ഉദയായുടെ 'സഞ്ചാരി'യിൽ അഭിനയിക്കാൻ വന്ന ആ ചെറുപ്പക്കാരനെ ത്യാഗരാജൻ അന്നേ ശ്രദ്ധിക്കാൻ കാരണം അയാളിലെ വിനയമായിരുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാൾ തൊഴുകൈകളോടെ ത്യാഗരാജനോട് പറഞ്ഞു: " മാസ്റ്റർ, ഞാൻ മോഹൻലാൽ.' പ്രേംനസീറും ജയനുമുൾപ്പെടെ മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരന്ന സഞ്ചാരിയ്ക്ക് വേണ്ടി അഞ്ചോ ആറോ ഫൈറ്റ് ത്യാഗരാജൻ കമ്പോസ് ചെയ്തുവെച്ചിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ഒരു മുറിയിൽ ജയനുമായുള്ള ഒരു ഫൈറ്റ് ഷൂട്ട് ചെയ്യും മുമ്പായി ത്യാഗരാജൻ മോഹൻലാലിന് നിർദേശങ്ങൾ നൽകി. അത് അയാളുടെ രണ്ടാമത്തെ ചിത്രമായതിനാൽ ടൈമിങ്ങിനെക്കുറിച്ച് പ്രത്യേകം പറഞ്ഞുകൊടുത്തു. ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' പ്രദർശനത്തിനെത്താത്തതുകൊണ്ട് ഫൈറ്റിനെക്കുറിച്ച് മോഹൻലാലിന് എത്ര മാത്രം ധാരണയുണ്ടെന്ന് ത്യാഗരാജന് അറിയില്ലായിരുന്നു. എന്നാൽ, ത്യാഗരാജനെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ജയനുമായി ലാൽ ഫൈറ്റ് ചെയ്തു തുടങ്ങിയത്. പറഞ്ഞുകൊടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്ത ലാലിനോട് ത്യാഗരാജന് വലിയ സ്നേഹം തോന്നി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ മോഹൻലാലിനോട് ത്യാഗരാജൻ ചോദിച്ചു: "മുൻപ് കരാട്ടെയോ കളരിയോ പഠിച്ചിരുന്നോ?"
ചിരിച്ചുകൊണ്ട് ലാൽ ചോദിച്ചു: 'സാറെന്താ അങ്ങനെ ചോദിച്ചത്.'
നിങ്ങൾക്ക് അസാമാന്യ മെയ്?വഴക്കമാണ്, അതുകൊണ്ട് ചോദിച്ചതാണ്. ലാലിന്റെ പ്രകടനത്തെ വിലമതിച്ചുകൊണ്ട് ത്യാഗാരാജൻ പറഞ്ഞു.
'സാർ, ഞാൻ കോളേജിൽ റെസ്??ലിങ്ങ് ചാമ്പ്യനായിരുന്നു. പലയിടത്തും ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.'
ലാൽ മറുപടി നൽകിയപ്പോൾ അയാളോട് ത്യാഗരാജന് വലിയ ബഹുമാനം തോന്നി. സഞ്ചാരിയിലെ ഫൈറ്റുകളെല്ലാം ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ ചെയ്തത്. ആ ഫൈറ്റുകൾ എടുക്കും മുൻപ് ത്യാഗരാജനോട് ലാൽ ചോദിച്ചു:'ജയൻ സാർ ഡ്യൂപ്പില്ലാതെയല്ലേ അഭിനയിക്കുന്നത്, അദ്ദേഹത്തിനൊപ്പം ഞാനും ഡ്യുപ്പില്ലാതെ ചെയ്യട്ടെ.'
അതൊരപേക്ഷയായിരുന്നു. അന്നു മാത്രമല്ല, ഇന്നും ലാൽ അങ്ങനെയാണ്. വിനയത്തോടെ മാത്രമേ സംസാരിക്കുകയുള്ളൂ. ഉദയാ സ്റ്റുഡിയോയിലായിരുന്നു സഞ്ചാരിയിലെ മിക്ക സീനുകളും ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനിടെ സംവിധായകൻ ബോബൻ കുഞ്ചാക്കോ ത്യാഗരാജനോട് ചോദിച്ചു.'മാസ്റ്റർ, ഫൈറ്റിൽ നമ്മുടെ പുതിയ പയ്യൻ എങ്ങനെ?'
'നൂറു ശതമാനവും ഓക്കേയാണ്.'
