ഒടുവിൽ കെയ്ൻ കപ്പടിച്ചു; 15 വർഷം നീണ്ട കരിയറിൽ ഹാരി കെയ്നിന് ആദ്യ ടീം ട്രോഫി

8 months ago 8

ജോ മാത്യു

Published: May 06 , 2025 07:37 AM IST

1 minute Read

ഹാരി കെയ്ൻ ഇൻസ്റ്റഗ്രാമിൽ 
പങ്കുവച്ച എഐ ചിത്രം.
ഹാരി കെയ്ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച എഐ ചിത്രം.

ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ ബയോ ഡേറ്റയിൽ ‘ടീം ട്രോഫികളുടെ എണ്ണം’ എന്ന കോളം ഇനി ഒഴിഞ്ഞു കിടക്കില്ല. ‘ജർമൻ ബുന്ദസ്‌ലിഗ, 2024–2025, ടീം: ബയൺ മ്യൂണിക്’ എന്നെഴുതി ചേർക്കാം. ബുന്ദസ്‌ലിഗയിൽ ബയൺ മ്യൂണിക് ചാംപ്യന്മാരായതോടെ അവസാനിച്ചത് ഹാരി കെയ്നിന്റെ ഒരു ട്രോഫിക്കായുള്ള കാത്തിരിപ്പ് കൂടിയാണ്.

2010ൽ സീനിയർ കരിയർ ആരംഭിച്ച താരം 2023 വരെ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനായി 317 മത്സരങ്ങൾ കളിച്ചു. 213 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനായെങ്കിലും ട്രോഫി മാത്രം അകന്നു നിന്നു. ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായ കെയ്ൻ 2015 മുതൽ സീനിയർ ടീമിനായി 105 കളികളിൽ നിന്ന് 71 ഗോളുകൾ നേടി. അവിടെയും ട്രോഫികൾ തെന്നിമാറി.

∙ ജർമനിയിലും തുടക്കം പാളി

പ്രിമിയർ ലീഗിൽ ഉൾപ്പെടെ ടോട്ടനം നിറം മങ്ങിയപ്പോൾ 2023–24 സീസണിൽ കെയ്ൻ ബയൺ മ്യൂണിക്കിലേക്ക് ചേക്കേറി. തുടർച്ചയായി 11 വർഷം ജർമൻ ബുന്ദസ്‌ലിഗ കിരീടം നേടിയ ബയൺ മ്യൂണിക് ആ സീസണിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. 36 ഗോളുകൾ നേടി കെയ്ൻ ആ സീസണിൽ ടോപ് സ്കോറർ ആയെങ്കിലും കിരീടത്തിലേക്കുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടു.

പക്ഷേ ഈ സീസണിൽ കെയ്നിന്റെ കാത്തിരിപ്പ് സഫലമായി. 24 ഗോളുമായി ഇത്തവണയും ഗോൾനേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുണ്ട് മുപ്പത്തിയൊന്നുകാരൻ കെയ്ൻ.

∙ ഹാരി കെയ്ൻ– ട്രോഫിക്കരികെ വീഴ്ച

ക്ലബ് കരിയർ

 (ടോട്ടനം ഹോട്സ്പർ)

 ∙2015 ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ: ചെൽസിക്കെതിരെ തോൽവി (0-2)

∙2019 ചാംപ്യൻസ് ലീഗ് ഫൈനൽ: ലിവർപൂളിനെതിരെ തോൽവി (0-2

∙ 2021 ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ: മാഞ്ചസ്റ്റർ  സിറ്റിക്കെതിരെ തോൽവി (0-1)

രാജ്യാന്തര കരിയർ (ഇംഗ്ലണ്ട്)

∙2018 ഫുട്ബോൾ ലോകകപ്പ്: സെമിയിൽ ക്രൊയേഷ്യക്കെതിരെ തോൽവി (1-2)

 ∙2020 യൂറോ കപ്പ്: ഫൈനലിൽ ഇറ്റലിയോട് തോൽവി പെനൽറ്റി  ഷൂട്ടൗട്ടിൽ (1(2)–1(3))

 ∙2024 യൂറോ കപ്പ്: ഫൈനലിൽ  സ്പെയിനിനോട് തോൽവി (1-2)

English Summary:

Harry Kane's Long Wait Ends: Bayern Munich Triumph Secures First Major Trophy

Read Entire Article