ഒഎന്‍വിയും യൂസഫലിയും എഴുതാതെ പോയ 'ചെമ്മീനി'ലെ പാട്ടുകള്‍

5 months ago 5

chemeen

ചെമ്മീൻ സിനിമയിൽ നിന്നുള്ള രംഗം

ര്‍ക്കാന്‍ കൗതുകമുണ്ട്. വയലാറിന് പകരം ഒഎന്‍വി കുറുപ്പാണ് 'ചെമ്മീന്‍' സിനിമയിലെ പാട്ടുകള്‍ എഴുതിയിരുന്നതെങ്കിലോ? മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെക്കാനും മൂളിനടക്കാനും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഒഎന്‍വി-സലില്‍ ചൗധരി കൂട്ടുകെട്ടിന്റെ അരങ്ങേറ്റ ചിത്രമാകേണ്ടതായിരുന്നു ചെമ്മീന്‍. വിധി ഇടപെട്ടില്ലായിരുന്നെങ്കില്‍. ഔദ്യോഗിക കാരണങ്ങളാല്‍ ഒഎന്‍വി ഒഴിഞ്ഞുമാറിയതിന് പിന്നാലെ സംവിധായകന്‍ രാമു കാര്യാട്ട് വയലാറിനെ ഗാനരചയിതാവായി നിശ്ചയിക്കുന്നു,പിന്നീടുള്ളത് ചരിത്രം. മാനസമൈനേ വരൂ (മന്നാഡേ), കടലിനക്കരെ പോണോരെ (യേശുദാസ്), പുത്തന്‍വലക്കാരേ (യേശുദാസ്, പി ലീല, ഉദയഭാനു, ശാന്ത പി നായര്‍, കോറസ്), പെണ്ണാളേ പെണ്ണാളേ (യേശുദാസ്, ലീല, കോറസ്)... ചെമ്മീനിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക?

ഒഎന്‍വി വേണം മലയാളത്തിലെ തന്റെ ആദ്യ സിനിമക്ക് പാട്ടെഴുതാന്‍ എന്നത് സലില്‍ദായുടെ ആഗ്രഹമായിരുന്നു. രാമുവിനുമില്ല മറിച്ചൊരു അഭിപ്രായം. സുഹൃത്തായ യൂസഫലി കേച്ചേരിയെക്കൊണ്ടും ഒന്നുരണ്ടു പാട്ടുകള്‍ എഴുതിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഒഎന്‍വിയെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അറിയാം സലിലിന്. 1952ല്‍ മുംബൈ സാന്താക്രൂസില്‍ നടന്ന ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍) വാര്‍ഷികാഘോഷ ചടങ്ങോളം പഴക്കമുള്ള സൗഹൃദം. സമാനചിന്താഗതിക്കാരനായ കവിസുഹൃത്തുമായി ചേര്‍ന്നിരുന്നു ഗാനസൃഷ്ടി നടത്താന്‍ സലില്‍ ആഗ്രഹിച്ചത് സ്വാഭാവികം.

ചെമ്മീന്‍ സിനിമക്ക് പാട്ടെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് രാമു വഴിയ്ക്കുവഴിയായി എഴുതിയ കത്തുകള്‍ രണ്ടും ജീവിതാവസാനം വരെ ഭദ്രമായി സൂക്ഷിച്ചു ഒഎന്‍വി. 1963 ജൂണില്‍ ആദ്യ ക്ഷണം ലഭിക്കുമ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനാണ് അദ്ദേഹം. സിനിമയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിബന്ധങ്ങള്‍ ഏറെയുള്ള കാലം. മറ്റൊരു പ്രശ്‌നം കൂടിയുണ്ട്; സലില്‍ദാ മുംബൈയില്‍ ആയതുകൊണ്ട് അവിടെ ചെന്ന് വേണം പാട്ടെഴുതാന്‍. രണ്ടാഴ്ച ലീവെടുത്ത് മുംബൈയില്‍ ചെന്ന് നില്‍ക്കുക ആ ഘട്ടത്തില്‍ പ്രായോഗികമല്ല. കുടുംബപരമായ ചുമതലകള്‍ കൂടി ഇടയ്ക്കു കയറിവന്നതോടെ ഗാനരചനക്കുള്ള ക്ഷണം നിരസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ഒഎന്‍വിക്ക്. പകരം സുഹൃത്തായ വയലാറിന്റെ പേര് രചയിതാവായി നിര്‍ദേശിച്ചതും അദ്ദേഹം തന്നെ. ചെമ്മീനില്‍ വയലാര്‍-സലില്‍ ചൗധരി ടീം ഗാനസ്രഷ്ടാക്കളായി മാറുന്നത് അങ്ങനെയാണ്.

