
Photo: mathrubhumi archives, AFP
തിരുവനന്തപുരം: ‘മെസ്സി വരും ട്ടാ...’ കഴിഞ്ഞ ഒരുവർഷമായി കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉറപ്പിച്ചുപറഞ്ഞതാണ്. ഒരുതവണയല്ല, പലവട്ടം മന്ത്രി കേരളത്തിലെ ഫുട്‌ബോൾപ്രേമികൾക്ക് കൊടുത്ത വാക്കാണ്. തിരഞ്ഞെടുപ്പുവേദികളിലും നിയമസഭയിലും ഇത് ആവർത്തിച്ചു. മികച്ച ഒരു അന്താരാഷ്ട്ര ഫുട്‌ബോൾ സ്‌റ്റേഡിയം ഇല്ലാതിരുന്നിട്ടും, മെസ്സി നമ്മുടെമുന്നിൽ കളിക്കുന്നത് മലയാളികൾ സ്വപ്നംകണ്ടു. എന്നാൽ, ഒരു വർഷത്തിനിപ്പുറം മന്ത്രിയുടെ വാക്കുകൾ സെൽഫ് ഗോൾ മാത്രമായി. എന്നാൽ, ഈ വാഗ്ദാനലംഘനത്തിന്റെ കുറ്റംമുഴുവൻ അർജന്റീനിയൻ ടീമിന്റെ പോസ്റ്റിലേക്കടിച്ച് മന്ത്രി കളംവിടുകയാണ്.
2025-ൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത് 2024-ലാണ്. ഏകദേശം 100 കോടിയോളം രൂപ ചെലവിടേണ്ടിവരുമെന്നും വിലയിരുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മത്സരത്തിന്റെ സ്‌പോൺസർഷിപ്പിനായി സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. മത്സരം നടക്കുമോയെന്ന ആശയക്കുഴപ്പവും വമ്പിച്ച സാമ്പത്തികബാധ്യതയും കാരണം രണ്ടുസംഘടനകളും പിൻവാങ്ങി.
അർജന്റീനയും മെസ്സിയും ഒക്‌ടോബർ 25-ന് കേരളത്തിൽ എത്തുമെന്ന് 2024 നവംബറിൽ മന്ത്രി പ്രഖ്യാപിച്ചു. ഡിസംബറിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോൺസർമാരാക്കി സർക്കാർ ഉത്തരവിറക്കി.
എന്നാൽ, പണം അടയ്ക്കാനുള്ള സമയത്ത് സ്‌പോൺസർമാർ തുക നൽകാത്തതിനാൽ കേരളം ഒഴിവാക്കി മറ്റുരാജ്യങ്ങളിലേക്ക് ടീം സന്ദർശനം മാറ്റിയതായി അർജന്റീനിയൻ മാധ്യമപ്രവർത്തകർതന്നെ വെളിപ്പെടുത്തി. പലതവണ പ്രതിഫലം അടയ്ക്കാനുള്ള അവസരം നൽകിയെങ്കിലും സ്‌പോൺസർമാർ തുക അടച്ചിരുന്നില്ല. തുടർന്ന് കരാർലംഘനം ചൂണ്ടിക്കാട്ടി രണ്ടുതവണ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സർക്കാർ നോട്ടീസും നൽകി. ഇതോടെയാണ് അർജന്റീനിയൻ ടീമിന്റെ അക്കൗണ്ടിലേക്ക് സ്‌പോൺസർ തുക അടച്ചത്.
എന്നാൽ, അപ്പോഴേക്കും അർജന്റീന തങ്ങളുടെ സൗഹൃദമത്സരം ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും അർജന്റീന ഉറപ്പായും കേരളത്തിൽ കളിക്കുമെന്ന് സ്‌പോൺസർമാരും പ്രഖ്യാപിച്ചു.
കായികവകുപ്പോ സ്പോൺസർമാരോ ഈ വാഗ്ദാനലംഘനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. പകരം മത്സരം നടക്കാത്തതിനു കാരണം അർജന്റീനയാണെന്ന് കുറ്റപ്പെടുത്തി മന്ത്രിയും സ്‌പോൺസർമാരും കളംവിടുന്നു.
Content Highlights: messi argentina shot squad volition not sojourn kerala october V Abdurahiman








English (US) ·