ഐലീഗ് ജേതാവിന്റെ കാര്യം വീണ്ടും നിയമക്കുരുക്കില്‍; പ്രഖ്യാപനം തടഞ്ഞ് കായിക തര്‍ക്ക പരിഹാര കോടതി

8 months ago 6

27 April 2025, 08:43 PM IST

churchill-brothers-i-league-title-dispute

Photo: instagram.com/churchillbrothersfcgoa

ന്യൂഡല്‍ഹി: ഐ-ലീഗ് വിജയികള്‍ ആരെന്നുള്ള പ്രഖ്യാപനവും ട്രോഫി സമ്മാനിക്കലും വീണ്ടും നിയമക്കുരുക്കില്‍. ചര്‍ച്ചിലിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി സ്റ്റേ ചെയ്തു.

വിഷയത്തില്‍ ഇന്റര്‍ കാശിയുടെ അപ്പീല്‍ കേട്ട ശേഷമാണ് കായിക തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. നിലവിലെ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഐ ലീഗ് വിജയിയെ പ്രഖ്യാപിക്കുകയോ മെഡല്‍ദാന ചടങ്ങ് സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് കായിക തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്.

ലീഗ് സമാപിച്ചപ്പോള്‍ 40 പോയിന്റുമായി ചര്‍ച്ചില്‍ ഒന്നാമതായിരുന്നു. രണ്ടാമതുള്ള ഇന്റര്‍ കാശിക്ക് 39 പോയിന്റും. ജനുവരി 13-ന് നാംധാരിക്കെതിരായ കളിയില്‍ കാശി ടീം തോറ്റിരുന്നു. എന്നാല്‍, അയോഗ്യനായ താരത്തെ കളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ അച്ചടക്ക സമിതി നാംധാരി തോറ്റതായി പ്രഖ്യാപിക്കുകയും ഇന്റര്‍ കാശിക്ക് മൂന്നുപോയിന്റ് അനുവദിക്കുകയും ചെയ്തു. ഇതിനെതിരേ അപ്പീല്‍കമ്മിറ്റിക്ക് നല്‍കിയ പരാതിയിലാണ് നാംധാരിക്ക് അനുകൂലവിധി വന്നത്. വിധി നാംധാരിക്ക് എതിരായിരുന്നെങ്കില്‍ മൂന്നു പോയിന്റുകള്‍ അധികമായി നേടി ഇന്റര്‍ കാശി 42 പോയിന്റോടെ ജേതാക്കളാവുമായിരുന്നു. പിന്നാലെ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ജേതാക്കളായി പ്രഖ്യാപിച്ച അപ്പീല്‍കമ്മിറ്റി വിധിക്കെതിരേ ഇന്റര്‍ കാശി അന്താരാഷ്ട കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഇന്റര്‍ കാശിയുടെ അപ്പീല്‍ കേട്ടശേഷമാണ് കോടതി ഇപ്പോള്‍ എഐഎഫ്എഫിന്റെ അപ്പീല്‍ കമ്മിറ്റി വിധി സ്റ്റേ ചെയ്തിരിക്കുന്നത്.

അതേസമയം ഏപ്രില്‍ 29-നകം കേസില്‍ മറുപടി നല്‍കാന്‍ കോടതി, എഐഎഫ്എഫ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നാംധാരി എഫ്‌സി എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: The I-League victor announcement is stalled again. CAS has stayed the AIFF entreaty committee`s decis

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article