1963 ജൂണ്‍ 28 ന് തൃശൂര്‍ മാരാര്‍ റോഡിലെ കണ്മണി ഫിലിംസ് ഓഫീസില്‍ നിന്നയച്ച കത്തില്‍ രാമു കാര്യാട്ട് എഴുതുന്നതിങ്ങനെ:

'പ്രിയപ്പെട്ട ഒഎന്‍വി, ഞാന്‍ ഒരു പുതിയ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 'ചെമ്മീന്‍' ഫിലിം ചെയ്യാന്‍ പോകുന്നു.
ഇതിന് പാട്ടെഴുതാന്‍ താങ്കളെയാണ് മനസ്സില്‍ കാണുന്നത്. ഒന്നുരണ്ടു പാട്ടുകള്‍ യുസുഫ് അലി കേച്ചേരിയുംഎഴുതും. സലീല്‍ ചൗധരിയാണ് സംഗീത സംവിധായകന്‍. ജൂലൈ മാസം പത്തിന് ശേഷം തൃശൂരില്‍ വെച്ച് മ്യൂസിക്കിന്റെ പണികള്‍ ആരംഭിക്കുന്നതാണ്. അപ്പോള്‍ ഒന്നിവിടം വരെ വന്ന് ഈ കാര്യം നിര്‍വഹിച്ചു തരാന്‍ പറ്റുമോ എന്ന് ഈ കത്ത് കിട്ടിയാല്‍ മേല്‍ കൊടുത്ത മേല്‍വിലാസത്തില്‍ എന്നെ ഒന്ന് അറിയിക്കുക. ഇന്ന് ഞാന്‍ അമ്പലപ്പുഴ കടലോര പ്രദേശങ്ങളൊന്ന് കാണാന്‍ പുറപ്പെടുകയാണ്. 30ന് തിരിച്ചു വരും. 5 വരെ തൃശൂരിലുണ്ടാകും. 6 ന് മദ്രാസില്‍ എത്തണം. വിവരങ്ങള്‍ക്ക് ഒരു മറുപടി പ്രതീക്ഷിക്കുന്നു...സ്വന്തം രാമു കാര്യാട്ട്.'

ഒരു വര്‍ഷം കഴിഞ്ഞു 1964 മെയ് 24 ന് മുംബൈയില്‍ നിന്ന് രാമു അയച്ച കത്തിന്റെ ഉള്ളടക്കം ഇങ്ങനെ;

'പ്രിയപ്പെട്ട ഒഎന്‍വി...ഞാന്‍ സലീലിനെ കണ്ടു സംസാരിച്ചു, താങ്കളുടെ വരവ് ഒഴിവാക്കാമോ എന്ന കാര്യം. സാധ്യമല്ലെന്ന് അദ്ദേഹം തീര്‍ത്തു പറയുന്നു. എന്തെങ്കിലും ഒഴികഴിവുകളുണ്ടെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. അതുകൊണ്ട് രണ്ടു ദിവസം താങ്കള്‍ ഇവിടെ വരണം. ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍. സ്നേഹപൂര്‍വമായ ഒരു നിര്‍ബന്ധം ഇതിന്റെ പിന്നിലുണ്ട്. ഇനിയെല്ലാം താങ്കളുടെ യുക്തം പോലെ. ബോംബെയില്‍ വരുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയാല്‍ യാത്രാച്ചെലവ് ടിഎംഒ ആയി അയക്കുന്നതാണ്, സ്വന്തം രാമു കാര്യാട്ട്.

ഔദ്യോഗിക കാരണങ്ങളാല്‍ ആ ക്ഷണം ഖേദപൂര്‍വ്വം നിരസിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ഒഎന്‍വിക്ക്. സലീല്‍ ചൗധരിയുമായി ഒരുമിക്കാന്‍ പിന്നേയും ഏഴു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന്; 1973 ല്‍ പുറത്തുവന്ന 'സ്വപ്നം' വരെ. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സംഗീതയുഗത്തിന്റെ തുടക്കം. യൂസഫലിയും സലില്‍ ചൗധരിയും ഒരിക്കലും ഒന്നിക്കുകയുണ്ടായില്ല എന്നത് മറ്റൊരു കൗതുകം.

1964 ജൂലൈ നാലിനാണ് 'ചെമ്മീനി'ലെ മാനസമൈനേ എന്ന ഗാനം മുംബൈയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് വയലാറിന്റെ പുത്രി യമുന ഫേസ്ബുക്കില്‍ പങ്കുവെച്ച കവിയുടെ ഡയറിക്കുറിപ്പില്‍ കാണുന്നു. അതേ കുറിപ്പിലെ അവസാന വരി ഇങ്ങനെ: 'ഒരു മണിക്ക് സലീലും രാമുവും ഒന്നിച്ച് ബോംബെ ലോഡ്ജില്‍ പോയി, ആഹ്ലാദകാരിയായ ഒരു രാത്രി...

1966 ആഗസ്റ്റ് 19 നാണ് 'ചെമ്മീന്‍' പ്രദര്‍ശന ശാലകളില്‍ എത്തിയത്. മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ആ ചിത്രത്തിന്റെ ഷഷ്ടിപൂര്‍ത്തിക്ക് ഇനി ഒരു വര്‍ഷം മാത്രം ബാക്കി..

Content Highlights: onv kurupp chemmeen movie songs

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article