
ബാബുരാജ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടന്‍ ബാബുരാജ് പിന്മാറിയേക്കും. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള താരം മത്സരിക്കുന്നതിനെതിരേ 'അമ്മ' അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.
ആരോപണവിധേയര്‍ ഒന്നാകെ മാറി നില്‍ക്കുമ്പോഴും ബാബുരാജ് മാത്രം മത്സരരംഗത്ത് ശക്തമായി നിലയുറപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 'അമ്മ' ആജീവനാന്ത അംഗം മല്ലിക സുകുമാരന്‍ ആയിരുന്നു നടനെതിരേ ആദ്യം രംഗത്തെത്തിയത്. പിന്നാലെ, മാലാ പാര്‍വതി ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറിനിന്നുവെന്ന് ഓര്‍മപ്പെടുത്തി വിജയ് ബാബുവും രംഗത്തെത്തി. ബാബുരാജിനെതിരേ സാമ്പത്തിക ആരോപണം അടക്കം ഉന്നയിച്ച് അനൂപ് ചന്ദ്രനും മുന്നോട്ടുവന്നിരുന്നു.
പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം. എന്നാല്‍, മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായത് എന്നാണ് സൂചന. മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ പത്രിക പിന്‍വലിച്ചിട്ടില്ല. വ്യാഴാഴ്ച വൈകീട്ടുവരെ പത്രിക പിന്‍വലിക്കാം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമേ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിക്കാനാണ് തീരുമാനമായത്. ബാബുരാജിന് പുറമേ, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.
Content Highlights: Baburaj whitethorn retreat from the AMMA wide caput predetermination pursuing criticism
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·