Published: May 05 , 2025 05:18 PM IST
1 minute Read
ദുബായ്∙ ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന എത്ര രാജ്യങ്ങളുണ്ട്? ഉത്തരം എത്രയായാലും, ഐസിസിയുടെ പുതിയ രാജ്യാന്തര ട്വന്റി20 റാങ്കിങ് ചരിത്രമാണ്. ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയ ട്വന്റി20 റാങ്കിങ്ങിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത് 100 രാജ്യങ്ങൾ! ഇതാദ്യമായാണ് 100 രാജ്യങ്ങൾ ഐസിസി റാങ്കിങ്ങിന്റെ ഭാഗമാകുന്നത്. 2019ൽ ഐസിസി ട്വന്റി20 റാങ്കിങ് ആരംഭിക്കുന്ന സമയത്ത് 80 ടീമുകളാണ് ഉണ്ടായിരുന്നത്. ഇതാണ് ഇത്തവണ 20 കൂടി വർധിച്ച് നൂറിൽ എത്തിയിരിക്കുന്നത്.
നിലവിലെ ലോക ചാംപ്യൻമാരായ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്ന റാങ്കിങ്ങിൽ, ഗ്രീസാണ് നൂറാം സ്ഥാനത്തുള്ള ടീം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് രണ്ടു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കുറഞ്ഞത് എട്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള ടീമുകളെയാണ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടക്കാലത്ത് ലോകകപ്പ് ഉൾപ്പെടെ കളിച്ചിട്ടുള്ള ബർമുഡ പുതിയ റാങ്കിങ്ങിൽ 28–ാം സ്ഥാനത്താണ്. കെനിയ 33–ാം സ്ഥാനത്തുണ്ട്. ഫുട്ബോളിൽ ലോക ഒന്നാം നമ്പർ ടീമായ അർജന്റീന ക്രിക്കറ്റ് റാങ്കിങ്ങിൽ 52–ാം സ്ഥാനത്താണ്. ഫുട്ബോളിൽ അർജന്റീനയുടെ ബദ്ധവൈരികളായ ബ്രസീലാകട്ടെ, 81–ാം റാങ്കിലും.
∙ ഏകദിനത്തിൽ ഇന്ത്യ, ടെസ്റ്റിൽ ഓസ്ട്രേലിയ
ഏകദിന ഫോർമാറ്റിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 122ൽനിന്ന് 124 ആയി ഉയർന്നു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു തോറ്റ ന്യൂസീലൻഡാണ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ മൂന്നാമതാണ്. ശ്രീലങ്ക, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ബംഗ്ലദേശ് എന്നീ ടീമുകളാണ് നാലു മുതൽ 10 വരെയുള്ള റാങ്കുകളിൽ.
ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുള്ള റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ന്യൂസീലൻഡ്, ശ്രീലങ്ക, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, ബംഗ്ലദേശ്, അയർലൻഡ് എന്നീ ടീമുകളാണ് അഞ്ച് മുതൽ 10 വരെ റാങ്കുകളിലുള്ളത്.
English Summary:








English (US) ·