് ടീം നടത്തുന്ന നമീബിയൻ പര്യടനത്തിൽ നായകനായി റിയാൻ പരാഗിനെ തിരഞ്ഞെടുത്തു. ജൂൺ 21 മുതലാണ് അസം ടീമിന്റെ നമീബിയൻ പര്യടനം. 

അസം താരങ്ങൾക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ മത്സരപരിചയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ടീമിന്റെ നമീബിയൻ പര്യടനം. റിയാൻ പരാഗിനു പുറമേ ഡെനിഷ് ദാസ്, ആകാശ് സെൻഗുപ്ത, പർവേസ് മുഷാറഫ് തുടങ്ങിയവരും നമീബിയയിൽ പര്യടനം നടത്തുന്ന അസം ടീമിൽ അംഗങ്ങളാണ്. ഇവർ ഉൾപ്പെടെ 24 അംഗ ടീമിനെയാണ് പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

പരിചയസമ്പത്തും യുവത്വവും വിളക്കിച്ചേർത്ത ടീമിനെയാണ് അസം ക്രിക്കറ്റ് അസോസിയേഷൻ നമീബിയൻ പര്യടനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിൽ നാല് വിക്കറ്റ് കീപ്പർ ബാറ്റർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.  

ജൂൺ 21ന് ആരംഭിക്കുന്ന പര്യടനത്തിൽ അഞ്ച് ഏകദിന മത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂൺ 21, 23, 25, 27, 29 തീയതികളിലാണ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. വിൻഹോക്കിലെ എഫ്എൻബി ക്രിക്കറ്റ് സ്റ്റേഡിയമാണ് പരമ്പരയുടെ വേദി.

ഐപിഎലിൽ ഇത്തവണ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത റിയാൻ പരാഗ്, 166.52 സ്ട്രൈക്ക് റേറ്റിൽ 393 റൺസാണ് നേടിയത്. ടീമിന്റെ പ്രകടനം മൊത്തത്തിൽ മോശമായതോടെ ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രാജസ്ഥാനു പിന്നിൽ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

നമീബിയൻ പര്യടനത്തിനുള്ള അസം ടീം

റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡെനിഷ് ദാസ്, പ്രദ്യുൻ സെക്കിയ, രാഹുൽ ഹസാരിക, റിഷവ് ദാസ്, ശിവശങ്കർ റോയ്, ശുഭം മണ്ഡൽ, ആകാശ് സെൻഗുപ്ത, അംലൻജ്യോതി ദാസ്, കുനാൽ ശർമ, മൃൻമോയ് ദത്ത, പർവേസ് മുഷാറഫ്, സ്വരൂപം പുർകായസ്ത, അഭിഷേക് താക്കൂരി (വിക്കറ്റ് കീപ്പർ), അനുരാഗ് തലൂക്ദാർ (വിക്കറ്റ് കീപ്പർ), റൂഹിനന്ദൻ പെഗു (വിക്കറ്റ് കീപ്പർ), സുമിത് ഗാഡിഗാവോങ്കർ (വിക്കറ്റ് കീപ്പർ), അവിനോവ് ചൗധരി, ഭാർഗവ് ദത്ത, ദർശൻ രാജ്ബോങ്ഷി, ദിപ്‌ജ്യോതി സൈക്കിയ, മുഖ്താർ ഹുസൈൻ, രാഹുൽ സിങ്, സിദ്ധാർഥ് ശർമ

English Summary:

Riyan Parag Named Assam Cricket Team Captain for One-Day Series Against Namibia

Read Entire Article