09 July 2025, 11:20 AM IST

ബിസ്മില്ല ഷിൻവാരി | X.com/@ACBofficials
പെഷവാര്‍: ഐസിസി അമ്പയര്‍ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചു. 41 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഷിന്‍വാരിയുടെ സഹോദരന്‍ സെയ്ദ ജാന്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിലും സജീവസാന്നിധ്യമായിരുന്നു ഷിന്‍വാരി. 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 51 ലിസ്റ്റ് എ മത്സരങ്ങളും 96 ആഭ്യന്തര ടി20 മത്സരങ്ങളും നിയന്ത്രിച്ചു. 2017- ഡിസംബറിലാണ് അന്താരാഷ്ട്രക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുന്നത്. ഷാര്‍ജയില്‍ നടന്ന അഫ്ഗാനിസ്താന്‍-അയര്‍ലന്‍ഡ് മത്സരമാണ് നിയന്ത്രിച്ചത്.
അസുഖബാധിതനായിരുന്നുവെന്നും വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനായി പെഷവാറിലേക്ക് യാത്ര ചെയ്തതായുമാണ് സഹോദരന്‍ സെയ്ദ ജാന്‍ പറയുന്നത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മരണപ്പെട്ടു. - സഹോദരന്‍ അറിയിച്ചു.
ഐസിസി ചെയര്‍മാര് ജയ് ഷായുള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റിന് അദ്ദേഹം വലിയ സംഭാവനയാണ് നല്‍കിയതെന്ന് ജയ് ഷാ പറഞ്ഞു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും അനുശോചനം അറിയിച്ചു.
Content Highlights: ICC Umpire Bismillah Jan Shinwari Dies At 41








English (US) ·