ഐപിഎൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി പതിനാലുകാരൻ വൈഭവ് സൂര്യവംശി (38 പന്തിൽ 101); രാജസ്ഥാന് 8 വിക്കറ്റ് ജയം

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 28 , 2025 01:02 PM IST Updated: April 29, 2025 02:00 AM IST

2 minute Read

സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി. (Photo by Sajjad HUSSAIN / AFP)
സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി. (Photo by Sajjad HUSSAIN / AFP)

ജയ്പൂർ ∙ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയുടെ മിന്നും സെ‍‍ഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ മാച്ച്.

38 പന്തിൽ 11 സിക്സും ഏഴു ഫോറുമുൾപ്പെടെ 101 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഇതോടെ ഐപിഎലിൽ അർധ സെ‍ഞ്ചറി, സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി. ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറിയാണ് മൂന്നാം ഐപിഎൽ മത്സരം കളിച്ച വൈഭവിന്റെ പേരിൽ കുറിക്കപ്പെട്ടത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2013 ൽ 30 പന്തിൽ സെ‍ഞ്ചറി നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചറിയുടെ റെക്കോ‍ഡ്.

ഗുജറാത്ത് ഉയർത്തിയ 210 വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. അ‍‍ഞ്ച് ഓവറിൽ 81 റൺസെടുത്ത കൂട്ടുകെട്ട് 10 ഓവറിൽ 144 റൺസാണെടുത്തത്. കരീം ജനാത്ത് എറിഞ്ഞ പത്താം ഓവറിൽ മൂന്നു സിക്സും മൂന്നു ഫോറുമുൾപ്പെടെ 30 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 38 പന്തുകൾ മാത്രം നേരിട്ട് 11 സിക്സും ഏഴു ഫോറുമുൾപ്പെടെ 101 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. വൈഭവ് സൂര്യവംശി – യശസ്വി ജയ്സ്വാൾ കൂട്ടുകെട്ട് 71 പന്തിൽ 166 റൺസെടുത്തു.

പിന്നാലെയെത്തിയ നിതീഷ് റാണ നാലു റൺസെടുത്തു പുറത്തായി. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗ് – യശസ്വി ജയ്സ്വാൾ കൂട്ടുകെട്ട് 20 പന്തിൽ 41 റൺസെടുത്ത് രാജസ്ഥാനെ വിജയത്തിലേക്കു നയിച്ചു. യശസ്വി ജയ്സ്വാൾ 40 പന്തിൽ രണ്ടു സിക്സും ഒൻപതു ഫോറുമുൾപ്പെടെ 70 റൺസോടെയും റിയാൻ പരാഗ് 15 പന്തിൽ 32 റൺസോടെയും പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മുൻനിര ബാറ്റർമാരുടെ മികവിലാണ് രാജസ്ഥാനെതിരെ ഗുജറാത്ത് മികച്ച സ്കോർ നേടിയത്. നായകൻ ശുഭ്മൻ ഗിൽ മുന്നിൽ നിന്നു നയിച്ച പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. 50 പന്തിൽ നാലു സിക്സും അ‍‍ഞ്ച് ഫോറുമുൾപ്പെടെ 84 റൺസെടുത്താണ് ശുഭ്മൻ ഗിൽ പുറത്തായത്. സായ് സുദർശൻ 39 റൺസെടുത്തു. ശുഭ്മൻ ഗിൽ – സായ് സുദർശൻ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളിൽ 93 റൺസെടുത്തു.

തുടർന്നെത്തിയ ജോസ് ബ‍ട്‍ലറുമായി ചേർന്ന് 38 പന്തിൽ 74 റൺസ് കൂട്ടുകെട്ടും ശുഭ്മൻ ഗിൽ പടുത്തുയർത്തി. വാഷിങ്ടൻ സുന്ദർ 13 റൺസെടുത്തും രാഹുൽ തെവാത്തിയ ഒൻപതു റൺസെടുത്തും പുറത്തായി. ജോസ് ബ‍ട്‍ലർ 50 റൺസോടെയും ഷാറുഖ് ഖാൻ അ‍ഞ്ച് റൺസോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവർ ഓരോ വിക്കറ്റും നേടി.

English Summary:

Rajasthan Royals vs Gujarat Titans, Indian Premier League Match Updates

Read Entire Article