20 August 2025, 04:53 PM IST

Photo: AFP
ന്യൂഡല്‍ഹി: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പേരുകള്‍ അപ്രത്യക്ഷം. ബുധനാഴ്ച പുതുക്കിയ പുതിയ റാങ്കിങ് പട്ടികയിലാണ് ഇരുവരുടെയും പേരുകള്‍ ഇല്ലാത്തത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചു കഴിഞ്ഞ ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നുണ്ട്. രോഹിത് നിലവില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇക്കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഓഗസ്റ്റ് 13-ന് പുറത്തിറങ്ങിയ ഏകദിന റാങ്കിങ്ങില്‍ 756 പോയന്റുമായി രോഹിത് രണ്ടാം സ്ഥാനത്തും 736 പോയന്റുമായി കോലി നാലാം സ്ഥാനത്തുമായിരുന്നു. ഈ റാങ്കിങ് പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ ഈ സംഭവവികാസം. ആദ്യ നൂറില്‍ പോലും ഇരുവരുടെയും പേരുകളില്ലാത്തത് ആരാധകരെ ഞെട്ടിച്ചു. വര്‍ഷങ്ങളായി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തുടരുന്ന താരങ്ങളാണ് ഇരുവരും. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയുടെ ഭാഗത്തുനിന്നും വിശദീകരണമൊന്നും വന്നിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് രോഹിത്തും കോലിയും അവസാനം ഏകദിനത്തില്‍ കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ച ഇരുവരും ഇന്ത്യയ്‌ക്കൊപ്പം കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്.
ഇരുവരുടെയും പേരുകള്‍ റാങ്കിങ്ങ് പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതോടെ വിരമിക്കല്‍ അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
Content Highlights: Rohit Sharma and Virat Kohli are missing from the latest ICC ODI batting rankings








English (US) ·