ആദ്യചിത്രം എന്ന നിലയിൽ പറഞ്ഞറിയിക്കാനാവാത്ത 'ത്രിൽ' ഉണ്ടെങ്കിലും 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ അഭിനയിക്കുമ്പോഴുള്ളതിനേക്കാളും ലാലിന്റെ സന്തോഷം 'സഞ്ചാരി'യിൽ അഭിനയിക്കുമ്പോഴായിരിക്കും. അന്ന് മലയാളത്തിൽ കത്തിനിൽക്കുന്ന താരങ്ങളാണ് പ്രേംനസീറും ജയനും. രണ്ടുപേർക്കും ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. രണ്ടുപേരും അഭിനയിച്ച സിനിമയ്ക്ക് വൻ ജനത്തിരക്കും. അങ്ങനെയുള്ള രണ്ടു താരങ്ങളെയാണ് മോഹൻലാലിന്റെ കഥാപാത്രം വെല്ലുവിളിക്കുന്നത്. ഷൂട്ടിംഗിനിടയിൽ ഒരുപാട് തവണ ബോബൻ കുഞ്ചാക്കോ ലാലിന്റെ അഭിനയത്തെ പുകഴ്ത്തി സംസാരിച്ചു. " സ്റ്റണ്ടായാലും സംഭാഷണമായാലും എത്ര സ്വാഭാവികമായാണ് ആ പയ്യൻ അഭിനയിക്കുന്നത്." ബോബൻ കുഞ്ഞാക്കോയുടെ അഭിപ്രായം ത്യാഗരാജൻ പിന്നീട് അടുത്ത സംവിധായകാരോട് പറഞ്ഞു. അവരെല്ലാം ലാലിനെ തങ്ങളുടെ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുകയുണ്ടായി.
സംവിധായകൻ ശശികുമാറിന്റെ നൂറോളം സിനിമകൾക്ക് ഫൈറ്റ് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട് ത്യാഗരാജൻ. ഒരിക്കൽ, ശശികുമാറുമൊത്തുള്ള യാത്രക്കിടയിലാണ് അദ്ദേഹം പറഞ്ഞത്.
"നോക്കൂ ത്യാഗരാജൻ വില്ലൻ വേഷങ്ങൾ ചെയ്യാൻ നമുക്ക് ഒരു പുതിയ നടനെ കൊണ്ടുവരണം. ജോസ്പ്രകാശും കെ.പി. ഉമ്മറും ബാലൻ കെ. നായരും ജനാർദ്ദനനുമൊക്കെ എല്ലാ ചിത്രങ്ങളിലും വില്ലന്മാരായാൽ ശരിയാവില്ലല്ലോ." ത്യാഗരാജൻ അപ്പോഴാണ് മോഹൻലാലിനെ ഓർത്തത്. 'സഞ്ചാരി'യിലെ അനുഭവം ത്യാഗരാജൻ ശശികുമാറിനോട് പങ്കുവെച്ചു. മറ്റൊരു അഭിപ്രായവും ആരായാതെ രാജപുഷ്പയുടെ 'അട്ടിമറി' സിനിമയിലെ വില്ലൻവേഷത്തിലേക്ക് അപ്പോൾ തന്നെ ശശികുമാർ മോഹൻലാലിനെ ഉറപ്പിക്കാൻ കാരണമായത് ത്യാഗരാജന്റെ അഭിപ്രായം കൊണ്ടു മാത്രമാണ്. പിന്നീട് ശശികുമാറിന്റെ കുറെ പടങ്ങളിൽ മോഹൻലാൽ വില്ലനും നായകനുമായി. അതിൽ മിക്ക ചിത്രങ്ങളിലെയും ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ തന്നെയായിരുന്നു.
വില്ലൻ റോളുകളിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ ലാൽ പങ്കെടുക്കുന്ന സംഘട്ടനരംഗങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ത്യാഗരാജൻ ശ്രദ്ധിച്ചിരുന്നു.
"മാസ്റ്റർ ലാലിന്റെ കാര്യത്തിൽ കൂടുതൽ താല്പര്യമെടുക്കുന്നുണ്ടല്ലോ?" ചോദിച്ചത് കെ.പി. ഉമ്മറാണ്.
"സർ, എത്ര പറഞ്ഞുകൊടുത്താലും ഫൈറ്റിൽ ഒരു സ്റ്റപ്പ് പോലും നന്നായിചെയ്യാനാറിയാത്തവരാണ് പലരും. അവർക്കിടയിൽ ആ പയ്യൻ കാണിക്കുന്നത് കണ്ടില്ലേ. ഫൈറ്റിൽ എന്തൊരു സ്പീഡാണ് ലാലിന്. അതുകൊണ്ട് അയാൾക്കായി ഞാൻ പുതുതായി എന്തെങ്കിലും കണ്ടുവെക്കും."
