ദോഹ (ഖത്തര്‍): പരിക്കും വിവാദങ്ങളും തന്റെ പ്രകടനങ്ങളെ ബാധിച്ചില്ലെന്ന് തെളിയിച്ചാണ് നീരജ് ചോപ്ര ദോഹയില്‍ ജാവലിന്‍ ത്രോയില്‍ പുതിയദൂരം കണ്ടെത്തിയത്. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം സ്വന്തമാക്കിയെങ്കിലും 90 മീറ്ററെന്ന കടമ്പ പിന്നിടാന്‍ നീരജിന് കഴിഞ്ഞിരുന്നില്ല. ദോഹ ഡയമണ്ട് ലീഗ് മീറ്റില്‍ മൂന്നാംശ്രമത്തിലാണ് 90.23 മീറ്റര്‍ ത്രോ പിറന്നത്. 2022-ലെ സ്റ്റോക്ക്ഹോം ഡയമണ്ട് മീറ്റില്‍ കുറിച്ച 89.94 മീറ്ററിന്റെ തന്റെതന്നെ ദേശീയറെക്കോഡും നീരജ് മറികടന്നു. അഞ്ചാംറൗണ്ട് അവസാനിക്കുന്‌പോള്‍ നീരജായിരുന്നു മുന്നില്‍. എന്നാല്‍, ആറാം ശ്രമത്തില്‍ ജര്‍മനിയുടെ ജുലിയന്‍ വെബര്‍ തന്റെ ഏറ്റവുംമികച്ച ദൂരം (91.06) കണ്ടെത്തിയപ്പോള്‍ നീരജിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഗ്രനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സാണ് (85.64) മൂന്നാംസ്ഥാനത്ത്.
ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണംനേടിയ നീരജിന് പാരീസില്‍ വെള്ളിയായിരുന്നു. പാകിസ്താന്റെ അര്‍ഷാദ് നദീമിനായിരുന്നു സ്വര്‍ണം. ബെംഗളൂരുവില്‍ നടക്കാനിരുന്ന ക്ലാസിക് ജാവലിന്‍ മീറ്റില്‍ നദീമിനെ ക്ഷണിച്ചതിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ നീരജിനുനേരേ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനങ്ങള്‍. തന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യരുതെന്ന് നീരജ് വിമര്‍ശകര്‍ക്ക് മറുപടിനല്‍കി.
ഒളിമ്പിക്‌സിനുശേഷം പരിക്കിന്റെ പിടിയിലായിരുന്ന നീരജ് പുതിയപരിശീലകന്‍ ചെക് റിപ്പബ്ലിക്കിന്റെ യാന്‍ സെലന്‍സിയുടെ കീഴില്‍ ഫോമില്‍ തിരിച്ചെത്തി. 90 മീറ്റര്‍ പിന്നിടുന്ന മൂന്നാമത്തെ ഏഷ്യന്‍ താരവുമായി. അര്‍ഷാദ് നദീം (92.97), ചൈനീസ് തായ്പേയിയുടെ ചവൊ സുന്‍ ചെങ് (91.36) എന്നിവരാണ് മറ്റുതാരങ്ങള്‍.
ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ പിന്നിട്ട് ഇന്ത്യന്‍ താരം നീരജ് ചോപ്ര. രണ്ടാം സ്ഥാനത്താണ് താരം.
90 മീറ്റര്‍ ദൂരം എന്നത് നേടാവുന്ന ദൂരമാണെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. ഞാന്‍ രണ്ടുതവണ 88-ലധികം എറിഞ്ഞിട്ടുണ്ട്. കോച്ച് യാന്‍ സെലെസ്നി എന്നോടൊപ്പം ഉണ്ടായിരുന്നു - ഇന്ന് അത് സംഭവിക്കുമെന്നും എനിക്ക് ഇതിനേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. 2018 മുതല്‍ മത്സരിച്ചിട്ടും ഞാന്‍ അത് ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് 90 മീറ്റര്‍ എറിയാന്‍ കഴിയുമോ ഇല്ലയോ എന്ന ചോദ്യം പലര്‍ക്കും ഉണ്ടായിരുന്നു. മുമ്പ് 88-89 മീറ്റര്‍ മറികടന്നിരുന്നു, പക്ഷേ 90 മീറ്ററില്‍ എത്തിയിട്ടില്ല. പക്ഷേ ഒടുവില്‍, ആ ഭാരം കുറഞ്ഞു. എനിക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കും, ഭാരം കുറഞ്ഞു. ഇതിലും നന്നായി ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു' നീരജ് മത്സരത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: Neeraj Chopra achieves a 90.23m propulsion successful the Doha Diamond League








English (US) ·