'ഒടിടിയില്‍ റിലീസ് ചെയ്യുക വെട്ടിമുറിച്ച എമ്പുരാനോ?'; മറുപടിയുമായി എഡിറ്റര്‍

9 months ago 7

Akhilesh Mohan

അഖിലേഷ് മോഹൻ പൃഥ്വിരാജിനൊപ്പം, അഖിലേഷ് മോഹൻ | Photo: Instagram/ Akhilesh Mohan

വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തീയേറ്ററുകളില്‍ എത്തിയ 'എമ്പുരാന്‍' തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍. സെന്‍സര്‍ ബോര്‍ഡ് ഏറ്റവും ഒടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അഖിലേഷ്.

'ലൂസിഫറില്‍ കൂടെ പ്രവര്‍ത്തിച്ചതുകൊണ്ട് പൃഥ്വിരാജിന്റെ രീതികള്‍ അറിയാമായിരുന്നു. കഥ പറഞ്ഞപ്പോള്‍ തന്നെ ഏത് സ്‌റ്റൈലിലാണ് എഡിറ്റിങ് എന്ന് മനസിലായിരുന്നു. ഓണ്‍ലൈന്‍ എഡിറ്ററായും ഞാന്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്. റിലീസിന് ശേഷം എല്ലാവരും ഹാപ്പിയാണ്. ഇപ്പോഴും വര്‍ക്ക് കഴിഞ്ഞിട്ടില്ല. സോങ് കട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രൊമോയും മറ്റുംചെയ്തുകൊണ്ടിരിക്കുന്നു. ഒടിടിക്കുവേണ്ടിയുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നു', അഖിലേഷ് പറഞ്ഞു.

തുടര്‍ന്നാണ് ഒടിടിയില്‍ വരാനിരിക്കുന്ന ചിത്രത്തിന്റെ പതിപ്പിനെക്കുറിച്ച് ചോദിച്ചത്. 'ഇപ്പോള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന വെര്‍ഷനായിരിക്കുമോ ഒടിടിയില്‍ വരാന്‍ പോകുന്നത്?' എന്ന ചോദ്യത്തോട്, 'തീര്‍ച്ചയായും അതായിരിക്കു'മെന്നായിരുന്നു അഖിലേഷിന്റെ മറുപടി. അതാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ. കട്ടുചെയ്ത വെര്‍ഷനായിരിക്കും ഒടിടിയില്‍ റിലീസ് ചെയ്യുകയെന്നും അഖിലേഷ് വ്യക്തമാക്കി.

ചിത്രം കട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്തായിരുന്നു തോന്നല്‍ എന്ന ചോദ്യത്തോട് അഖിലേഷിന്റെ പ്രതികരണം ഇങ്ങനെ: അത് ചെയ്തല്ലേ പറ്റൂ. നല്ലകാര്യത്തിന് വേണ്ടിയല്ലേ, സിനിമ നിലനിര്‍ത്തുക എന്നതാണ് പ്രധാനം. മറ്റ് കാര്യങ്ങള്‍ ചിന്തിക്കാതെ ചെയ്തു, തീയേറ്ററില്‍ കണ്ടിറങ്ങിയവര്‍ പറയുന്നുണ്ട്, കട്ട് ചെയ്തത് മനസിലാവുന്നില്ല എന്ന്. അതുകേള്‍ക്കുമ്പോള്‍ സന്തോഷം. ഫ്‌ളോ നഷ്ടപ്പെടാതെ കാണാന്‍ പറ്റട്ടെ.

'എതിരഭിപ്രായങ്ങളെത്തുടര്‍ന്ന് പ്രൊഡക്ഷനും ആളുകളും മാറ്റംവരുത്താമെന്ന് തീരുമാനം എടുത്തു. അത് എഡിറ്ററിലേക്ക് വരുന്നു. ആ സമയത്ത് നമ്മള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയല്ല വേണ്ടത്. അത് എത്രെയുംപെട്ടെന്ന് ചെയ്യുക, എത്രെയും പെട്ടെന്ന് ആളുകളിലേക്ക് എത്തിക്കുക. ആളുകള്‍ ഒരിക്കലും അത് കാണാതെ പോകരുത്. ആ ഒരൊറ്റ കാരണംകൊണ്ട് സിനിമ ഇല്ലാതാവരുത്. അവര്‍ പറഞ്ഞ ജോലി, ഞാന്‍ അപ്പോള്‍ തന്നെ ചെയ്തു', അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Empuraan exertion confirms the OTT merchandise volition beryllium the aforesaid arsenic the theatrical version

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article