Published: June 22 , 2025 06:21 PM IST Updated: June 23, 2025 09:30 AM IST
2 minute Read
ലീഡ്സ് ∙ സെഞ്ചറിക്ക് ഒരു റൺ മാത്രം അകലെ ഹാരി ബ്രൂക്കിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയതുപോലെ, ലീഡിന് തൊട്ടരികെ ഇംഗ്ലണ്ടിനെയും ഇന്ത്യ പുറത്താക്കി. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 465 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 6 റൺസിന്റെ നേരിയ ലീഡുമായി ലീഡ‍്സിൽ കളി തുടർന്നു. ശനിയാഴ്ച വെറും 41 റൺസിനിടെ 7 വിക്കറ്റുകൾ ഇന്ത്യ വലിച്ചെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് ഇന്നലെ അവസാന 5 വിക്കറ്റുകൾക്കിടെ നേടിയത് 189 റൺസ്. ഇന്നിങ്സിൽ 5 ക്യാച്ചുകൾ കൈവിട്ട് ഇന്ത്യൻ ഫീൽഡർമാരും ഇംഗ്ലിഷ് ബാറ്റർമാരെ ‘സഹായിച്ചു’.
5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ബോളിങ്ങിൽ പ്രതീക്ഷ കാത്തപ്പോൾ പ്രസിദ്ധ് കൃഷ്ണയും (3 വിക്കറ്റ്) മുഹമ്മദ് സിറാജും (2 വിക്കറ്റ്) കൂടുതൽ റൺസ് വഴങ്ങിയത് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മൂന്നാംദിനം അവസാനിക്കുമ്പോൾ 2ന് 90 എന്ന നിലയിലാണ്. കെ.എൽ.രാഹുലും (47*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് (6*) ക്രീസിൽ. യശസ്വി ജയ്സ്വാൾ (4), സായ് സുദർശൻ (30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യയ്്ക്ക് ആകെ 96 റൺസിന്റെ ലീഡായി.
ബ്രൂക്കിന്റെ പോരാട്ടം
രണ്ടാംദിനത്തിലെ അവസാന ഓവറിൽ നോബോളിന്റെ ഭാഗ്യത്തിൽ പുറത്താകലിൽനിന്നു രക്ഷപ്പെട്ട ഹാരി ബ്രൂക്കിന്റെ (112 പന്തിൽ 99) ചിറകിലേറിയായിരുന്നു മൂന്നാംദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് കുതിപ്പ്. 3ന് 209 എന്ന സ്കോറിൽ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയർക്ക് മൂന്നാം ഓവറിൽ തന്നെ സെഞ്ചറി നേടിയ ഒലീ പോപ്പിന്റെ (106) വിക്കറ്റ് നഷ്ടമായി. എന്നാൽ ബെൻ സ്റ്റോക്സിനൊപ്പം (20) അഞ്ചാം വിക്കറ്റിൽ 51 റൺസ് നേടിയ ഹാരി ബ്രൂക്ക്, ജാമി സ്മിത്തിനൊപ്പം (40) ആറാം വിക്കറ്റിൽ 88 പന്തിൽ 73 റൺസും അടിച്ചെടുത്തു. സ്കോർ 46ൽ നിൽക്കെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും 82ൽ നിൽക്കെ യശസ്വി ജയ്സ്വാളും ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടത് ഇന്ത്യയുടെ നിരാശ ഇരട്ടിപ്പിച്ചു.
ഒടുവിൽ സ്കോർ 99ൽ നിൽക്കെ പ്രസിദ്ധ് കൃഷ്ണയുടെ ഷോട്‌ബോളിൽ ബൗണ്ടറിയിലൂടെ സെഞ്ചറി തികയ്ക്കാൻ ശ്രമിച്ച ബ്രൂക്കിനെ ലോങ് ലെഗിൽ ഷാർദൂൽ ഠാക്കൂർ പിടികൂടി. സ്പെഷലിസ്റ്റ് ബാറ്റർമാരെല്ലാം വീണതോടെ ഇംഗ്ലണ്ടിനെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ തച്ചുടച്ചത് വാലറ്റക്കാരുടെ പോരാട്ടമാണ്. ക്രിസ് വോക്സും (38) ബ്രൈഡൻ കാർസും (22) ചേർന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 44 പന്തുകളിൽ 55 റൺസ് നേടിയതോടെ മികച്ച ലീഡെന്ന ഇന്ത്യൻ സ്വപ്നങ്ങൾ പൊലിഞ്ഞു.
തന്റെ അടുത്തടുത്ത ഓവറുകളിൽ വോക്സിനെയും ജോഷ് ടങ്ങിനെയും (11) ബോൾഡാക്കിയ ബുമ്രയാണ് ഇംഗ്ലണ്ടിനെ ‘ഫിനിഷ്’ ചെയ്തത്. 20 ഓവറിൽ 128 റൺസ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണ ബോളിങ്ങിൽ നിരാശപ്പെടുത്തി. ഇന്നിങ്സിൽ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ട 5 ക്യാച്ചുകളിൽ നാലും ബുമ്രയുടെ പന്തുകളിലായിരുന്നു. അതിൽ 3 ക്യാച്ചുകൾ ചോർന്നത് ജയ്സ്വാളിന്റെ കൈകളിലൂടെയുമാണ്. ന്യൂബോൾ എടുത്തശേഷം ബുമ്രയ്ക്ക് കൂടുതൽ ഓവറുകൾ നൽകാത്തത് ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് നീളാൻ കാരണമായി.
5 വിക്കറ്റ്: ബുമ്ര കപിലിനൊപ്പം
ടെസ്റ്റിൽ വിദേശത്ത് കൂടുതൽ തവണ 5 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളർമാരിൽ ജസ്പ്രീത് ബുമ്ര, കപിൽദേവിന്റെ (12) റെക്കോർഡിന് ഒപ്പമെത്തി. ബുമ്രയുടെ കരിയറിലെ 14–ാമത്തേതും വിദേശത്തെ 12–ാമത്തെയും 5 വിക്കറ്റ് നേട്ടമായിരുന്നു ഇത്. കപിൽദേവ് 108 ടെസ്റ്റ് ഇന്നിങ്സുകളിൽനിന്നാണ് പന്ത്രണ്ട് 5 വിക്കറ്റ് നേട്ടം കൈവരിച്ചതെങ്കിൽ ബുമ്രയ്ക്കു വേണ്ടിവന്നത് 64 ഇന്നിങ്സുകൾ മാത്രം.
English Summary:








English (US) ·