"അപ്പോൾ മറ്റുള്ളവർക്ക് നിങ്ങളോട് വിരോധം തോന്നില്ലേ?"
"എന്തുവിരോധം സാർ. ഈഗോയുള്ളവൻ വീട്ടിൽ പോയിരിക്കട്ടെ. എന്തായാലും ആ പയ്യൻ രക്ഷപ്പെടും. അതിനുള്ള സ്കിൽ അയാളിലുണ്ട്."
ത്യാഗരാജന്റെ മറുപടിക്ക് മുന്നിൽ പിന്നീടൊന്നും പറയാൻ കെ.പി. ഉമ്മറിന് തോന്നിയില്ല. അപകടകരമായ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാലിനെ പരമാവധി ഒഴിവാക്കാൻ തുടക്കം മുതലേ ത്യാഗരാജൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരം സീനുകളിൽ ഡ്യൂപ്പിനെയിടുന്നത് ലാലിന് ഇഷ്ടമല്ലായിരുന്നു. ആ സമർപ്പണ മനോഭാവവും ലാലിനെക്കുറിച്ച് വലിയ മതിപ്പാണ് ത്യാഗരാജനിലുണ്ടാക്കിയത്.

ശശികുമാറിന്റെയും എ.ബി. രാജിന്റെയും ഐ.വി. ശശിയുടെയും സിനിമകളിലെ അത്യുഗ്രൻ ഫൈറ്റ് സീനുകളെല്ലാം കമ്പോസ് ചെയ്യുമ്പോൾ ചിത്രത്തിലെ വില്ലൻ മോഹൻലാലാണെങ്കിൽ ആ ഫൈറ്റിൽ എന്തെങ്കിലും ഒരു പുതുമ ലാലിനായി ത്യാഗരാജൻ കരുതിവെക്കും. അതിനെക്കുറിച്ച് ഒരിക്കൽ ഐ.വി. ശശി ത്യാഗരാജനോട് ചോദിച്ചു :"നായകന് പോലും നൽകാത്ത ചില ഫൈറ്റ് മൂവ്മെന്റസ് ലാലിന് മാത്രമായി മാസ്റ്റർ നൽകുന്നത് എന്തുകൊണ്ടാണ്?"
"അത് ശശിക്ക് മനസ്സിലാകാഞ്ഞിട്ടല്ല. എന്റെ ഉള്ളിൽ വേറെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയല്ലേ..?"
ശശിക്ക് കൃത്യമായി അറിയാമായിരുന്നു. ഫൈറ്റിൽ ത്യാഗരാജൻ മാസ്റ്റർ കൊണ്ടുവരുന്ന പുതുമകൾ ഏറ്റവും ഗംഭീരമായി അവതരിപ്പിക്കാനാവുന്നത് മോഹൻലാലിന് തന്നെയാണെന്ന്. ശശിയുടെ 'അഹിംസ'യിൽ ഫൈറ്റ് മാസ്റ്റർ ത്യാഗരാജനായിരുന്നില്ല. എന്നിട്ടും ആ സിനിമയിലെ ഫൈറ്റ്മാസ്റ്റർ പറഞ്ഞതിനപ്പുറമുള്ള ചില മൂവ്മെന്റസ് കൊണ്ടുവരാൻ മോഹൻലാലിന് കഴിഞ്ഞു. ലാലിന്റെ ആ കഴിവ് ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടാണ് ത്യാഗരാജൻ ലാലിനായി ചില പുതുമകൾ ഫൈറ്റിൽ ചേർത്തുവെച്ചത്.
സിനിമയിൽ മോഹൻലാൽ എന്ന നടൻ പിറന്നകാലം മുതൽക്കുള്ള സൗഹൃദമാണ് ത്യാഗരാജൻ മാസ്റ്ററുമായുള്ളത്.
ആ അടുപ്പവും സ്വാതന്ത്ര്യവും ഫൈറ്റ് സീനിൽ ലാൽ എടുത്തിട്ടുണ്ട്. ഏറെക്കുറെ ലാലിന്റെ ഇരുനൂറോളം സിനിമകളിൽ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജൻ വന്നിട്ടുണ്ട്. ഫൈറ്റിന്റെ കാര്യത്തിൽ ലാലിനോളം ഫ്ളക്സിബിലിറ്റിയുള്ള നടൻ ഇന്ത്യൻ സിനിമയിലില്ല എന്നതാണ് ത്യാഗരാജന്റെ അനുഭവം. എത്ര അപകടം പിടിച്ച രംഗങ്ങളായാലും ലാൽ ചോദിക്കും "മാസ്റ്റർ.. ഞാൻ ചെയ്തോട്ടെ." അത് ലാൽ ചെയ്യേണ്ട എന്നുപറഞ്ഞാൽ ലാൽ അത് അനുസരിക്കുകയും ചെയ്യും. ലാലിനോട് ത്യാഗരാജൻ വേണ്ട എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടമുണ്ടായിട്ടുണ്ട്. ഡ്യുപ്പിന്റെ ശരീരത്തിൽനിന്ന് ചോരവീണാൽ ലാലിന് സഹിക്കാനാവില്ല. എനിക്ക് വേണ്ടിയാണല്ലോ അദ്ദേഹം അപകടത്തിൽപ്പെട്ടത് എന്ന ചിന്ത ലാലിനെ വേദനിപ്പിച്ചുകൊണ്ടിരിക്കും.
