Published: July 31 , 2025 09:43 AM IST
1 minute Read
സിംഗപ്പുർ∙ നീണ്ട കാത്തിരിപ്പിനു ശേഷം 2028ൽ ഒളിംപിക്സിലേക്കുള്ള തിരിച്ചുവരവിന് ക്രിക്കറ്റ് തയാറെടുക്കുമ്പോൾ, പാക്കിസ്ഥാന് കളിക്കാൻ അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഒളിംപിക് ക്രിക്കറ്റിൽ കളിക്കുന്നതിന് ഐസിസി നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങളാണ് പാക്കിസ്ഥാന് തിരിച്ചടിയാകുക. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾക്ക് യോഗ്യത നൽകാൻ ഈ മാസം സിംഗപ്പുരിൽ ചേർന്ന ഐസിസിയുടെ വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ഇതോടെ ട്വന്റി20 ലോകകപ്പ് നേടിയിട്ടുള്ള പാക്കിസ്ഥാനും ന്യൂസീലൻഡിനും ഒളിംപിക്സിൽ കളിക്കാനുള്ള അവസരം നഷ്ടമാകുമെന്ന് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
ഐസിസി റാങ്കിങ്ങിനെ ആശ്രയിക്കുന്ന പതിവിൽനിന്ന് വിപരീതമായി, ഇത്തവണ മേഖല തിരിച്ചുള്ള യോഗ്യതാ നിർണയത്തിനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം ഏഷ്യ, ഓഷ്യാനിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ട്വന്റി20 റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾ നേരിട്ട് യോഗ്യത നേടും. ആതിഥേയരെന്ന നിലയിൽ യുഎസ്എയ്ക്കും യോഗ്യത ലഭിക്കും. യുഎസ്എയ്‌ക്ക് അവസരം ലഭിക്കുന്നതോടെ വെസ്റ്റിൻഡീസ് ടീമിന്റെ കാര്യവും സംശയത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐസിസി വാർഷിക പൊതുയോഗം അംഗീകരിച്ച മാനദണ്ഡമനുസരിച്ച്, ഏഷ്യയിൽനിന്ന് ഇന്ത്യ, ഓഷ്യാനിയയിൽനിന്ന് ഓസ്ട്രേലിയ, യൂറോപ്പിൽനിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയിൽനിന്ന് ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് ഒളിംപിക്സ് യോഗ്യത ലഭിക്കും. ആതിഥേയരെന്ന ആനുകൂല്യത്തിൽ യുഎസിനും യോഗ്യത ലഭിക്കുന്നതോടെ വിൻഡീസിന്റെ സാധ്യതകളും സംശയത്തിലാണ്.
ഐസിസി റാങ്കിങ്ങിൽ നിലവിൽ നാലാം സ്ഥാനക്കാരാണെങ്കിലും, ഓഷ്യാനിയ മേഖലയിൽനിന്ന് റാങ്കിങ്ങിൽ ഓസ്ട്രേലിയ മുന്നിലാണെന്നതാണ് അവർക്ക് തിരിച്ചടിയാവുക. ഓസ്ട്രേലിയ നിലവിൽ ഇന്ത്യയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. പാക്കിസ്ഥാൻ ഐസിസി റാങ്കിങ്ങിൽ എട്ടാമതും ശ്രീലങ്ക ഏഴാമതുമാണ്. ഒന്നാം സ്ഥാനക്കാരായ ഇന്ത്യ സ്വാഭാവികമായി യോഗ്യത നേടുമ്പോൾ ഇവർക്കു മുന്നിലും വാതിൽ അടയും.
അതേസമയം, മേഖല തിരിച്ച് യോഗ്യത നൽകാൻ ഐസിസി തീരുമാനിച്ചെങ്കിലും പാക്കിസ്ഥാനും ന്യൂസീലൻഡും ഉൾപ്പെടെ എതിർപ്പ് ഉന്നയിച്ചതായാണ് വിവരം. തീരുമാനം ഐസിസി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, അതിൽ മാറ്റത്തിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
English Summary:








English (US) ·