'ഇതൊക്കെ സിനിമയുടെ ഭാഗമാണ്, അതിൽ വേദനിച്ചിട്ട് കാര്യമില്ല.' എന്ന് പറഞ്ഞാലും ലാൽ പറയും:
'അത് ഞാൻ തന്നെ ചെയ്‌തോളാമായിരുന്നു.'
ഡ്യൂപ്പ് ആയാലും അവരും മനുഷ്യരാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും അവർക്ക് എന്തെങ്കിലും അപകടം പറ്റിയാൽ വേദനിക്കുന്ന ഒരു കുടുംബമുണ്ടെന്നും മനസ്സിലാക്കിയ നടനാണ് മോഹൻലാൽ എന്നത് ത്യാഗരാജന്റെ നിരവധി അനുഭവങ്ങളിലുണ്ട്.
ഫൈറ്റിന്റെ എല്ലാ രീതികളിലും മോഹൻലാൽ പെർഫെക്ട് ആണെന്നത് ഇരുനൂറോളം സിനിമകളിലായി ത്യാഗരാജൻ അനുഭവിച്ചറിഞ്ഞതാണ്. നാടൻതല്ലും കളരിപ്പയറ്റും തുടങ്ങി ബൈക്ക് ജംബിങ് വരെ ഡ്യൂപ്പുകളെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ലാൽ ചെയ്യുന്നത്. ആദ്യകാലത്ത് ശശികുമാറിന്റെ 'ഇവിടെ തുടങ്ങുന്നു', 'പത്താമുദയം', 'ശോഭ് രാജ് ' തുടങ്ങിയ സിനിമകളിലെല്ലാം ഇത് ദൃശ്യമാണെന്നതും ത്യാഗരാജന്റെ അനുഭവം തന്നെ.
'മൂന്നാം മുറയും' 'ദൗത്യ'വും 'സ്ഫടിക'വുമെല്ലാം ത്യാഗരാജന്റെ സംവിധാനത്തിൽ ലാൽ അഭിനയിച്ച അത്യഗ്രൻ ഫൈറ്റ് സ്വീക്വൻ സുകളായിരുന്നു. വ്യക്തിപരമായി മോഹൻലാൽ സ്വന്തം സഹോദരനെപോലെയാണ് ത്യാഗരാജന്. കണ്ണാ... എന്നാണ് ത്യാഗരാജൻ മോഹൻലാലിനെ വിളിക്കാറുള്ളത്. സിനിമയ്ക്കകത്തും പുറത്തും മറക്കാനാവാത്ത ഒരുപാടനുഭവങ്ങൾ പതിഞ്ഞു കിടക്കുന്ന ഗാഢമായ സൗഹൃദം. ഇരുപത്തിയൊന്നാം വയസ്സിൽ സിനിമയ്ക്കു വേണ്ടി മോഹൻലാൽ കാണിച്ചു തുടങ്ങിയ സാഹസികത നിറഞ്ഞ അഭിനയം നാൽപ്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറവും ലാലിലുണ്ട്. ഗ്രാഫിക്സിന്റെ കാലത്ത് ആ ധൈര്യവും സാഹസികതയും സിനിമയ്ക്ക് മുൻപത്തെ പോലെ ആവശ്യമില്ലെങ്കിൽ പോലും. പക്ഷേ, ഏത് ഫൈറ്റ് മാസ്റ്റർക്ക് കീഴിൽ അഭിനയിക്കുമ്പോഴും ത്യാഗരാജൻ മാസ്റ്ററെ മനസ്സുകൊണ്ട് നമിക്കാതെ മോഹൻലാൽ സ്റ്റണ്ട് ചെയ്യാറില്ല.
(തുടരും)
Content Highlights: untold communicative of Mohanlal`s dedication and accomplishment successful enactment scenes, arsenic revealed by thyagarajan
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·